SignIn
Kerala Kaumudi Online
Friday, 25 September 2026 7.00 PM IST

മരത്തിന് ചോട്ടിൽ 23 ദ്വാരങ്ങൾ; പതിവില്ലാത്ത വിധത്തിൽ ഇല പൊഴിച്ചിലും; രാസലായിനി ഒഴിച്ച് നശിപ്പിക്കാൻ ശ്രമിച്ച തണൽമരത്തെ നാട്ടുകാർ തിരിച്ചുപിടിച്ചത് ഇങ്ങനെ

tree

കുന്നന്താനം: പാലക്കൽതകിടി ജംഗ്ഷനിലെ 110 വർഷം പഴക്കമുള്ള മഴമരം (കരിംതകര) ഉണങ്ങാതിരിക്കാനുളള ചികിത്സ തുടങ്ങി. സാമൂഹിക വിരുദ്ധർ മെർക്കുറി ഒഴിച്ച് നാടിന്റെ തണൽമരത്തെ ഉണക്കാൻ ശ്രമിച്ചത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മരത്തിന്റെ സംരക്ഷണത്തിന് ജനകീയ കൂട്ടായ്മ രൂപീകരിച്ച് ആയുർവേദ ചികിത്സ നടത്തി വരികയാണ്.

കണ്ടത്തിൽ നിന്ന് എടുത്ത ചെളിമണ്ണ് നാല് ചട്ടി, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ് അരിപ്പയിൽ അരിച്ചെടുത്തത് നാല് ചട്ടി, ചിതൽപുറ്റ് അരിച്ചെടുത്തത് രണ്ട് ചട്ടി, പശുവിന്റെ പച്ച ചാണകം മൂന്ന് ചട്ടി,നാടൻ പശുവിൻ പാൽ 20 ലിറ്റർ, അരിപ്പൊടി അര കിലോ ,നാടൻ പശുവിന്റെ നെയ്യ് ഒരു ലിറ്റർ, കറുത്ത എള്ള് രണ്ട് കിലോ,പായസം പഴുപ്പുള്ള കദളിപ്പഴം 10 കിലോ, ചെറുതേൻ - അര ലിറ്റർ, ചെറുപയർ പൊടി അരകിലോ ,ഉഴുന്ന് തൊണ്ടോടു കൂടിയത് അരകിലോ, മുത്തങ്ങ ഉണക്കി പൊടിച്ചത്, ഇരട്ടിമധുരം പൊടിച്ചത് 250 ഗ്രാം, രാമച്ചം അര കിലോ എന്നിവയുടെ കൂട്ട് മരത്തിൽ തേച്ച് പിടിപ്പിച്ചു.

മരത്തിലെ സൂക്ഷ്മ ജീവികൾക്ക് ഭക്ഷണം നൽകുന്നതിന്റെ ഭാഗമായി അരിപ്പൊടി ചാലിച്ചത് മരത്തിൽ തേച്ച് പിടിപ്പിച്ചു. പാലും തേനും നെയ്യും ചാലിച്ചതിൽ 20 മീറ്റർ കോട്ടൺ തുണി മുക്കി വച്ച് മരുന്നിന്റെ പുറത്ത് മരത്തെ ചുറ്റി കെട്ടിവച്ചു. ആറ് മാസത്തോളം നീളുന്ന ചികിത്സാവിധിയിൽ മരുന്നും തുണിയും ചണനൂൽ ഉപയോഗിച്ച് മരത്തിൽ കെട്ടിനിറുത്തി.

കൊട്ടാരക്കര, വാഴൂർ, പന്തളം തുടങ്ങി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ 126 മരങ്ങൾക്ക് ചികിത്സ നൽകി നിലനിറുത്തിയ വൃക്ഷവൈദ്യന്മാരും അദ്ധ്യാപകരുമായ ബിനു വാഴൂർ, ഗോപകുമാർ കങ്ങഴ, നിധിൻ കൂരോപ്പട, വിജയകുമാർ ഇത്തിത്താനം എന്നിവരുടെ നേതൃത്വത്തിൽ ചികിത്സാ വിധികൾ ആരംഭിച്ചത്.
ഈ മാസം നാലിനാണ് മരം നശിപ്പിക്കാനുള്ള ശ്രമം നാട്ടുകാർ കണ്ടെത്തിയത്. സാധാരണയിൽ കവിഞ്ഞും ഇലകൾ പൊഴിയാൻ തുടങ്ങിയതോടെയാണ് നാട്ടുകാരുടെ സംശയം വർദ്ധിച്ചത്.

കൂടുതൽ അന്വേഷണത്തിലാണ് മരത്തിന് ചോട്ടിൽ രാസലായിനി ഒഴിച്ച് ഉണക്കാനുള്ള ശ്രമം നടത്തിയത്. ഏതാണ്ട് 23 ദ്വാരങ്ങളുണ്ടാക്കിയാണ് ലോഹലായിനി ഒഴിച്ചത്. പാലക്കൽതകിടി ജംഗ്ഷനിൽ ഒരു നൂറ്റാണ്ടിലേറെയായി തണൽ വിരിച്ച് നിൽക്കുന്ന മരമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, TREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA