കൊച്ചി: പഴയ ഫ്രിഡ്ജിന് എന്ത് വില വരും. ആയിരമോ, രണ്ടായിരമോ ? പക്ഷേ, ഇടുക്കി ചുരുളി സ്വദേശി ഷാജി സെബാസ്റ്റ്യന് (55) ഇത് സാധനങ്ങൾ ഉണക്കാനുള്ള ഡ്രയറാണ്. പെരുമഴക്കാലത്ത് സ്വന്തം കൃഷിയിടത്തിലെ ജാതിപത്രി ഉണക്കാൻ ആരംഭിച്ച പരീക്ഷണം ഹിറ്റായി. 7,500 രൂപയുടെ ജാതിപത്രി ഡ്രയറിനും 11,500 രൂപയുടെ ഇറച്ചിയും മീനും പഴങ്ങളും മറ്റും ഉണക്കാവുന്ന ഡ്രയറിനും ഇപ്പോൾ കാസർകോട് നിന്ന് മുതൽ തിരുവനന്തപുരത്ത് നിന്നു വരെ ആവശ്യക്കാരുണ്ട്. ഇലക്ട്രീഷ്യൻ ജോലി ഉപേക്ഷിച്ച ഷാജി ഇതിനകം 300ലധികം ഫ്രിഡ്ജ് ഡ്രയർ വിറ്റു. സ്വന്തമായി വർക് ഷോപ്പായി. വിപണിയിലെ ഡ്രയറുകളേക്കാൾ വിലക്കുറവുള്ളതാണ് ഹിറ്റാകാൻ കാരണം.
ഏറെക്കാലം ബഹ്‌റൈനിൽ ഇലക്ട്രീഷ്യനായിരുന്നു. തിരിച്ചെത്തി നാട്ടിൽ ഇലക്ട്രിക് ഷോപ്പിട്ടെങ്കിലും മെച്ചമുണ്ടായില്ല. വീണ്ടും ഇലക്ട്രീഷ്യൻ ജോലിയിലേക്ക് തിരിഞ്ഞു. കൂടെ ജോലി ചെയ്ത നാട്ടുകാരനായ ബിനോജാണ് ചൂടാക്കാനുള്ള ആശയം പറയുന്നത്. പഴയ ഫ്രിഡ്‌ജെത്തിച്ചാൽ വില കുറച്ചുകൊടുക്കും. ഒരു വർഷം വാറന്റിയും നൽകും. നാട്ടുകാരനായ നന്ദു രാജനാണ് സഹായി. നിർമ്മാണത്തിന് ഒരു ദിവസം വേണം. ഷൈനിയാണ് ഭാര്യ. മക്കൾ: മാഗി, ജിത്തു.
തണുപ്പിൽ നിന്ന് ചൂടിലേക്ക്
എക്സ്‌ചേഞ്ചിലൂടെ ഷോറൂമുകളിലെത്തുന്ന ഫ്രിഡ്ജ് വാങ്ങി കൂളിംഗിനുള്ള കംപ്രസറും മറ്റും നീക്കും. പകരം ഉൾഭാഗം ചൂടാക്കാനുള്ള ബൾബും ഫാനും ട്രേ വയ്ക്കാനുള്ള സംവിധാനവും ഒരുക്കും. ഈർപ്പം പുറന്തള്ളാൻ ബ്ലോവർ വയ്‌ക്കും. ഫ്രിഡ്ജിന്റെ ബോഡിയിലെ തെർമോക്കോൾ തണുപ്പും ചൂടും നിലനിറുത്തും. മറ്റ് സംവിധനങ്ങളിൽ ഡ്രയർ 24 മണിക്കൂറും ചൂടാക്കണം. പക്ഷേ, ഫ്രിഡ്ജിൽ ചൂട് പെട്ടെന്ന് നഷ്ടപ്പെടില്ല. അതിനാൽ മണിക്കൂറിൽ ഒരു രൂപ മാത്രമേ കറന്റ് ചാർജ് വരൂ.
'ഉപയോഗശൂന്യമെങ്കിലും തകരാറില്ലാത്ത, ഡോറുള്ള ഫ്രിഡ്‌ജേ ഡ്രയറാക്കാനാകൂ. നൂറിലധികം ഓർഡറുണ്ട്. പഴയ ഫ്രിഡ്‌ജിന്റെ ലഭ്യതക്കുറവാണ് പ്രതിസന്ധി".
- സെബാസ്റ്റ്യൻ ഷാജി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |