
ആലപ്പുഴ: കനത്ത ചൂടിനെത്തുടർന്ന് പാമ്പുകൾ മാളം വിട്ടിറങ്ങിയത് ഭീഷണിയാകുന്നു. ചൂടിൽ മാളങ്ങളിൽ തുടരാൻ കഴിയാതെ തണലും ഇരയും തേടി ജനവാസമേഖലകളിലേക്ക് പാമ്പുകൾ എത്തുന്നുണ്ട്.. മൂർഖനെയാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.
ജില്ലയിൽ 2024 നവംബർ മുതൽ 2025 നവംബർ വരെ 509 വിഷ പാമ്പുകളും 684 വിഷമില്ലാത്ത പാമ്പുകളെയുമാണ് പിടികൂടിയത്. എന്നാൽ ഇപ്പോൾ കഴിഞ്ഞ വർഷത്തേതിലുമധികം പാമ്പുകൾ ജനവാസ മേഖലയിൽ വരുന്നുണ്ട്.
പാമ്പുകളെ വീടുകളിലും പരിസരങ്ങളിലും കണ്ടെത്തുന്നതോടെ വനംവകുപ്പിന്റെ 'സർപ്പ' സംവിധാനത്തിലൂടെ രക്ഷാപ്രവർത്തനങ്ങളും വർദ്ധിക്കുന്നുണ്ട്. വരും മാസങ്ങളിൽ പാമ്പുകളുടെ സാന്നിദ്ധ്യം കൂടാനിടയുള്ളതിനാൽ രക്ഷാപ്രവർത്തനങ്ങളും വർദ്ധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
ഇണയെ തേടിയുള്ള സഞ്ചാരത്തിനിടെ പാമ്പുകൾ മനുഷ്യരുടെ സാന്നിദ്ധ്യം ശ്രദ്ധിക്കാതെ അടുത്തെത്താം. സ്വയംരക്ഷയ്ക്കായി കടിക്കാനുള്ള സാദ്ധ്യതയുണ്ട്. വീടിനുള്ളിലും ഇരുണ്ട ഇടങ്ങളിലും പാമ്പിനെ അറിയാതെ ചവിട്ടുന്നതാണ് പ്രധാന അപകടസാദ്ധ്യത. രാത്രികാലങ്ങളിൽ പാമ്പുകളുടെ സഞ്ചാരം കൂടുതലായതിനാൽ പുറത്തിറങ്ങുമ്പോൾ പ്രത്യേക ജാഗ്രത വേണം. വീടിന്റെ പരിസരത്ത് മാലിന്യക്കൂമ്പാരങ്ങൾ, വിറക്, പഴയ സാധനങ്ങൾ എന്നിവ കൂട്ടിയിടുന്നത് ഒഴിവാക്കണം. ചെരിപ്പും ഷൂസും ധരിക്കുന്നതിന് മുമ്പ് പരിശോധിക്കണം. രാത്രി പുറത്തിറങ്ങുമ്പോൾ ടോർച്ച് ഉപയോഗിക്കുന്നതും സുരക്ഷിതമാണ്.
ചൂടിൽ മാളത്തിൽ കഴിയാനാകുന്നില്ല
കടിയേറ്റഭാഗം അനക്കാതെ സൂക്ഷിക്കുക
കടിച്ചപാമ്പ് ഏതാണെന്ന് കണ്ടെത്തിയാൽ നല്ലത്
എത്രയുംവേഗം ആശുപത്രിയിൽ എത്തിക്കണം
താലൂക്ക് ആശുപത്രികൾ മുതലുള്ള ആശുപത്രികളിൽ പ്രതിവിഷം ലഭിക്കും
ജില്ലയിൽ ലൈസൻസ് ലഭിച്ച റെസ്‌ക്യൂ പ്രവർത്തകർ
32
പൊതുജനങ്ങൾ പാമ്പിനെ പിടികൂടരുത്. പാമ്പിനെ കണ്ടാൽ സർപ്പയിൽ വിളിച്ച് അറിയിച്ചാൽ പരിശീലനം ലഭിച്ചവർ എത്തി പിടികൂടും
-സജി ജയമോഹൻ, ജില്ലാ ഫെസിലിറ്റേറ്റർ ,സർപ്പ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |