കൊച്ചി: കേരളത്തിലെ നിരത്തുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകള്‍ക്കൊപ്പം ഇ.വി. ചരക്കുവാഹനങ്ങള്‍ക്കും പ്രിയമേറുന്നു. പരിസ്ഥിതി സൗഹൃദത്തിനപ്പുറം ഇന്ധനച്ചെലവിലെ മികച്ച ലാഭം കണക്കിലെടുത്ത് മൂന്ന് ടണ്‍ വരെ ശേഷിയുള്ള ചരക്കുവാഹനങ്ങളുടെ വിഭാഗത്തില്‍ ഇ.വി വിപ്ലവം.
2024-25 സാമ്പത്തിക വര്‍ഷം മൊത്തം 18,000 ചരക്കുവാഹനങ്ങളില്‍ വെറും 200 എണ്ണമായിരുന്നു ഇ.വികള്‍. തൊട്ടടുത്ത വര്‍ഷം 600ല്‍ എത്തി. ആകെ വിറ്റുപോയത് 22,000 വാഹനങ്ങള്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതി പിന്നിടുമ്പോള്‍ തന്നെ 4,000 വാഹനങ്ങളില്‍ 250 എണ്ണവും ഇ.വിയാണ്.
നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്ക് വില്പന 20 ശതമാനമായി ഉയരുമെന്ന പ്രതീക്ഷയിലാണ് വാഹന നിര്‍മ്മാതാക്കള്‍. വലിയ ഇ.വി. ചരക്കുവാഹനങ്ങള്‍ക്കും താമസിയാതെ മികച്ച വില്‍പ്പന താത്പര്യം ലഭിക്കുമെന്നാണ് പ്രമുഖ ഡീലര്‍മാരുടെയും പ്രതീക്ഷ. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് 30 മുതല്‍ 40 ശതമാനം അധികവിലയുണ്ട് ഇ.വി വണ്ടികള്‍ക്ക്.
വില്പന കൂടാനുള്ള കാരണങ്ങള്‍
ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവും ഉയര്‍ന്ന പ്രാരംഭ വിലയുമായിരുന്നു ഇ.വി. ചരക്കുവാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കുറയാന്‍ കാരണം. ഇന്ന് സാഹചര്യം മാറി. കേരളത്തിലുടനീളം ഹൈവേകളിലും നഗരങ്ങളിലും ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിച്ചു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കൂടുതല്‍ ദൂരം ഓടാന്‍ കഴിയുന്ന ബാറ്ററികളും, വേഗത്തില്‍ ചാര്‍ജ് ആകുന്ന 'ഫാസ്റ്റ് ചാര്‍ജിംഗ്' സൗകര്യവും വന്നു. ഇ-കൊമേഴ്‌സ്, സൂപ്പര്‍മാര്‍ക്കറ്റ് ഹോം ഡെലിവറികള്‍ എന്നിവ സജീവമായതോടെ നഗരങ്ങളില്‍ ഹ്രസ്വദൂര ചരക്കുനീക്കത്തിന് ഏറ്റവും അനുയോജ്യം ഇ.വികളാണ്.
ഇ.വി. ചരക്കുവാഹനങ്ങളുടെ മേന്മകള്‍
1. ഇന്ധനവില പ്രതിസന്ധികള്‍ക്ക് പരിഹാരം
2. മെയിന്റനന്‍സ് ചെലവ് കുറവ്
3. വായു-ശബ്ദ മലിനീകരണം കുറവ്
4. ഡ്രൈവിംഗ് ലാളിത്യം
നേരത്തെ ഇ.വി. ചരക്കുവാഹനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആര്‍ക്കും താത്പര്യമില്ലായിരുന്നു . ഇപ്പോള്‍ സ്ഥിതി മാറി. പ്രതിദിനം നിരവധി അന്വേഷണങ്ങളുണ്ട്. - നിതിന്‍ ജോര്‍ജ്, ഏരിയാ മാനേജര്‍ മോന്‍ട്രാ ഇലക്ട്രിക്
the reason why electric vehicle sale increasing are many
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |