ആലുവ: കുഞ്ഞു മിഹോക്കിനും മിഖായേലിനും അമ്മ ബോബിനയുടെ ശബ്ദം ഇപ്പോൾ കേൾക്കാം. അച്ഛൻ സോനു പേരെടുത്തു വിളിക്കുമ്പോൾ അവർ മറുപടിയായി ശബ്ദമുണ്ടാക്കും. ഇടുക്കി, വണ്ടിപ്പെരിയാർ സ്വദേശികളായ സോനുവിനും-ബോബിനയ്ക്കും അത് കേൾക്കുമ്പോൾ ഉള്ളു നിറയും. കണ്ണ് ഈറനണിയും. “മമ്മൂക്ക മക്കൾക്ക് നൽകിയ കേൾവിയാണ് ഇതുവരെ ലഭിച്ചതിൽ വലിയ ഓണസമ്മാനം!”
മൂന്നു വയസുകാരൻ മിഹോക്കിനെ കസവ് മുണ്ട് ഉടുപ്പിക്കുന്നതിനിടെ ബോബിന പറഞ്ഞു. ഈ മുണ്ടും മമ്മൂട്ടിയുടെ ഓണ സമ്മാനമാണ്. ഇരുവർക്കും കസവ് മുണ്ടും മാവേലിയുടെ ചിത്രമുള്ള ഷർട്ടും, ഒപ്പമൊരു റേഡിയോയുമാണ് സമ്മാനമായി നൽകിയത്. 'കാതോട് കാതോരം" എന്ന പദ്ധതിയിൽ ആലുവ രാജഗിരി ആശുപത്രിയും മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്.
രണ്ടര വർഷം മുമ്പ് മൂത്ത മകൻ മിഖായേലിന് രണ്ട് വയസുള്ളപ്പോഴാണ് കേൾവി തകരാർ തിരിച്ചറിയുന്നത്. കോക്ലിയയിലെ കോശങ്ങൾക്കായിരുന്നു തകരാർ. മിഹോക്കിനും സമാന ലക്ഷണമുണ്ടായി. ചെറുപ്പത്തിലേ ശസ്ത്രക്രിയ ചെയ്യുന്നതാണ് ഫലപ്രദമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. പക്ഷേ ദിവസ വേതനക്കാരനായ സോനുവിന് എങ്ങനെ ഒപ്പിക്കാനാകും 25 ലക്ഷം. അതിനിടെയാണ് ഈ പദ്ധതിയെക്കുറിച്ച് അറിഞ്ഞ് കെയർ ആൻഡ് ഷെയറിന് അപേക്ഷ നൽകുന്നത്. രാജഗിരി ആശുപത്രിയാണ് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ചെയ്തത്. ഇരുവരും ആശുപത്രിയിൽ ഓഡിറ്ററി വെർബൽ തെറാപ്പി പരിശീലനത്തിലാണ്. സംസാരിക്കാനുള്ള പരിശീലനമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |