
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഗവിയിലേക്ക് സർവീസ് നടത്തുന്ന ഓർഡിനറി ബസിൽ യാത്രികരുടെ തള്ളിക്കയറ്റം. രാവിലെ അഞ്ചരയ്ക്ക് പുറപ്പെടുന്ന 36 സീറ്റുള്ള ബസിൽ യാത്ര ചെയ്യുന്നത് 90ൽ അധികം പേരാണ്. പ്രിയദർശിനി സൗജന്യയാത്ര തരംഗമായതോടെ, എൺപത് ശതമാനവും സ്ത്രീകളാണ്. ഇതോടെ പതിവുയാത്രികർ, സീറ്റ് കിട്ടാതെ കമ്പിയിൽ തൂങ്ങേണ്ട ഗതികേടിലായി. ആറരയ്ക്ക് പുറപ്പെടുന്ന ബസിന്റെയും അവസ്ഥ വ്യത്യസ്തമല്ല. സ്ഥിരയാത്രക്കാരായ വിദ്യാർത്ഥികൾക്കും മൂഴിയാർ ഉന്നതികളിലെയും കെ.എഫ്.ഡി.സി യിലെയും തൊഴിലാളികൾക്കും കെ.എസ്.ഇ.ബി, ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും ഗവിയിലേക്കും പുറത്തേക്കും യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസാണ് ആശ്രയം.
അപകടമുനയിൽ സർവീസ്
1.വീതികുറഞ്ഞ വനപാതയിലൂടെ ആളുകളെ കുത്തിനിറച്ച് നാലുമണിക്കൂർ നീളുന്ന ഗവിയാത്ര അപകടകരമാകും.
2. മലവെള്ളം കുത്തിയൊലിച്ച് റോഡിന്റെ പലഭാഗങ്ങളും തകർന്നു കിടക്കുകയാണ്. വശങ്ങളിൽ അഗാധമായ കൊക്കയും റോഡിലേക്ക് ചാഞ്ഞ് മരക്കൊമ്പുകളുമുണ്ട്.
3. ആനയും കാട്ടുപോത്തും അപ്രതീക്ഷിതമായി റോഡുമുറിച്ചു കടക്കുന്ന റൂട്ടിൽ, ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടാൽ അപകടസാദ്ധ്യതയേറെ.
തിരക്ക് കാരണം മൂഴിയാർ, കൊച്ചുപമ്പ മേഖലകളിൽ പലപ്പോഴും ബസ് നിറുത്തുന്നില്ല. പ്രദേശവാസികളുടെ യാത്രയ്ക്ക് അധികൃതർ സൗകര്യമൊരുക്കണം.
ഗംഗമ്മ,ഗവി നിവാസി
കൂടുതൽ സർവീസ് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഓപ്പറേഷൻ വിഭാഗം എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇന്ന് റിപ്പോർട്ട് നൽകും.
പത്തനംതിട്ട ഡി.ടി.ഒ
പത്തനംതിട്ട - ഗവി ഓർഡിനറി
ദൂരം : 94 കിലോമീറ്റർ
ബസ് ചാർജ് : 152രൂപ
യാത്രാസമയം : നാല് മണിക്കൂർ
പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുന്ന
സമയം : രാവിലെ 5.30, 6.30, ഉച്ചയ്ക്ക് 12.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |