സാധാരണ മല്ലിയിലയ്ക്ക് പകരമായി കറികളിലും മറ്റ് വിഭവങ്ങളിലും ഉപയോഗിക്കാവുന്ന ഒന്നാണ് ആഫ്രിക്കൻ മല്ലി. അധികം സ്ഥലമോ വലിയ പരിചരണമോ ആവശ്യമില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വളരെ കുറച്ച് സൂര്യപ്രകാശവും വെള്ളം കെട്ടിനിൽക്കാത്ത മണ്ണും ലഭിച്ചാൽ വീട്ടുമുറ്റത്തും ടെറസിലുമെല്ലാം ആഫ്രിക്കൻ മല്ലി കൃഷി ചെയ്യാം.
സാധാരണ മല്ലിയിലയിൽനിന്ന് വ്യത്യസ്തമായി നീളമുള്ളതും അരികുകളിൽ ചെറിയ മുള്ളുപോലുള്ള രൂപവുമുള്ള ഇലകളാണ് ആഫ്രിക്കൻ മല്ലിയുടേത്. ഇലകൾക്ക് നല്ല സുഗന്ധമുള്ളതിനാൽ കറികൾക്ക് രുചിയും മണവും കൂട്ടാൻ സഹായിക്കും. മല്ലിയിലയുടെ രുചിയോട് സാമ്യമുള്ളതിനാൽ സാമ്പാറിലും ചിക്കൻ കറിയിലുമെല്ലാം ഇതിനെ പകരക്കാരനായി ഉപയോഗിക്കാറുണ്ട്.
ആഫ്രിക്കൻ മല്ലിയുടെ വിത്ത് ഉപയോഗിച്ചാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. വിത്തുകൾ നഴ്സറികളിൽ നിന്നോ കൃഷി ചെയ്യുന്നവരിൽ നിന്നോ വാങ്ങാം. വിത്തുകൾ മണ്ണിൽ അധികം ആഴത്തിൽ മൂടാതെ പാകുന്നതാണ് നല്ലത്. ഈർപ്പം നിലനിർത്തിയാൽ സാധാരണയായി രണ്ടുമുതൽ നാലാഴ്ചയ്ക്കുള്ളിൽ മുളയ്ക്കും. മുളച്ചുതുടങ്ങിയ തൈകൾക്ക് മൂന്നോ നാലോ ഇലകൾ വന്നശേഷം ഗ്രോബാഗിലേക്കോ ചട്ടിയിലേക്കോ മാറ്റി നടാം.
വെള്ളം കെട്ടിനിൽക്കാത്തതും ജൈവാംശം കൂടുതലുള്ളതുമായ മണ്ണാണ് ആഫ്രിക്കൻ മല്ലിക്ക് അനുയോജ്യം. മണ്ണ്, മണൽ, ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ ചേർത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കാം. വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാൻ സൗകര്യമുള്ള ചട്ടികളോ ഗ്രോബാഗുകളോ തിരഞ്ഞെടുക്കണം.
നേരിട്ടുള്ള കഠിനമായ വെയിലിനേക്കാൾ ഭാഗികമായ തണലുള്ള സ്ഥലമാണ് ഈ ചെടിയുടെ ഇലകൾ നല്ല രീതിയിൽ വളരാൻ സഹായിക്കുന്നത്. രാവിലത്തെ ഇളം വെയിൽ ലഭിക്കുന്ന സ്ഥലത്ത് ചട്ടി വയ്ക്കാം. മണ്ണിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്തണം. എന്നാൽ അമിതമായി വെള്ളമൊഴിച്ച് ചെടിയുടെ വേരുകൾ ചീഞ്ഞുപോകാൻ ഇടയാക്കരുത്.
ചെടി നന്നായി വളർന്നുതുടങ്ങിയാൽ ഇലകൾ ആവശ്യാനുസരണം പറിച്ചെടുക്കാം. ഇലകൾ പറിക്കുമ്പോൾ മദ്ധ്യഭാഗത്തെ പുതിയ ഇലകൾ നിലനിർത്താൻ ശ്രദ്ധിക്കണം. ഇത് ചെടിയുടെ തുടർന്നുള്ള വളർച്ചയ്ക്ക് സഹായിക്കും. സാധാരണയായി ഒന്നുമുതൽ രണ്ടാഴ്ച വരെയുള്ള ഇടവേളകളിൽ ഇലകൾ വിളവെടുക്കാം.
African coriander, also known as culantro, is an aromatic herb that can be easily grown in pots and grow bags at home. Its fragrant leaves can be used as a substitute for regular coriander in curries and other dishes. The plant thrives in partial shade and well-drained, nutrient-rich soil. With moderate watering and basic care, fresh leaves can be harvested regularly.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |