കൊച്ചി: ഈ മാസം തുടങ്ങിയപ്പോൾ താഴേക്കിറങ്ങിയ സ്വർണവില രണ്ടാം ദിനത്തിൽ മുകളിലേക്ക് കയറുന്നു. സ്വർണവില ഗ്രാമിന് 345 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. പവന് 2,760 രൂപ വർദ്ധിച്ചതോടെ 1,06,000 രൂപ എന്ന നിരക്കിലാണ് ഇന്ന് വിപണി ആരംഭിച്ചത്. കുറച്ചുദിവസങ്ങളായി പ്രതീക്ഷിക്കാത്ത തരത്തിലാണ് സ്വർണവില മാറിമറിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 1,03,240 രൂപയായിരുന്നു.
സ്വർണവിലയിലെ അടിക്കടിയുള്ള ഏറ്റക്കുറച്ചിൽ ആഭരണം വാങ്ങിക്കാൻ തയ്യാറെടുക്കുന്നവർക്ക് കടുത്ത ആശങ്കയാണ് നൽകുന്നത്. ഇന്നലെ നിരക്ക് കുറഞ്ഞതോടെ ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ സ്വർണം വാങ്ങുന്നത് മാറ്രിവച്ചവർക്ക് കനത്ത തിരിച്ചടിയാണ് ഇന്നത്തെ സ്വർണ വില. കഴിഞ്ഞ മാസത്തിന്റെ അവസാന ദിവസം(ജൂൺ 30) 1,04,160 രൂപയായിരുന്നു ഒരു പവന്റെ വില.
മിക്ക ദിവസങ്ങളിലും രണ്ട് തവണ സ്വർണത്തിന്റെ നിരക്കിൽ മാറ്റം വരുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങി നിരവധി കാര്യങ്ങളാണ് സ്വർണവിലയിലെ തുടർച്ചയായുള്ള മാറ്റത്തെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള സമാധാന ചർച്ചകളുടെ പുരോഗതി പോലും സ്വർണത്തിന്റെ നിരക്കിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഇന്ന് വെളളിക്കും വില വർദ്ധിച്ചതോടെ ഒരു ഗ്രാമിന്റെ വില 245 രൂപയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |