SignIn
Kerala Kaumudi Online
Thursday, 25 June 2026 10.22 PM IST

അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്ന മീന്‍ കഴിച്ചാല്‍ ഗുരുതര പ്രശ്‌നം; തിരിച്ചറിയേണ്ടത് പ്രധാന കാര്യം 

fish

ഇന്ത്യയില്‍ തന്നെ മീന്‍ വിഭവങ്ങളോടുള്ള പ്രിയത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ മീന്‍ വില്‍പ്പനയെന്നത് വലിയൊരു വിപണിയാണ്. കേരളത്തിലെ കച്ചവട സാദ്ധ്യത മനസ്സിലാക്കി അന്യസംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലേക്ക് മീന്‍ എത്തിക്കുന്നത് ഒരു പുതിയ കാര്യമല്ല. കേരളത്തില്‍ തന്നെ പിടിക്കുന്ന മീനിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ സംസ്ഥാനത്തിന് ആവശ്യമായത് കിട്ടണമെങ്കില്‍ അതിന് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നതിനെക്കൂടി ആശ്രയിക്കേണ്ടി വരും.

പ്രത്യേകിച്ച് കേരളത്തില്‍ ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരുമ്പോഴാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതലായും മീനുകള്‍ എത്തുന്നത്. എന്നാല്‍ ഇവ ഒരിക്കലും ഫ്രഷ് മത്സ്യമായിരിക്കില്ല. മാസങ്ങളുടെ പഴക്കമുണ്ടായിരിക്കും ഇവയ്ക്ക്. കേരളത്തിലെ ട്രോളിംഗ് നിരോധന കാലം മുന്നില്‍ക്കണ്ട് മാസങ്ങള്‍ക്ക് മുമ്പ് സൂക്ഷിക്കുന്ന ഇവയില്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

ഫോര്‍മാലിന്‍, അമോണിയ എന്നീ രാസവസ്തുക്കളാണ് മീനുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. അമോണിയ ഐസിലാണ് ചേര്‍ക്കുന്നത്. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുന്നതിനാണ് അമോണിയ ഉപയോഗിക്കുന്നത്. എന്നാല്‍ മീനുകളില്‍ വിഷാംശം ചേര്‍ന്നിട്ടുണ്ടോയെന്ന് ചില പരിശോധനകളിലൂടെ വീടുകളില്‍ തന്നെ കണ്ടെത്താന്‍ കഴിയും. മീനിന്റെ കണ്ണുകള്‍ നോക്കിയാല്‍ തന്നെ അവ ഫോര്‍മാലിന്‍ ചേര്‍ത്തതാണോ എന്ന് അറിയാന്‍ കഴിയും.

ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മീനുകളുടെ കണ്ണ് കുഴിഞ്ഞതും നീല നിറത്തിലുള്ളതുമായിരിക്കും. ഫോര്‍മാലിന്‍ ഉപയോഗിച്ചവയാണെങ്കില്‍ മീനുകളുടെ കണ്ണിന്റെ സ്വാഭാവികമായ തെളിമയും വൃത്താകൃതിയും നഷ്ടപ്പെട്ടിട്ടുണ്ടാകും. ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മീനിന് തീരെ ദൃഡതയുണ്ടാകില്ല. ഇവ തൊടുമ്പോള്‍ തന്നെ കുഴിഞ്ഞ് പോകുന്നതായി കാണാന്‍ കഴിയും. ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മീനിന് സ്വാഭാവികമായ ഗന്ധമുണ്ടാകില്ല. അതുപോലെ തന്നെ ചെകിളപ്പൂവിന്റെ നിറത്തിലും വ്യത്യാസമുണ്ടാകുകയും മീന്‍ മുറിക്കുമ്പോള്‍ രക്തത്തിന് നിറ വ്യത്യാസമുണ്ടായിരിക്കുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FISH, CHEMICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA