SignIn
Kerala Kaumudi Online
Saturday, 01 August 2026 1.18 PM IST

കേന്ദ്രം ആ മാനദണ്ഡം കർശനമാക്കി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ വെറും സ്വപ്നമാകും? 'വില്ലൻ' ജനസംഖ്യ

metro
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇരുപത് ലക്ഷം ജന സംഖ്യയുള്ള നഗരങ്ങളിലേ മെട്രോ അനുവദിക്കൂവെന്ന മാനദണ്ഡം കേന്ദ്രം കർശനമാക്കിയതോടെ തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾ തുലാസിൽ. 16.79 ലക്ഷമാണ് തിരുവനന്തപുരത്തെ ജനസംഖ്യ. കോഴിക്കോട്ട് ആറ്ലക്ഷത്തോളമേയുള്ളൂ.

കോയമ്പത്തൂർ, മധുര നഗരങ്ങളിൽ മെട്രോയ്ക്കുള്ള അപേക്ഷ കേന്ദ്രം നിരസിച്ചതാണ് ആശങ്ക സൃഷ്ടിച്ചത്. രണ്ടിടത്തും 15ലക്ഷം വീതമാണ് ജനസംഖ്യ. അതേസമയം, 20 ലക്ഷം ജനസംഖ്യയില്ലെങ്കിലും തലസ്ഥാന നഗരങ്ങൾക്ക് മെട്രോ അനുവദിക്കാറുണ്ട്. ബിഹാറിന്റെ തലസ്ഥാനമായ പട്ന (17ലക്ഷം), മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാൽ(18.8ലക്ഷം) എന്നിവിടങ്ങളിൽ അനുവദിച്ചിരുന്നു. തിരുവനന്തപുരം നഗരസഭ ബി.ജെ.പി ഭരിക്കുന്നതിനാൽ ആ പരിഗണന കിട്ടിയേക്കും.

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോയ്ക്കുള്ള പദ്ധതി രേഖ ഡൽഹി മെട്രോറെയിൽ കോർപറേഷൻ തയ്യാറാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് മെട്രോപാത കടന്നുപോകുന്നതടക്കമുള്ള 371.94ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ജനസംഖ്യ മാത്രമാണ് പദ്ധതിരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് 13.5ലക്ഷമേ വരൂ. പുതിയ സെൻസസ് കണക്കിനൊപ്പം, നഗരത്തിന് ചുറ്റുമുള്ള 500മുതൽ 900ചതുരശ്ര കി.മി പ്രദേശത്തെ ജനസംഖ്യാ വിവരങ്ങൾ കൂടി പദ്ധതിരേഖയിൽ ഉൾപ്പെടുത്തുന്നതാണ് പരിഗണനയിൽ. ടെക്നോപാർക്കിൽ 490 ഐ.ടി, അനുബന്ധ കമ്പനികളിലായി ഒരു ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്.

ടെക്നോസിറ്റി, ടോറസ് ഡൗൺടൗൺ പദ്ധതികൾ പൂർത്തിയാവാനുമുണ്ട്. 33ലക്ഷമാണ് തിരുവനന്തപുരം ജില്ലയിലെ ജനസംഖ്യ. നഗരത്തിൽ ജനസാന്ദ്രത കൂടുതലുമാണ്. പാപ്പനംകോട് മുതൽ ഈഞ്ചയ്ക്കൽവരെ നഗരംചുറ്റിയാണ് മെട്രോപാത.

നെയ്യാറ്റിൻകരയിലേക്കും ആറ്റിങ്ങലിലേക്കും നീട്ടാം. കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തി 20 ലക്ഷമെന്ന ജനസംഖ്യാകടമ്പ കടക്കാനാണ് നീക്കം. മീഞ്ചന്ത-മെഡിക്കൽ കോളേജ് റൂട്ടിലാണ് കോഴിക്കോട് മെട്രോ. റെയിൽവേ-ബസ് സ്റ്റേഷനുകൾ, മെഡിക്കൽകോളേജ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് 14.2കി.മി പാത.


പകരം ബസ്-റാപ്പിഡ് ട്രാൻസിറ്റ്
1. ചെറുനഗരങ്ങൾക്ക് ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമാണ് കേന്ദ്രം നിർദ്ദേശിക്കുന്നത്. റോഡിന്റെ മദ്ധ്യഭാഗത്തെ ട്രാക്കിലൂടെയുള്ള സർവീസാണിത്. ഗതാഗക്കുരുക്കില്ലാതെ വേഗയാത്രയ്ക്ക് സൗകര്യമൊരുങ്ങും.


2.മെട്രോകളിലേതുപോലെ സ്റ്റേഷനുകളുണ്ടാവും. വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും എളുപ്പത്തിൽ കയറാവുന്ന എയർകണ്ടിഷൻ ചെയ്ത ബസുകളാണ് ഉപയോഗിക്കുക. മെട്രോയുടെ 20% ചെലവേയുള്ളൂ. രണ്ടുവർഷം കൊണ്ടു പൂർത്തിയാക്കാം. പൂനെ, സൂററ്റ്, ഇൻഡോർ നഗരങ്ങളിലുണ്ട്.

₹250കോടി- ഒരു കി.മി. മെട്രോപാത നിർമ്മിക്കാൻ

40% -കേന്ദ്ര-സംസ്ഥാന വിഹിതം

60% -വിദേശവായ്പയിലൂടെ കണ്ടെത്തും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM METRO, KOZHIKODE METRO, KERALA METRO PROJECT, KOZHIKODE METRO NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA