SignIn
Kerala Kaumudi Online
Thursday, 25 June 2026 2.42 PM IST

'കുതിരയെ നിയന്ത്രിക്കാൻ കഴിയുന്നവർക്ക് ഒരു ജില്ലയെയും നിയന്ത്രിക്കാം'; അന്താരാഷ്ട്ര ശ്രദ്ധ നേടി തുമ്പയിലെ 'ജി-ഫാം'

riyas

തിരുവനന്തപുരത്തെ തുമ്പ കടപ്പുറത്തോട് ചേർന്ന് വേറിട്ട ലോകം തീർക്കുകയാണ് കോട്ടയം സ്വദേശിയായ റിയാസ് എന്ന യുവാവ്. കുതിരസവാരി കായിക വിനോദം എന്നതിലുപരി മാനസികവും ശാരീരികവുമായ തെറാപ്പിയാണെന്ന് തെളിയിക്കുകയാണ് അദ്ദേഹത്തിെന്റെ പങ്കാളിത്തത്തോടെ നടത്തുന്ന ജിഫാം ഹോഴ്സ് റൈഡിംഗ് അക്കാദമി. പ്രകൃതിയെയും മൃഗങ്ങളെയും കൂട്ടുപിടിച്ച് പുതിയൊരു ജീവിതശൈലിക്ക് തുടക്കമിടുകയാണ് റിയാസ്. ജിഫാമിനെക്കുറിച്ചും അതിന്റെ പിന്നിലുള്ള ആശയങ്ങളെക്കുറിച്ചും റിയാസ് കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

ജിഫാമിന്റെ തുടക്കവും-ലക്ഷ്യവും

പ്രകൃതി, ആരോഗ്യം, സന്തോഷം എന്നതാണ് ജിഫാമിന്റെ ആശയം. ഇന്നത്തെ തലമുറയിലെ കുട്ടികളാകട്ടെ, 30ഉം 50ഉം വയസിനിടയിലുള്ള മുതിർന്നവരാകട്ടെ, പ്രകൃതിയോടും മൃഗങ്ങളോടും ഇടപഴകാനുള്ള അവസരങ്ങൾ വളരെ കുറവാണ്. ഇത് അവരിൽ കടുത്ത മാനസികശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ആവശ്യത്തിന് ശാരീരിക അധ്വാനമില്ലാത്തതിനാൽ പലരും മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്നു. മാനസികാരോഗ്യം വീണ്ടെടുക്കാൻ പ്രകൃതിയേക്കാളും മൃഗങ്ങളേക്കാളും മികച്ച മറ്റൊരു ഔഷധമില്ല. മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും പ്രകൃതിയോട് ചേർന്നുള്ള ജീവിതത്തിലൂടെയും പുതിയൊരു തലമുറയ്ക്ക് മാനസികവും ശാരീരികവുമായ ഉന്മേഷം പകരുക എന്നതാണ് ജിഫാമിന്റെ ലക്ഷ്യം.

g-farm

2020ൽ കൊവിഡ് കാലത്താണ് ഈ ആശയത്തിന്റെ തുടക്കം. 2010 മുതൽ ഞാൻ കുതിരസവാരി ചെയ്യുന്ന ആളാണ്. അടച്ചിട്ട മുറികളിലെ ജിം വർക്കൗട്ടുകളോട് എനിക്ക് താല്പര്യമില്ലായിരുന്നു. കൊവിഡ് സമയത്ത് വ്യക്തിപരമായ ആവശ്യത്തിനായി ചിറയിൻകീഴിൽ കുറച്ചു സ്ഥലം ലീസിനെടുത്ത് രണ്ട് കുതിരകളെ വാങ്ങി. പിന്നീട് സുഹൃത്തുക്കളും കുതിരകളെ വാങ്ങിയതോടെ അവിടെ ആറോ ഏഴോ കുതിരകളായി. അവിടേക്ക് നിരവധി ആളുകൾ വരാൻ തുടങ്ങി. ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും പ്രകൃതിയിൽ നിന്ന് അകന്നുപോവുകയാണെന്ന തിരിച്ചറിവാണ് ഇതൊരു വലിയ സംരംഭമാക്കാൻ പ്രേരിപ്പിച്ചത്. സൈക്കോളജി അദ്ധ്യാപകനായ ഡോ. ജോർജ് മാത്യു സാറാണ് ഞങ്ങളുടെ അഡ്വൈസർ. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇതൊരു 'തെറാപ്പി' കേന്ദ്രമായി മാറ്റിയത്. കടലിന്റെ സാന്നിദ്ധ്യം മനസിന് വലിയൊരു ഹീലിംഗ് നൽകുന്നതിനാലാണ് വിദേശികൾക്ക് കൂടി ആകർഷകമാകും വിധം ബീച്ചിനോട് ചേർന്ന് ഈ ഫാം ഒരുക്കിയത്.

ഹിപ്പോതെറാപ്പിയും ആനിമൽ അസിസ്റ്റഡ് തെറാപ്പിയും

'ഹിപ്പോതെറാപ്പി' എന്നാൽ കുതിരകളെ ഉപയോഗിച്ചുള്ള ചികിത്സാരീതിയാണ്. വിദേശരാജ്യങ്ങളിൽ ഇത് വളരെ ജനപ്രിയമാണെങ്കിലും ഇന്ത്യയിൽ ഇതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും സൗകര്യങ്ങളും കുറവാണ്. ഓട്ടിസം ബാധിച്ച കുട്ടികൾക്കും മാനസികമായി പ്രയാസം അനുഭവിക്കുന്നവർക്കും ഈ തെറാപ്പി ഏറെ ഫലപ്രദമാണ്. കുതിരസവാരി ചെയ്യുമ്പോൾ തലച്ചോറിൽ പുതിയ ന്യൂറോ കണക്ഷനുകൾ രൂപപ്പെടാൻ ഇത് സഹായിക്കും. അതുപോലെ എഡിഎച്ച്ഡി ഉള്ള കുട്ടികളിൽ ഏകാഗ്രത വർദ്ധിപ്പിക്കാനും കുതിരകളുമായുള്ള ആത്മബന്ധം സഹായിക്കും.

g-farm

ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച കുതിരകളെയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. സാധാരണ റൈഡിംഗ് സ്‌കൂളുകളിലെ കുതിരകളിൽ നിന്ന് വ്യത്യസ്തമായി, തെറാപ്പിക്ക് അനുയോജ്യമായ ശാന്തസ്വഭാവമുള്ള കുതിരകളെയാണ് ഇവിടെ കൊണ്ടുവന്നിട്ടുള്ളത്. ഇന്ന് ഓട്ടിസം ബാധിച്ച കുട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പാർശ്വഫലങ്ങളില്ലാത്ത മികച്ചൊരു ചികിത്സാരീതിയാണ് ഹിപ്പോതെറാപ്പി. ഹൈപ്പർ ആക്ടീവ് ആയ കുട്ടികൾ കുതിരസവാരി കഴിഞ്ഞ് പോകുമ്പോൾ അന്ന് നന്നായി ഉറങ്ങാറുണ്ടെന്നും അവരെ നിയന്ത്രിക്കാൻ എളുപ്പമാണെന്നും മാതാപിതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വീട്ടിൽ കുതിരയില്ലാത്ത സ്ഥിതിക്ക് എന്തിനാണ് കുതിരസവാരി

വിദേശരാജ്യങ്ങളിൽ ഭൂരിഭാഗം കുട്ടികളും സ്‌കൂൾ കാലഘട്ടത്തിൽ തന്നെ കുതിരസവാരി പഠിക്കാറുണ്ട്. ഇതൊരു വെറും സവാരിയല്ല, മറിച്ച് മികച്ചൊരു മോട്ടിവേഷണൽ ട്രെയിനിംഗാണ്. കുട്ടികളിൽ ശാരീരിക-മാനസിക ഏകോപനം ധൈര്യം, നേതൃത്വപാടവം എന്നിവ വളർത്താൻ ഇത് സഹായിക്കും. നമ്മുടെ മക്കൾ നല്ല ധൈര്യമുള്ള നേതാക്കളായി വളരണമെങ്കിൽ ഇത്തരം പരിശീലനങ്ങൾ ആവശ്യമാണ്.

മിലിട്ടറി, ഐഎഎസ്, ഐപിഎസ് പരിശീലനങ്ങളുടെ ഭാഗമായി കുതിരസവാരി നിർബന്ധമാക്കാറുണ്ട്. ഇതിൽ നിശ്ചിത മാർക്ക് ലഭിച്ചാലേ അവർക്ക് പ്രമോഷൻ പോലും ലഭിക്കൂ. 'ഒരു കുതിരയെ നിയന്ത്രിക്കാൻ കഴിയുന്നവന് ഒരു ജില്ലയെയും നിയന്ത്രിക്കാൻ കഴിയും' എന്നാണ് ഐഎഎസ് അക്കാദമിയിൽ പറയാറുള്ളത്. വിദേശങ്ങളിൽ സിഇഒമാർക്കായി 'ഹോഴ്സ് അസിസ്റ്റഡ് ലീഡർഷിപ്പ് ട്രെയിനിംഗ്' പ്രോഗ്രാമുകൾ തന്നെയുണ്ട്. ജർമ്മനിയിലെ പ്രമുഖ ട്രെയിനർ ഈ പദ്ധതി ഇന്ത്യയിലും നടപ്പാക്കാൻ ജിഫാമുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

g-farn

ബൈക്ക് ഓടിക്കുന്ന അത്രയും റിസ്‌ക് മാത്രം

ഇവിടെ വരുന്നവരെല്ലാം തുടക്കക്കാർ തന്നെയാണ്. നമ്മൾ വാഹനം ഓടിക്കാൻ പഠിക്കുന്നത് പോലെ തന്നെയാണ് ഇതും. ബൈക്കോ സൈക്കിളോ ഓടിക്കുമ്പോഴുള്ള അത്രയും റിസ്‌ക് മാത്രമേ കുതിരസവാരിക്കുമുള്ളൂ. ഇതൊരു സാഹസിക വിനോദമായതുകൊണ്ട് തന്നെ അത് നമ്മുടെ ധൈര്യം വർദ്ധിപ്പിക്കും. പഠിക്കുന്ന സമയത്ത് 99 ശതമാനം ആളുകളും വീഴാൻ സാദ്ധ്യതയില്ല. എന്നാൽ, കുറച്ചു ക്ലാസുകൾക്ക് ശേഷം സ്വന്തമായി വേഗത കൂട്ടാൻ ശ്രമിക്കുമ്പോഴാണ് വീഴാൻ നേരിയ സാദ്ധ്യതയുള്ളത്. അതിന് കൃത്യമായ സുരക്ഷാ മുൻകരുതലുകൾ ഞങ്ങൾ നൽകുന്നുണ്ട്.

g-farm

മൃഗങ്ങളോടുള്ള താല്പര്യം

എന്റെ സ്വന്തം നാട് കോട്ടയമാണ്. ചെറുപ്പം മുതൽ എന്റെ വീട്ടിൽ ആനയും പശുവും ആടും ഉൾപ്പെടെയുള്ള മൃഗങ്ങളുണ്ടായിരുന്നു. മൃഗങ്ങളുമായി അടുത്തിടപഴകുമ്പോൾ മനസിന് വലിയൊരു ആശ്വാസം ലഭിക്കുമെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. പണ്ടുകാലത്ത് എല്ലാ വീടുകളിലും വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നു.

g-farm

ഭാവി പദ്ധതികൾ

ഇതൊരു പാർട്ണർഷിപ്പ് സംരംഭമാണ്. ഫ്രാൻസിലുള്ള സാംസൺ സാമുവലാണ് ജി ഫാമിന്റെ മറ്റൊരു പങ്കാളി. വിദേശത്തുനിന്നുള്ള നിരവധി ടൈഅപ്പുകൾ ഇപ്പോൾ ഞങ്ങളെ തേടിവരുന്നുണ്ട്. കുതിരകളെ പരിപാലിക്കുന്നത് ചെലവേറിയ കാര്യമായതിനാൽ കുതിരസവാരി ക്ലാസുകളും അല്പം ചെലവേറിയതാണ്.

ജിഫാമിന്റെ ആദ്യ ഘട്ടമാണ് ഇപ്പോൾ നിങ്ങൾ കാണുന്നത്. അടുത്ത രണ്ട് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇതിനെ അഞ്ചാം ഘട്ടത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ ഒരു ട്രയൽ റൺ ആണ് നടക്കുന്നത്. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള 10 ദിവസത്തെ 'റീട്രീറ്റ്' പ്രോഗ്രാമുകൾ പ്ലാൻ ചെയ്യുന്നുണ്ട്. നവംബറിൽ ജർമ്മനിയിൽ നിന്നുള്ള ഒരു സംഘം 4 ദിവസത്തെ വർക്ക്‌ഷോപ്പിനായി ഞങ്ങളുടെ സ്‌പേസ് ആവശ്യപ്പെട്ടിട്ടുണ്ട്.

g-farm

കുതിരസവാരി തരുന്ന 'ഹാപ്പി ഹോർമോൺസ്'

നമ്മുടെ നാട്ടിലെ ആളുകളുടെ കാഴ്ചപ്പാടിൽ വലിയ മാറ്റം വരുന്നുണ്ട്. ഒരു ഉദാഹരണം പറയാം; മൂന്ന് മാസം മുമ്പ് കെ.എസ്.ആർ.ടി.സിയിലെ ഒരു സീനിയർ മാനേജർ ഇവിടെ വന്നിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ അമേരിക്കയിലാണ്. മാനസിക സമ്മർദ്ദം കൂടിയപ്പോൾ അമേരിക്കയിലെ സൈക്കോളജിസ്റ്റാണ് അദ്ദേഹത്തിന് കുതിരസവാരി നിർദ്ദേശിച്ചത്. ഇവിടെ വന്ന് 10 ദിവസത്തെ പരിശീലനം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വലിയ മാറ്റമുണ്ടായി. നാട്ടിലെ ആശുപത്രികളിൽ പോയാൽ സാധാരണ മരുന്നുകളാണ് നൽകാറുള്ളതെന്നും എന്നാൽ ഈ അനുഭവം തികച്ചും ഫലപ്രദവുമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കാതെ 'കുതിരപ്പുറത്ത് കയറിയാൽ എന്ത് കിട്ടാനാണ്' എന്ന് ചിന്തിക്കുന്നവരും നമുക്കിടയിലുണ്ട്.

g-farm

വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുള്ള നല്ല കൂട്ടായ്മയാണ് ജിഫാമിലൂടെ രൂപപ്പെടുന്നത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്ക് പിന്നീട് പശ്ചാത്താപം ഉണ്ടാകാറുണ്ട്. എന്നാൽ കുതിരസവാരി നൽകുന്ന ലഹരി ആരോഗ്യകരമാണ്. ഞങ്ങളുടെ പ്രോപ്പർട്ടിക്കുള്ളിൽ ലഹരിപദാർത്ഥങ്ങളോ മദ്യമോ അനുവദിക്കില്ല. അതുകൊണ്ടുതന്നെ, ആരോഗ്യം ആഗ്രഹിക്കുന്ന, നല്ല ചിന്താഗതിയുള്ള ഒരു മികച്ച കമ്മ്യൂണിറ്റിയാണ് ഇവിടെ രൂപപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G FARM, INTERVIEW, THUMBA, TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA