
മലപ്പുറം: ഓണാവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങുന്ന അവസാന പ്രവാസിയെയും പിഴിഞ്ഞ് വിമാനക്കമ്പനികൾ. വൻ ടിക്കറ്റ് വർദ്ധന പിൻവലിക്കാൻ കമ്പനികൾ ഇപ്പോഴും തയ്യാറായിട്ടില്ല. ഈ മാസത്തോടെ പ്രവാസികളുടെ മടക്കയാത്ര പൂർത്തിയാകും. ദിവസങ്ങൾ മാത്രം അവധി ലഭിച്ച് നേരത്തെ മടങ്ങിയവരും ഭീമമായ തുകയാണ് ടിക്കറ്റിനായി നൽകിയത്. ഒക്ടോബർ ആദ്യ വാരത്തോടെ മാത്രമേ വിമാന നിരക്ക് സാധാരണ നിലയിലാകൂ. പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് സർവീസുകൾ വെട്ടിക്കുറച്ചതും യാത്രാദൈർഘ്യം കൂടിയതുമാണ് നിരക്ക് വർദ്ധനവിന് കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കേരളത്തിൽ നിന്ന് ഗൾഫിലേക്ക് മാത്രമാണ് നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ളത്. ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. ഒരേ റൂട്ടിൽ വരുന്നതിനും പോകുന്നതിനും ഈടാക്കുന്നത് രണ്ടു തരം നിരക്ക്.
നിരക്കിൽ വൻ
പൊരുത്തക്കേട്
തിരുവനന്തപുരത്ത് നിന്ന് അബൂദാബിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ ഇന്ന് ടിക്കറ്റ് നിരക്ക് 63,851 രൂപയും ,നാളെ 43,578 രൂപയുമാണ്. എന്നാൽ അബൂദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് നിരക്ക് 13,399 രൂപയും. ഈ മാസം മുഴുവൻ ഈ കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് ടിക്കറ്റ് ലഭ്യമാണ്. കൊച്ചിയിൽ നിന്ന് ഇന്ന് ദുബായ്ക്ക് 60,451 രൂപയും, നാളെ 48,675 രൂപയും നൽകണം. ദുബായിൽ നിന്ന് കൊച്ചിയിലെത്താൻ 13,566 രൂപ മതി. കോഴിക്കോട് -ഷാർജ റൂട്ടിൽ ഇന്ന് 59,145 രൂപ നൽകണം. നാളെ 42,880 രൂപയും. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് 12,400 രൂപയ്ക്ക് ടിക്കറ്റുണ്ട്. എയർ ഇന്ത്യയേക്കാൾ കൂടിയ നിരക്കാണ് ഈ ദിവസങ്ങളിൽ വിദേശ വിമാന കമ്പനികൾ ഈടാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |