
ന്യൂഡൽഹി: വിദ്യാർഥികളിലെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം അവരുടെ സ്വഭാവരൂപീകരണത്തിനും അദ്ധ്യാപകർ പ്രാധാന്യം നൽകണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. അദ്ധ്യാപകദിനത്തിനു മുന്നോടിയായി രാജ്യത്തെ അദ്ധ്യാപകർക്കുള്ള ആശംസാ സന്ദേശത്തിലാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്.
മാർഗനിർദേശവും പിന്തുണയും നൽകി വിദ്യാർഥികളുടെ കഴിവുകൾ വളർത്തുന്നതിൽ അദ്ധ്യാപകർക്ക് നിർണായക പങ്കുണ്ട്. വിദ്യാർഥികളെ നല്ല മനുഷ്യരായി വളരാൻ സഹായിക്കേണ്ടത് അദ്ധ്യാപകരുടെ കടമയാണ്. ഓരോ വിദ്യാർഥിയുടെയും സവിശേഷമായ കഴിവുകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനും പ്രചോദനം നൽകാനും അദ്ധ്യാപകർക്ക് കഴിയണമെന്നും രാഷ്ട്രപതി പറഞ്ഞു.
കാലത്തിനനുസരിച്ച് അദ്ധ്യാപകർ അറിവ് തുടർച്ചയായി പുതുക്കണം. സാങ്കേതികവിദ്യ സ്വീകരിക്കുകയും നൂതന അദ്ധ്യാപനരീതികൾ പ്രയോജനപ്പെടുത്തുകയും വേണം. വിദ്യാർഥികളിൽ സ്വതന്ത്രചിന്തയും അന്വേഷണ മനോഭാവവും വളർത്തുന്നതിനും ശ്രദ്ധിക്കണമെന്ന് രാഷ്ട്രപതി നിർദേശിച്ചു.
അദ്ധ്യാപകനെന്ന നിലയിൽ മുൻ രാഷ്ട്രപതിയും പ്രമുഖ എഴുത്തുകാരനും തത്ത്വചിന്തകനുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ നൽകിയ സംഭാവനകളെ അനുസ്മരിച്ച രാഷ്ട്രപതി അദ്ദേഹത്തിന് ആദരാഞ്ജലിയും അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |