
ആലപ്പുഴ: 70ഓളം രാജ്യങ്ങൾ കറങ്ങിയ ഖത്തറുകാരൻ ഇബ്രാഹിം അൽ ഹെയ്ദൂസിന് കേരളത്തിൽ 'നല്ല പേരാണ്". യാത്ര ഹരമായ ഇദ്ദേഹത്തിന് ദൈവത്തിന്റെ സ്വന്തം നാടാണ് വീക്ക്നെസ്. തുടർച്ചയായി വരുന്നതിനാൽ മലയാളി സുഹൃത്തുക്കളും നിരവധി. വലിയ പേരുവിളിച്ച് മെനക്കെടാൻ വയ്യാത്ത മലയാളി സുഹൃത്തുക്കൾ നാവിനിണങ്ങുന്ന പേരുകളും നൽകി. 'ഖത്തറി മല്ലു" എന്നാണ് ഇബ്രാഹിമിനെ മലയാളി സുഹൃത്തുക്കൾ വിളിക്കുന്നത്. വിരാട് കോഹ്‌ലിയുമായുള്ള മുഖസാദൃശ്യം കാരണം ഖത്തറി കോഹ്‌ലിയെന്ന പേരും വീണു.
2009ൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായാണ് ഇബ്രാഹിം ആദ്യമായി കേരളത്തിലെത്തിയത്. കൊല്ലത്തെ ചടങ്ങിൽ പങ്കെടുത്ത് പിറ്റേന്നുതന്നെ മടങ്ങേണ്ടി വന്നെങ്കിലും ഇവിടെ കണ്ട കാഴ്ചകൾ മനസിൽ സൂക്ഷിച്ചു. 14 വർഷങ്ങൾക്കിപ്പുറം 2023ൽ ഒറ്റയ്ക്ക് കേരളം കാണാനെത്തി. കൊച്ചി, മൂന്നാർ, ആലപ്പുഴ, തേക്കടി, മറയൂർ എന്നിവിടങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ ജൂലായിൽ അഞ്ചാം കേരളയാത്ര കഴിഞ്ഞുമടങ്ങിയ ഇബ്രാഹിമിന് ഇനി കാണേണ്ടത് പാലക്കാടും തിരുവനന്തപുരവും കാസർകോടുമാണ്.
ഓൺലൈനിൽ കാണുന്ന കേരളമല്ല യഥാർത്ഥ കേരളം എന്നാണ് ഇബ്രാഹിമിന്റെ അഭിപ്രായം. ഖത്തറിൽ ബിസിനസ് ചെയ്യുന്ന ഇബ്രാഹിം അൽ ഹെയ്ദൂസിന് ഭാര്യയും നാല് മക്കളുമുണ്ട്.
വെണ്ണിലാ ചന്ദനക്കിണ്ണം ഇഷ്ടഗാനം
യാത്രകൾക്കിടെ പൊടിക്ക് മലയാളവും ഇബ്രാഹിം അൽ ഹെയ്ദൂസ് പഠിച്ചു. സുഖമാണോ?എന്ന വാക്കിൽ തുടങ്ങിയ പഠനം ഇന്ന് സംഭാഷണത്തിൽ എത്തിനിൽക്കുന്നു. കോഴിക്കോട് മുക്കം സ്വദേശി ഷാനുവിൽ നിന്നാണ് പഠനത്തിന്റെ തുടക്കം. മലയാള സിനിമകളും പാട്ടുകളും സുഹൃത്തുക്കളുമെല്ലാം അദ്ധ്യാപകരായി. വെണ്ണിലാ ചന്ദനക്കിണ്ണം, ആയിരം കണ്ണുമായ്, അനുരാഗ വിലോചനനായി തുടങ്ങിയ പാട്ടുകളും തുടരും, വാഴ- 2, ലോക തുടങ്ങിയ സിനിമകളും ഈ ഖത്തറുകാരന്റെ ഇഷ്ട പട്ടികയിലുണ്ട്. പുട്ടും കടലയും ദം ബിരിയാണി, ബീഫും പൊറോട്ടയും വടയും മസാല ദോശയുമാണ് പ്രിയപ്പെട്ട വിഭവങ്ങൾ. നാരങ്ങ, മുന്തിരി അച്ചാറ് എന്നിവയോട് പ്രത്യേകയിഷ്ടം.
കേരളത്തിൽ കാണാൻ ഇനിയും സ്ഥലങ്ങളുണ്ട്, കേൾക്കാൻ പാട്ടുകളുണ്ട്, രുചിക്കാൻ വിഭവങ്ങളുണ്ട്. ഏറ്റവും പ്രധാനമായി, പരിചയപ്പെടാൻ ഇനിയും മനുഷ്യരുണ്ട്. ഇവിടം എനിക്ക് അത്ര പ്രിയപ്പെട്ടതാണ്.
-ഇബ്രാഹിം അൽ ഹെയ്ദൂസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |