
കൊല്ലം: ദേശീയജലപാത വികസനത്തിൽ വർക്കല ശിവഗിരി ടണലിന്റെ നീളം കൂട്ടും. 500 മീറ്റർ ടണൽ കെട്ടാനാണ് ആലോചന. 10 മീറ്റർ വീതിയുണ്ടാകും. 79 കോടി രൂപയാണ് ചെലവ്. ഇവിടെ 1100 മീറ്റർ തുറസായ ജലപാത വികസിപ്പിക്കാൻ 19 കോടിയുടെ പദ്ധതി നിലവിലുണ്ട്. അതിനാൽ 60 കോടിയേ ടണൽ നിർമ്മാണത്തിന് വേണ്ടിവരൂ.
പുതുതായി രൂപപ്പെടുന്ന കര ഭൂമിയുടെ വില, ജലപാതയുടെ ഓരത്തുള്ള 30 കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് ഒഴിവാക്കൽ തുടങ്ങിയവയിലൂടെ 170 കോടിയുടെ നേട്ടവുമുണ്ടാകും. 750 മീറ്ററാണ് നിലവിലെ ടണിന്റെ നീളം.1880ലായിരുന്നു നിർമ്മാണം. രൂപരേഖ തയ്യാറാക്കാൻ ഉൾനാടൻ ജലഗതാഗത വകുപ്പ് ചീഫ് എൻജിനിയർക്ക് സർക്കാർ നിർദ്ദേശം നൽകി.
വർക്കല വള്ളക്കടവിൽ നിന്ന് തുടങ്ങി വർക്കല ജംഗ്ഷനടിയിലൂടെ ശിവഗിരിക്ക് സമീപമാണ് ടണൽ അവസാനിക്കുന്നത്. അതിന്റെ തുടർച്ചയായി ശിവഗിരിക്ക് മുന്നിലൂടെയാകും പുതിയ ടണൽ ഒരുക്കുക. ശിവഗിരിക്ക് താഴെയുള്ള റോഡിൽ നിന്ന് കരഭൂമിയടക്കം ജലപാതയുടെ മറുവശംവരെ 50 മീറ്റർ വീതിയുണ്ട്.
500 മീറ്റർ ടണൽ നീട്ടുമ്പോൾ, 25000 ചതുരശ്ര മീറ്റർ കര രൂപപ്പെടും. ഒന്നര കിലോമീറ്റർ അകലെയുള്ള നടയറ കായലിൽ നിന്ന് ടണലിലേക്ക് ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിക്കാം. പുതിയ കരഭൂമി വികസനങ്ങൾക്കും ശിവഗിരി തീർത്ഥാടന സമയത്ത് പാർക്കിംഗിനും വിനിയോഗിക്കാം.
കുടുംബങ്ങളെ ഒഴിപ്പിക്കേണ്ട
പുതുതായി ആറ് ഏക്കർ റവന്യു ഭൂമി ലഭിക്കും
30 കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് ഒഴിവാക്കാം
ശിവഗിരി റോഡിന്റെ ബലപ്പെടുത്തൽ ഒഴിവാക്കാം
ജലപാതയിൽ നിന്ന് ഡ്രഡ്ജ് ചെയ്ത മണ്ണുപയോഗിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |