SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.07 PM IST

കൃഷിയിൽ മുൻപരിചയമില്ല, രണ്ട് പശുക്കളുമായി തുടക്കം; ഇന്ന് ഈ ദമ്പതികൾ 2.4 കോടി രൂപയുടെ ഫാം ബിസിനസിന്റെ ഉടമകൾ

vibhor-and-ishitha
വിഭോർ ജെയിൻ, ഇഷിത ജെയിൻ

ജയ്‌പൂർ: കൃഷിയിൽ മുൻ പരിചയമൊന്നുമില്ലാതെ വാടകയ്ക്ക് എടുത്ത ഏതാനും പശുക്കളുമായി തുടങ്ങിയ സംരംഭം ഇന്ന് കോടികളുടെ വരുമാനമുള്ള ഫാം ബിസിനസായി മാറിയ കഥയാണ് ജയ്പൂരിൽ നിന്നുള്ള ദമ്പതികൾക്ക് പങ്കുവയ്ക്കാനുള്ളത്. വിഭോർ ജെയിൻ, ഇഷിത ജെയിൻ എന്നിവർ 2018ൽ തുടങ്ങിയ ചെറിയ സംരംഭമാണ് ഇന്ന് നൂറോളം പശുക്കളുള്ള വലിയ ഫാമായി വളർന്നത്. നൂറോളം ഗിർ പശുക്കളുള്ള ഇവരുടെ കിനായ ഓർഗാനിക് ഫാംസ് ആൻഡ് ലൈഫ് എന്ന സംരംഭം പ്രതിവർഷം 2.4 കോടി രൂപ വരെ വരുമാനമാണ് നേടുന്നത്.

കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് പഠനം പൂർത്തിയാക്കിയ വിഭോർ ജെയിൻ സാധാരണ കോർപറേറ്റ് ജോലി തിരഞ്ഞെടുക്കുന്നതിന് പകരം വ്യത്യസ്തമായൊരു വഴിയാണ് സ്വീകരിച്ചത്. വീട്ടിൽ രണ്ട് പശുക്കളെ വളർത്താൻ തുടങ്ങിയതോടെയാണ് നാടൻ പശുക്കളോടും പരമ്പരാഗത പശുപരിപാലനത്തോടും താൽപര്യം വളർന്നത്. ഗിർ ഇനത്തിൽപ്പെട്ട പശുക്കളെക്കുറിച്ച് കൂടുതൽ അറിയാനായി ഗുജറാത്തിലെ കത്തിയവാർ മേഖലയിലെത്തിയ അദ്ദേഹം തലമുറകളായി പശുവളർത്തൽ നടത്തുന്ന കുടുംബങ്ങളിൽനിന്ന് അറിവുനേടി.

കൃഷിയിലും മൃഗപരിപാലനത്തിലും മുൻപരിചയമില്ലാതിരുന്നിട്ടും പുതിയ സംരംഭത്തിലേക്ക് ചുവടുവയ്പ് നടത്തുകയായിരുന്നു. 2018ൽ ജയ്പൂരിന് സമീപം പാട്ടത്തിനെടുത്ത സ്ഥലത്ത് 20 ഗിർ പശുക്കളുമായാണ് തുടക്കം. ആദ്യത്തെ മൂന്ന് വർഷം പശുപരിപാലനവും ഫാമിന്റെ പ്രവർത്തനങ്ങളും പഠിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് ചെലവഴിച്ചതെന്ന് വിഭോർ ജെയിൻ പറയുന്നു. 2022ൽ വിവാഹശേഷം ഐടി എ‌ഞ്ചിനീയറിംഗിലും ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിലും ബിരുദം നേടിയ ഇഷിതയും സംരംഭത്തിന്റെ ഭാഗമായി മാറുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്നാണ് ഫാമിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചത്.

vibhor-and-ishitha
വിഭോർ ജെയിൻ, ഇഷിത ജെയിൻ

തുടർന്ന് പശുപരിപാലനത്തിനൊപ്പം കൃഷിയുടെ പല മേഖലകളിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചു. ജയ്പൂരിൽനിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള ഫാമിൽ 2,000ത്തിലധികം മരങ്ങളുണ്ട്. ഇതിൽ ഏകദേശം 40 ഇനങ്ങളിലുള്ള 500ലധികം മാവുകളും ഉൾപ്പെടുന്നു. മരങ്ങൾക്കിടയിൽ സീസണൽ പച്ചക്കറികളും കാലിത്തീറ്റയ്ക്കുള്ള പുല്ലും ഇവർ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ,​ പശുക്കളിൽ നിന്ന് ലഭിക്കുന്ന ശുദ്ധമായ പാലും പരമ്പരാഗത രീതിയിൽ കടഞ്ഞെടുക്കുന്ന നെയ്യും മരച്ചക്കിൽ ആട്ടിയെടുക്കുന്ന എണ്ണകളും ഇവിടെ നിന്ന് ലഭിക്കും.

kinaya-products-
കിനായയുടെ ഉല്പന്നങ്ങൾ

ഫാമിന്റെ മറ്റൊരു പ്രത്യേകത വിഭവങ്ങൾ പരമാവധി പുനഃരുപയോഗിക്കുന്ന രീതിയാണ്. പശുക്കളുടെ ചാണകം ബയോഗ്യാസ് ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന വാതകം പാചകത്തിനായി ഉപയോഗിക്കുകയും ശേഷിക്കുന്ന അവശിഷ്ടം കൃഷിയിടത്തിൽ ജൈവവളമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. 45 കിലോവാട്ട് ശേഷിയുള്ള സൗരോർജ സംവിധാനവും ഇവരുടെ ഫാമിലുണ്ട്. മഴവെള്ള സംഭരണത്തിനും ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൃഷിയിടങ്ങൾ നനയ്ക്കുന്നതിനായി ഡ്രിപ്പ് ഇറിഗേഷൻ ഉപയോഗിക്കുന്നതിനാൽ ജലനഷ്ടവും കുറയ്ക്കാൻ കഴിയുന്നുണ്ടെന്ന് ഇവർ പറയുന്നു.

ഫാമിലെ പശുക്കളിൽ നിന്ന് ഏകദേശം 250 മുതൽ 300 ലിറ്റർ വരെ പാലാണ് ദിവസവും ലഭിക്കുന്നത്. ഇതിന്റെ ഒരു ഭാഗം പാൽ എന്ന നിലയിൽ വിൽക്കുകയും ബാക്കി നെയ്യ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. പ്രതിദിനം ഏകദേശം ഒൻപത് ലിറ്റർ നെയ്യാണ് ഉൽപ്പാദിപ്പിക്കുന്നത്. പാലും നെയ്യും കൂടാതെ കൊളസ്ട്രം പൗഡർ, മിൽക്ക് പൗഡർ തുടങ്ങി 25ൽ അധികം ഉൽപ്പന്നങ്ങൾ ഫാമിൽനിന്ന് ഇവ‌ർ വിപണിയിലെത്തിക്കുന്നുണ്ട്. ചെറിയൊരു താൽപര്യത്തിൽനിന്ന് ആരംഭിച്ച സംരംഭം പഠനത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും ക്രമേണ വളർത്തിയെടുത്തതാണ് തങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനമെന്ന് വിഭോറും ഇഷിതയും പറയുന്നു.

English Summary

Jaipur couple Vibhor Jain and Ishita Jain have transformed a small venture started in 2018 into a sustainable farm business earning up to Rs 2.4 crore annually. Beginning with two cows at home, they expanded to a farm with around 100 Gir cows. Their enterprise produces milk, traditional ghee and other dairy products while practising organic farming, rainwater harvesting, solar energy generation and biogas production.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAIPUR COUPLE FARM SUCCESS, GIR COWS, SUSTAINABLE FARMING, ORGANIC DAIRY FARM, KINAYA ORGANIC FARMS AND LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE