
തിരുവനന്തപുരം: ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ മീന്‍ ലഭ്യത നന്നേ കുറവാണ്. അതുകൊണ്ട് തന്നെ നല്ല മത്സ്യം കിട്ടാന്‍ ഉയര്‍ന്ന വിലയും നല്‍കണം. എന്നാല്‍ മലയാളികളുടെ മീന്‍ പ്രേമം മുതലെടുക്കുകയാണ് പഴകിയ മത്സ്യം രാസമരുന്ന് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് പിടയ്ക്കുന്ന മീനെന്ന ലേബലില്‍ വിറ്റഴിച്ചുകൊണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് പഴകിയ മീനെന്ന് അറിയാതെ വാങ്ങിക്കഴിച്ചവര്‍ക്കുണ്ടായത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാട്, ഉഴമലയ്ക്കല്‍, പറണ്ടോട്, കുറ്റിച്ചല്‍ മേഖലകളില്‍ നൂറ് കണക്കിന് ആളുകളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
പല സ്ഥലങ്ങളിലും മീന്‍ കഴിച്ച വളര്‍ത്ത് മൃഗങ്ങള്‍ക്ക് ജീവഹാനി വരെ സംഭവിച്ചു. വിവിധ മേഖലകളില്‍ നിന്നായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നൂറ് കണക്കിന് ആളുകളാണ് ചികിത്സ തേടിയത്. ആര്യനാട്, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. വഴിയോര കച്ചവടം, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം വരും ദിവസങ്ങളില്‍ ലഭിക്കും.
ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ മീന്‍ ലഭ്യത കുറവാണ്. കിട്ടുന്ന മത്സ്യത്തിന് ഒപ്പം പഴകിയതും ചേര്‍ത്താണ് പലയിടങ്ങളിലും വില്‍പ്പന. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് ഉള്‍പ്പെടെ പഴകിയ മത്സ്യം കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇവ തടയാന്‍ ആരോഗ്യ വിഭാഗത്തിന്റെയോ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയോ പരിശോധനകള്‍ കാര്യക്ഷമമല്ലെന്ന ആരോപണവും സജീവമാണ്. ഇറക്കുമതി ചെയ്യുന്ന മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോയെന്നു വിതരണക്കാരനു പോലും തിരിച്ചറിയാനാകില്ല.
മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നതില്‍ പ്രധാനമാണ് അമോണിയവും ഫോര്‍മലിനും. സോഡിയം ബെന്‍സോയേറ്റ് പ്രിസര്‍വേറ്റീവായി ഉപയോഗിക്കുമെങ്കിലും ജില്ലയില്‍ ഇതിന്റെ ഉപയോഗം വളരെ കുറവാണ്. രാസവസ്തുക്കളടങ്ങിയ മത്സ്യം കഴിക്കുന്നത് അള്‍സര്‍, കാന്‍സര്‍ തുടങ്ങിയവയ്ക്കു കാരണമാകും. ആന്തരികാവയവങ്ങളെയും ബാധിക്കും. ഛര്‍ദി, വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയവയ്ക്കും രാസവസ്തുക്കളടങ്ങിയ ഭക്ഷണം കാരണമാകും. കുട്ടികളെയാണു കൂടുതല്‍ ബാധിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |