
തിരുവനന്തപുരം: ഇനി സൗജന്യമില്ല,സ്കൂളുകളടക്കം സംസ്ഥാനത്തെ 30,897 സർക്കാർ സ്ഥാപനങ്ങളോട് ഇന്റർനെറ്റ് സേവനത്തിന് പണം ചോദിച്ച് കെ.ഫോൺ. ഇതോടെ സംസ്ഥാനത്തെ ആറായിരത്തോളം സ്മാർട്ട് സ്കൂളുകൾ പ്രതിസന്ധിയിലായി.
സ്കൂളുകൾക്കുള്ള കെ.ഫോൺ ബിൽതുക തദ്ദേശസ്ഥാപനങ്ങൾ അടക്കട്ടെ എന്നാണ് സർക്കാർ നിലപാട്. തദ്ദേശസ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ്.ഈ ഭാരം കൂടി താങ്ങാനാവില്ലെന്നാണ് അവരുടെ നിലപാട്. ഇതോടെ സ്കൂളുകളുടെ സ്മാർട്ട് പരിപാടികൾ നിറുത്തേണ്ടിവരും.
കെ ഫോണിൽ നിന്നുള്ള ഇ-മെയിൽ സന്ദേശം പൊതുവിദ്യാഭ്യാസവകുപ്പ് സ്‌കൂളുകളിലേക്ക് കൈമാറി. സ്‌കൂളുകൾ ഇതോടെ ഒന്നുകിൽ ബില്ലടച്ച് കെ.ഫോൺ തുടരുകയോ മറ്റ് സർവീസ് പ്രൊവൈഡർമാരെ സമീപിക്കുകയോ ചെയ്യണമെന്ന നിർദ്ദേശത്തോടെയാണ് ഇത് കൈമാറിയത്.
2023 മുതലാണ് സ്കൂളുകൾക്ക് കെ.ഫോൺ ഇന്റർനെറ്റ് സേവനം നൽകിതുടങ്ങിയത്. ഇതുവരെ ഒരുരൂപപോലും ഈടാക്കിയിട്ടില്ല. ഇത്തവണ ബഡ്ജറ്റ് വിഹിതം കുറച്ചതോടെ നിലനിൽക്കണമെങ്കിൽ കെ.ഫോൺ സ്വന്തമായി വരുമാനം കണ്ടെത്തേണ്ട അവസ്ഥയിലെത്തി.ഇതേ തുടർന്നാണ് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ബിൽ അടക്കണമെന്നും അല്ലെങ്കിൽ സേവനം നിറുത്തേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയത്.
2009ലാണ് സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലും ഹയർസെക്കൻഡറി സ്‌കൂളുകളിലും ഇന്റർനെറ്റ് സംവിധാനം വരുന്നത്. 2016ൽ അത് പ്രൈമറി സ്‌കൂളുകളിലേക്ക് കൂടിഎത്തി.അന്ന് സ്കൂളുകൾക്ക് ഇന്റർനെറ്റ് നൽകിയിരുന്ന ബി.എസ്.എൻ.എല്ലിന് സർക്കാർ സഹായത്തോടെ കൃത്യമായി ബില്ലടച്ചിരുന്നു.കെ.ഫോണിലേക്ക് കണക്ഷൻ മാറ്റിയതോടെയാണ് ഇത് സൗജന്യമെന്ന നിലയിലായത്.
സ്‌കൂളുകളുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ പൂർണമായും ഇന്റർനെറ്റ് സംവിധാനത്തെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ബില്ലടയ്ക്കൽ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യമാണുയരുന്നത്.
പഠനം മുതൽ ഭരണം വരെ
#ഡിജിറ്റൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, സമഗ്ര,സാംഖ്യ,സ്പാർക്ക്, ഇ-ഓഫീസ്, വിദ്യാർത്ഥി പ്രവേശനം, പരീക്ഷാനടപടികൾ,വിവിധ സർക്കാർ പോർട്ടലുകളിലെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യൽ തുടങ്ങി പഠനപരവും ഭരണപരവുമായ പ്രവർത്തനങ്ങൾ സ്കൂളുകളിൽനടത്തുന്നത് കെ.ഫോൺ ഇന്റർനെറ്റ് ഉപയോഗിച്ചാണ്.
# നിലവിൽ സ്‌കൂളുകളുടെ ആവശ്യങ്ങൾക്കായി അദ്ധ്യാപകർ സ്വന്തംകൈയിൽനിന്ന് ഗണ്യമായ തുക ചെലവഴിക്കുന്നുണ്ട്. പഠനസാമഗ്രികൾ,ഓഫീസ് ആവശ്യങ്ങൾ,ചെറുകിടഅറ്റകുറ്റപ്പണി,വിവിധ സർക്കാർപദ്ധതികളുടെ നടത്തിപ്പ് എന്നിവയ്ക്കായി പലപ്പോഴും അദ്ധ്യാപകർ വ്യക്തിപരമായി പണം മുടക്കേണ്ടിവരുന്നു.
ഇതിനുപുറമെ, കെ.ഫോൺ കണക്ഷൻ പുതുക്കലിന്റെയും ബിൽ അടയ്ക്കുന്നതിന്റെയും ബാധ്യതകൂടി ഏറ്റെടുക്കാനാവില്ലെന്നാണ് അവർപറയുന്നത്.
# വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഡിജിറ്റൽ പഠനപ്രവർത്തനങ്ങൾ തടസ്സപ്പെടുന്നത് കണക്കിലെടുത്ത് ആവശ്യമായ സമയപരിധി അനുവദിക്കുമെന്നാണ് കെ.ഫോൺ പറയുന്നത്.പക്ഷെ ഇതുസംബന്ധിച്ച് ഔദ്യോഗികതലത്തിൽ നടപടികൾ തുടങ്ങിയിട്ടില്ലെന്നതാണ് സ്കൂളുകളുടെ വെല്ലുവിളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |