
തൃശൂര്‍: ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലെത്തുന്ന സാധനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളത് ഈന്തപ്പഴങ്ങള്‍ക്കാണ്. കാലാകാലങ്ങളായി ഈ പതിവ് തുടരുന്നുമുണ്ട്. മലയാളിക്ക് മറ്റൊരു വിദേശ പഴത്തോടുമില്ലാത്ത വൈകാരിക അടുപ്പം ഈന്തപ്പഴത്തിനോട് ഉണ്ട് എന്ന് പറഞ്ഞാല്‍ അത് ഒരിക്കലും തെറ്റല്ല. ഇന്ന് നമ്മുടെ നാട്ടില്‍ മുക്കിലും മൂലയിലും ഡ്രൈ ഫ്രൂട്ട്സ് ഷോപ്പുകള്‍ കാണാന്‍ കഴിയും. അവിടങ്ങളില്‍ നിരവധി സാധനങ്ങള്‍ വില്‍പ്പനയ്ക്കുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഈന്തപ്പഴത്തിന് തന്നെയാണ്.
ഇപ്പോഴിതാ ഇവ കേരളത്തിലും കായ്ക്കുകയാണ്. ഗള്‍ഫിലെ കാലാവസ്ഥയില്‍ കുലച്ച് വളരുന്ന ഈന്തപ്പഴം കേരളത്തില്‍ കായ്ക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. തൃശൂര്‍, കൊടകരയ്ക്കടുത്ത് ആളൂരില്‍ ഈന്തപ്പന കായ്ച്ച് നില്‍ക്കുന്നത് കാണാന്‍ ജനം ഒഴുകിയെത്തുകയാണ്. ആളൂരിലെ പെരേപ്പാടന്‍ ഷിജോയുടെ വീട്ട് മുറ്റത്താണ് ഈ അത്ഭുത കാഴ്ച. കൗതുകത്തിന് തൈ വാങ്ങുകയും അലങ്കാരത്തിനായി മാത്രം നട്ട് പിടിപ്പിക്കുകയും ചെയ്ത ഈന്തപ്പനകളിലൊന്നാണ് പഴങ്ങള്‍ വിളഞ്ഞ് നില്‍ക്കുന്നത്.
മഞ്ഞ കലര്‍ന്ന നിറത്തില്‍ കുലകളായാണ് ഈന്തപ്പന കായ്ച്ചത്. ആറ് വര്‍ഷം മുമ്പ് 8000 രൂപ വീതം വില കൊടുത്ത് മലപ്പുറത്ത് നിന്ന് വാങ്ങികൊണ്ടുവന്ന എട്ട് തൈകളാണ് ഷിജോ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയത്. മൂന്ന് അടിയോളം താഴ്ചയില്‍ കുഴിയെടുത്ത് അതില്‍ മണല്‍ വിരിച്ചും അതിന് മുകളില്‍ കരിയിലയും ചാണകവും മറ്റു വളങ്ങളും ചേര്‍ത്ത് അതിന് മുകളില്‍ വീണ്ടും മണല്‍ നിറച്ചാണ് ഈന്തപ്പന നട്ടുപിടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒരു പന കായ്ച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ രണ്ടെണ്ണം കൂടി കായ്ച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |