
അമിത വിലയ്ക്ക് മരുന്നുവാങ്ങുന്നത് മന്ത്രി മുരളീധരൻ തടഞ്ഞു
തിരുവനന്തപുരം: പരമാവധി 772 കോടി രൂപയ്ക്ക് ലഭിക്കുമായിരുന്ന മരുന്നുകൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കഴിഞ്ഞ വർഷം വാങ്ങിയത് 962 കോടി രൂപയ്ക്ക്. 190 കോടി രൂപ കെ.എം.എസ്.സി.എൽ അധികമായി നൽകി.
ഇതേ കമ്പനികൾ ഇതേ മരുന്നുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻഹൗസ് ഡ്രഗ് ബാങ്കിന് (ഐ.എച്ച്.ഡി.ബി) നൽകുന്ന വിലയുമായി താരതമ്യം ചെയ്തപ്പോഴാണ് വ്യത്യാസം തിരിച്ചറിഞ്ഞത്. ആരാേഗ്യ വകുപ്പ് ഇക്കാര്യം മന്ത്രി കെ.മുരളീധരന് റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കാേളേജിലെ ഒരു സ്ഥാപനത്തിന് കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭിക്കുമ്പോൾ, അതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കെ.എം.എസ്.സി.എൽ വാങ്ങണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി. ഇപ്പോൾ വാങ്ങുന്നതിൽ നിന്ന് 20 മുതൽ 25 % വരെ വിലകുറച്ച് മരുന്നു വാങ്ങാൻ കഴിയും.
നിർദ്ദേശം നടപ്പിലായാൽ വിലക്കുറവിൽ നല്ല ബ്രാൻഡുകളുടെ മികച്ച ഔഷധം സാധാരണക്കാർക്ക് ലഭ്യമാവും. കെ.എം.എസ്.സി.എൽ വാങ്ങുന്ന ചിലമരുന്നുകൾ 'ചാത്തൻ" കമ്പനികളുടേതാണെന്ന ആക്ഷേപം വളരെക്കാലമായി ഉയരുന്നുണ്ട്.
ഇടനിലക്കാർ വഴി കമ്മിഷൻ എത്തേണ്ടിടത്ത് എത്തിക്കാൻ വേണ്ടിയാണ് ഇത്രയും കൂടിയ വിലയ്ക്ക് മരുന്നു വാങ്ങുന്നതെന്ന് ആരോഗ്യവകുപ്പിന് സൂചന ലഭിച്ചിരുന്നു. ബിൽ തുകയുടെ 10% മുതൽ കമ്മിഷനായി പോകുന്നുവെന്നാണ് വിവരം.
ഉദ്യോഗസ്ഥതലത്തിലെ ചിലരുടെ എതിർപ്പ് മറികടന്നാണ് മന്ത്രിയുടെ നീക്കം.
വില വ്യത്യാസം 82% വരെ
ടിജിസൈക്ക്ലിൻ എന്ന ആന്റിബയോട്ടിക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങുന്നത് 1008 രൂപയ്ക്കാണ്. ഇതേ മരുന്ന് 179.39 രൂപയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻഹൗസ് ഡ്രഗ് ബാങ്ക് വാങ്ങുന്നു. വ്യത്യാസം 828.61രൂപ. 82% അധികമാണ് കെ.എം.എസ്.സി.എൽ നൽകുന്നത്.
വില വ്യത്യാസം
(തുക രൂപയിൽ)
മരുന്ന്പേര്.................................... KMSCL.......................IHDB.............വ്യത്യാസം
ഇൻസുലിൽ ഇൻജക്ഷൻ...........96.82............................75.60..................21.22
ഇമ്മ്യൂണോഗ്ലോബുലിൻ...............7717.52........................6500.00..............1217.5
ലിപ്പോസോമൽ ആംഫോട്ടെറിസിൻ ബി 50എം.ജി..............1088.84.......................844.00.................244.84
എച്ച്.എം.ജി 75എം.ജി......................997.50.......................311.28.................686.22
കാൽസ്യം അസറ്റേറ്റ്...........................3.02...........................1.64.....................1.38
ടാക്രോലിമസ് 0.1%..........................161.28......................155.00......................6.28
ആൽബുമിൻ 20% 50എം.എൽ...4252.50....................3500.00..................752.5
ഫോർമെറ്ററോൾ+ ബ്യൂഡിസോണൈഡ് 200MCG......211.36.......................181.11..................30.25
ലാക്കോസാമൈഡ്
100എം.ജി ടാബ്....................................5.14...........................4.50.....................0.64
കഫീൻ 20.സൊല്യൂഷൻ...............377.51.......................355.00....................22.51
ഡൈസോഡിയം
ഹൈഡ്രജൻ സിട്രേറ്റ്100................. 19.67.........................18.24.....................1.43
ജനങ്ങൾക്ക് നിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള സമഗ്രമായ പൊളിച്ചെഴുത്താണ് കെ.എം.എസ്.സി.എല്ലിൽ നടക്കുന്നത്. അതിന്റെ മാറ്റം വരും നാളുകളിൽ പ്രകടമാകും.
- കെ.മുരളീധരൻ, ആരോഗ്യ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |