കണ്ണൂർ: പ്രൊഫഷണൽ ജോലിതേടി പോകാതെ കൃഷിയെ കൂട്ടുപിടിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കേരളത്തിൽ വർദ്ധിക്കുകയാണ്. ഇവരിൽതന്നെ വ്യത്യസ്തമായി ചിന്തിച്ച് വേറിട്ട കൃഷിയിലൂടെ പണം സമ്പാദിക്കുകയാണ് കണ്ണൂരുകാരനായ ഒരു 22കാരൻ. കേരളത്തിൽ വലിയ പ്രചാരത്തിലില്ലാത്ത കഴുത വളർത്തലാണ് യദുകൃഷ്ണൻ തിരഞ്ഞെടുത്തിരിക്കുന്നത്. കഴുതപ്പാലിൽ നിന്ന് ഗുണമേന്മയേറിയ സൗന്ദര്യവർദ്ധക സോപ്പുകൾ നിർമിക്കുന്ന കമ്പനി ഉടമയാണ് കണ്ണൂർ ചൊക്ളി ഒളവില സ്വദേശി യദു.
കൽപ്പറ്റ മുണ്ടേരി വിഎച്ച്‌എസ്‌എസിൽ നിന്ന് ലൈവ് സ്റ്റോക്ക് ആന്റ് ഡയറി ഫാം പഠിച്ചിറങ്ങിയതിനുശേഷമാണ് കഴുതവളർത്തൽ എന്ന ആശയം യദുവിന്റെ മനസിലുദിച്ചത്. മാതാപിതാക്കൾ കർഷകരായതിനാൽ ആ പാത തന്നെ യദു സ്വീകരിക്കുകായിരുന്നു. വീട്ടിൽ പശുവളർത്തലുണ്ട്. ഏത് പാലിനാണ് വിലകൂടുതലെന്നും ഡിമാന്റെന്നും യദു അന്വേഷിച്ചു. ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാനായി ഇന്റർനെറ്റിന്റെ സഹായം തേടി. തുടർന്നാണ് കഴുതപ്പാൽ എന്ന സംരംഭത്തിലെത്തിയത്. കർണാടകയിലെയും ആന്ധ്രയിലെയും കഴുതഫാമുകൾ സന്ദർശിച്ചും കൃഷിരീതികൾ പഠിച്ചു. തുടർന്ന് കർഷകനായ അച്ഛന്റെ സഹായത്തോടെ കഴുതകളെ വാങ്ങി.
രണ്ടുവർഷം മുൻപ് ഗ്രാമീൺ ബാങ്കിന്റെ സഹായത്തോടെ 'മിറാക്കിൾ ഡോങ്കീസ്' എന്ന പേരിൽ ഫാം ആരംഭിച്ചു. മലബാറിലെതന്നെ ആദ്യത്തെ കഴുത ഫാം ആണിത്. ഒരു ഡസൻ കഴുതകളെയാണ് ആദ്യം വാങ്ങിയത്. നിലവിൽ കറവയുള്ള രണ്ട് കഴുതകളാണ് ഫാമിലുള്ളത്. ആറായിരം രൂപയാണ് ഒരു ലിറ്റർ കഴുതപ്പാലിന് വില. യദുവിന്റെ ഫാമിൽ കഴുതപ്പാൽ വിൽക്കുന്നില്ല. പകരം പാൽകൊണ്ട് വിവിധതരം സൗന്ദര്യവർദ്ധക സോപ്പുകളാണ് നിർമിക്കുന്നത്. അലർജിക്കും മറ്റ് ചർമരോഗങ്ങൾക്കും ഏറെ ഫലപ്രദമാണെന്ന് മനസിലാക്കിയാണ് ഐഎസ്‌ഒ, ജിഎംപി സർട്ടിഫിക്കറ്റുകളോടെ യദു സോപ്പുനിർമാണവും വില്പനയും ആരംഭിച്ചത്.
ഓൺലൈനിലൂടെയാണ് ഏറെയും വിൽപന. മാസത്തിൽ കുറഞ്ഞത് 15 സോപ്പുകളെങ്കിലും വിറ്റുപോകാറുണ്ട്. മഞ്ഞൾ, തേൻ, തുളസി, വേപ്പില, കറ്റാർവാഴ, റോസ്‌മേരി എന്നിവകൊണ്ട് തയ്യാറാക്കിയ മൂന്നിനം സോപ്പുകളാണ് മിറാക്കിൾ ഡോങ്കീസ് വിൽക്കുന്നത്. 125 ഗ്രാമിന്റെ സോപ്പാണ് വിൽക്കുന്നത്. ഇതിൽ കൃത്രിമമായ നിറമോ രാസവസ്തുക്കളോ ചേർക്കുന്നില്ലെന്നും കഴുതപ്പാൽ കോൾഡ് പ്രൊസസ് ചെയ്താണ് സോപ്പ് നിർമിക്കുന്നതെന്നും യദു വ്യക്തമാക്കി. പയ്യന്നൂരിലെ ഉദയം സൂര്യഗാന്ധി പ്രോഡക്‌ട് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് സോപ്പുകൾ നിർമിക്കുന്നത്. ദിവസം മൂന്നുലക്ഷം സോപ്പുകൾ വരെ ഇവിടെ നിർമിക്കാൻ സാധിക്കുമെന്ന് യദു പറഞ്ഞു. ഒരു സോപ്പിന് 600 രൂപയാണ് വില. ഡിസ്‌കൗണ്ടോടെ 499 രൂപയ്ക്കാണ് മിറാക്കിൾ ഡോങ്കീസ് സോപ്പ് വിൽക്കുന്നത്. ബിസിനസ് പൂർണമായും ഒറ്റയ്ക്കാണ് ചെയ്യുന്നതെങ്കിലും അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് യദു പറഞ്ഞു.
നാടൻ കഴുതയ്ക്ക് 30,000 രൂപവരെയാണ് വില. ഹൈബ്രിഡിന് അഞ്ചുലക്ഷം രൂപവരെ വില വരും. ചോളത്തണ്ട്, ചോളം പൊടി, പച്ചപ്പുല്ല്, ഉണക്കപ്പുല്ല് എന്നിവയാണ് കഴുതയുടെ തീറ്റ. മുലപ്പാലിന് തുല്യമായ പോഷകഗുണങ്ങൾ കഴുതപ്പാലിലുണ്ടെന്നാണ് പറയപ്പെടുന്നത്. നാടൻ കഴുതയിൽ നിന്ന് ദിവസം 200 മില്ലിലിറ്റർവരെ പാല് ലഭിക്കുമ്പോൾ ഹൈബ്രിഡിൽ നിന്ന് രണ്ടുലിറ്റർവരെ ലഭിക്കും. എട്ടുമാസം വരെ പാൽ കറക്കാം. പാൽക്കട്ടി അഞ്ചുമാസം വരെ ഫ്രീസറിൽ കേടാകാതെ സൂക്ഷിക്കാം. വിദേശരാജ്യങ്ങളിൽ വിലകൂടിയ പല സൗന്ദര്യവർദ്ധക വസ്തുക്കളും നിർമിക്കാൻ കഴുതപ്പാൽ ഉപയോഗിക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |