SignIn
Kerala Kaumudi Online
Sunday, 14 June 2026 2.31 PM IST

കിലോയ്ക്ക് 1000 രൂപ മുതൽ; കൗതുക ദലങ്ങളുമായി കല്ലുവാഴ കുലച്ചു, വിചിത്ര കുല കാണാൻ വൻ തിരക്ക്

kalluvazha

കൊട്ടാരക്കര: വീട്ടുപുരയിടത്തിലെ കല്ലുവാഴകൾ കുലച്ചത് നാട്ടുകാർക്ക് കൗതുകമായി. പൂവറ്റൂർ കച്ചേരിമുക്ക് രാംലീലയിൽ ആർ തുളസീധരൻ പിള്ളയുടെ വീട്ടിലെ രണ്ട് കല്ലുവാഴകളാണ് കുലച്ചത്. സാധാരണ മലനിരകളിലാണ് കല്ലുവാഴകൾ വളരുന്നത്. റിട്ട. കെഎസ്‌ഇബി അസി. എൻജിനീയറായ തുളസീധരൻ പിള്ള 13 വർഷം മുമ്പ് തിരുവനന്തപുരം ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് വാങ്ങി നട്ടവയാണിവ.

ഏഴ് വർഷമെത്തിയപ്പോൾ കുലച്ചിരുന്നു. അതിന്റെ വിത്തുകൾ കുറച്ച് മരുന്നിനായി എടുത്തു. ബാക്കി നട്ടതിൽ രണ്ടെണ്ണമാണ് കുലച്ചത്. കേട്ടറിഞ്ഞ് നിരവധി പേരാണ് കല്ലുവാഴ കാണാൻ ദിവസവും എത്തുന്നത്. താമരയിതളുകൾ വിടർന്നുവരുന്നത് പോലെയുള്ള പച്ച ദലങ്ങളും അതിനുള്ളിൽ പടലകളും. ഇതാണ് കല്ലുവാഴ. ആയുർവേദ മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്നതിനാൽ കല്ലുവാഴക്കുലയ്ക്ക് വലിയ വില ലഭിക്കും. കിലോയ്ക്ക് 1000 രൂപയിൽ കൂടുതൽ ലഭിക്കും. വിത്തുകളെടുത്ത് കൂടുതൽ നടാനാണ് തീരുമാനമെന്നും തുളസീധരൻ പിള്ള പറഞ്ഞു.

താമരയിതളുകൾ പോലെ

  • കല്ലുവാഴകൾക്ക് 12 അടി ഉയരമുണ്ടാകും
  • കുല താമര ഇതളുകൾ പോലെ പച്ച ദലങ്ങൾ
  • അതിനുള്ളിൽ പടല (കായ്) ഒളിച്ചിരിക്കും
  • വാഴപ്പഴത്തിനുള്ളിലെ വിത്തുകൾ കല്ലുപോലെ കട്ടിയുള്ളതാണ്
  • അതുകൊണ്ടാണ് കല്ലുവാഴയെന്ന് പേര് വന്നത്
  • മൂത്രാശയ രോഗങ്ങൾക്ക് വിത്തുകൾ ഫലപ്രദമെന്ന് പറയപ്പെടുന്നു
  • ഒരു വർഷമെടുത്താണ് കായ് മൂപ്പെത്തുക
  • കുലയ്ക്ക് അഞ്ചടി നീളമുണ്ടാകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, KERALA, KALLUVAZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY