
കൊച്ചി: ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിനരികിലെ ഫുട്പാത്തിൽ സൽമാന്റെ ടൈപ്പ് റൈറ്ററുകൾക്ക് മുന്നിൽ ഇരുന്ന് ടൈപ്പ് ചെയ്യാനും പോസ് ചെയ്യാനും കാത്തുനിൽക്കുന്നവരിൽ മലയാളികൾ മാത്രമല്ല, വിദേശ സഞ്ചാരികളുമുണ്ട്.
ടൈപ്പ് ചെയ്യാൻ അറിയാത്തവരെ സൽമാൻ പഠിപ്പിക്കും. പോസ്റ്റ്‌കാർഡിൽ സന്ദേശം ടൈപ്പ് ചെയ്ത് തെർമൽ ഫോട്ടോയും സ്വന്തമാക്കാം. ആറുമാസത്തിനിടെ 50,000ലേറെ പോസ്റ്റ്‌കാർഡുകൾ നൽകി. ഒരു പോസ്റ്റ്‌കാർഡിന് 100 രൂപയാണ് നിരക്ക്. മട്ടാഞ്ചേരിക്കാരൻ സൽമാൻ ഫാരിസിന്, ജർമ്മനിയിൽ കലാപഠനത്തിന് പണം കണ്ടെത്താനുള്ള വഴിയാണിത്.
ബിനാലെയിൽ കലാപരീക്ഷണമായി തുടങ്ങിയതാണ് ഈ ‘ടെലിപോർട്ട് ടൈപ്പ്‌റൈറ്റേഴ്‌സ്’ രീതി.
ഡോക്യുമെന്ററി ഫോട്ടോഗ്രഫറും ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റുമാണ് സൽമാൻ (29). ടൈപ്പ്‌റൈറ്ററുകളോടുള്ള താത്പര്യമാണ് ഈ പരീക്ഷണത്തിലെത്തിച്ചത്. സ്ക്രാപ്പ് കടയിൽനിന്ന് സ്വന്തമാക്കിയതാണ് ആദ്യ ടൈപ്പ് റൈറ്റർ. ഇപ്പോൾ നാലെണ്ണമുണ്ട്. മലയാളം ടൈപ്പ്‌റൈറ്ററും ഉടനെത്തും. 2022-23ലെ കൊച്ചി-മുസിരിസ് ബിനാലെയിലാണ് ശ്രദ്ധിക്കപ്പെട്ടത്.
കൊറിയറിൽ നിന്ന് ഫോട്ടോഗ്രാഫിയിലേക്ക്
2021ൽ കൊറിയർ ജോലിക്കിടെയാണ് നഗരജീവിതം ക്യാമറയിലാക്കിയത്. തുടർന്ന് ബിനാലെയിൽ ‘കം വാട്ട് മെയ്’ പ്രദർശനം ഒരുക്കി. ജർമ്മൻ സഞ്ചാരിയുടെ പ്രോത്സാഹനത്തെ തുടർന്ന് ഡോക്യുമെന്ററി ഫോട്ടോഗ്രഫിയിലേക്കും ഇൻസ്റ്റലേഷൻ കലയിലേക്കും തിരിഞ്ഞു. ജർമ്മനിയിൽ അഞ്ചുവർഷത്തെ ഫൈൻ ആർട്ട്സ് കോഴ്സ് പഠനമാണ് ലക്ഷ്യം. പിതാവ് അഷ്റഫ് കെ.കെ., മാതാവ് ഫാത്തിമ, സഹോദരൻ അഫ്നാസ്, മുത്തശ്ശി സുഹറ.
പുതുതലമുറയ്ക്കാണ് ടൈപ്പ് റൈറ്റർ കൗതുകവസ്തു. ജീവിതത്തിൽ ആദ്യമായി ടൈപ്പ് റൈറ്റർ കാണുന്നവരും ടൈപ്പ് ചെയ്യുന്നവരും ആസ്വദിക്കുന്നുണ്ട്.
-സൽമാൻ ഫാരിസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |