
ശുപാര്‍ശ നല്‍കി ജയിലധികൃതര്‍
കോഴിക്കോട്: ശിക്ഷാതടവുകാരുണ്ടാക്കി ജയില്‍വകുപ്പ് വില്‍ക്കുന്ന ബിരിയാണി ഉള്‍പ്പെടെയുള്ള ഭക്ഷ്യോത്പന്നങ്ങള്‍ക്ക് നേരിയ വില വര്‍ദ്ധനവിന് സാദ്ധ്യത. പാചകവാതകം, പലചരക്ക്, പാല്‍, പച്ചക്കറി, ഇന്ധനം തുടങ്ങിയവയുടെ വിലക്കയറ്റത്തെ തുടര്‍ന്നാണിത്. ഇതു സംബന്ധിച്ച ശുപാര്‍ശ ഫുഡ് യൂണിറ്റുകളുള്ള ജയില്‍ സൂപ്രണ്ടുമാര്‍ വകുപ്പിന് നല്‍കിയിട്ടുണ്ടെങ്കിലും തത്കാലം പഴയ നിരക്കില്‍ത്തന്നെ നല്‍കാനുമിടയുണ്ട്. വിലക്കുറവില്‍ ജയില്‍ വകുപ്പിന്റെ ഭക്ഷണ വില്‍പ്പന ഹിറ്റാണ്. ചപ്പാത്തിക്ക് വില കൂട്ടിയപ്പോള്‍ വില്‍പ്പനയില്‍ ഇടിവുണ്ടായതും പരിഗണിക്കും.
വിവിധ ജയിലുകളിലുണ്ടാക്കുന്ന ഭക്ഷ്യോത്പന്നങ്ങളിലെ വ്യത്യാസത്തിനനുസരിച്ചാണ് വര്‍ദ്ധനവിനുള്ള ശുപാര്‍ശ. വര്‍ദ്ധിപ്പിക്കുന്നുവെങ്കില്‍ ഏകീകൃത രീതിയിലായിരിക്കും. ആദ്യഘട്ടത്തില്‍ ബിരിയാണി ഇനങ്ങള്‍, ഫ്രൈഡ് റൈസ്, ചിക്കന്‍, ബീഫ് എന്നിവയുടെ വില 10 രൂപ വരെ വര്‍ദ്ധിപ്പിച്ചേയ്ക്കും. ചപ്പാത്തിയൊന്നിന് ഈയിടെയാണ് മൂന്ന് രൂപയാക്കിയത്. അതിനാല്‍ കൂട്ടാനിടയില്ലെന്നാണ് വിവരം. പത്തെണ്ണത്തിന്റെ പായ്ക്കറ്റിന് ഇപ്പോള്‍ 30 രൂപയാണ്. കോഴിക്കോട്ട് ചിക്കന്‍ ബിരിയാണി, ചപ്പാത്തി, ചിക്കന്‍ 65, ചിക്കന്‍ കറി, വെജിറ്റബിള്‍ കറി തുടങ്ങിയവയുണ്ടാക്കി വാഹനത്തില്‍ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലെത്തിച്ച് വില്‍ക്കുന്നുണ്ട്. ജയില്‍ കൗണ്ടറിലും വില്‍പ്പനയുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ ഫുഡ് യൂണിറ്റുകള്‍ ലാഭത്തിലാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം ഒരു കോടിയോളം പ്രതിവര്‍ഷ ലാഭമുണ്ട്. 4.5 കോടിയോളമാണ് വാര്‍ഷിക വിറ്റുവരവ്. സാധനങ്ങള്‍ വന്‍തോതില്‍ വാങ്ങുമ്പോള്‍ വിലക്കുറവ് ലഭിക്കും.
വേതനത്തിന് പ്രത്യേക ഫണ്ട്
ഫുഡ് യൂണിറ്റില്‍ ജോലി ചെയ്യുന്ന ശിക്ഷാതടവുകാരുടെ പ്രതിദിന വേതനം 170 രൂപ വരെയാണ്. യൂണിറ്റുകളുടെ ലാഭത്തില്‍ നിന്നാണ് ഇത് നല്‍കിയിരുന്നത്. എന്നാല്‍ വേതനം 560 രൂപ വരെയാക്കി കൂട്ടിയിട്ടുണ്ട്. ഇത്രയും തുക നല്‍കിയാല്‍ ഫുഡ് യൂണിറ്റുകള്‍ നഷ്ടത്തിലാകും. അതിനാല്‍ വര്‍ദ്ധിപ്പിച്ച വേതനത്തിനുള്ള തുക പ്രത്യേകം അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ജനുവരിയില്‍ വര്‍ദ്ധിപ്പിച്ച വേതനം ഇതുവരെ നല്‍കിയിട്ടില്ല.
ചിലയിനങ്ങളുടെ വില വര്‍ദ്ധന സാദ്ധ്യത
(നിലവിലുള്ള വില, കൂടാനിടയുള്ളത്)
ചിക്കന്‍ ബിരിയാണി....70....80
ബീഫ് ബിരിയാണി....70....80
എഗ് ബിരിയാണി....55....60
ബിരിയാണി റൈസ്....40....45
വെജ് ഫ്രൈഡ് റൈസ്...40....50
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |