
കൊച്ചി: കടവന്ത്ര മാവേലി റോഡിൽ നിന്ന് നാല് പേരടങ്ങുന്ന സംഘം പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ട് പോയെന്ന യുവതിയുടെ മൊഴിയിലെ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. എറണാകുളത്ത് ബി.എഡിന് പഠിക്കുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും പിതാവും സഹോദരനും കടവന്ത്രയിൽ നിന്ന് കൂട്ടിക്കൊണ്ട് പോയതാണെന്നും സ്ഥിരീകരിച്ചു.
ശനിയാഴ്ച രാത്രി 7ന് അജ്ഞാത സംഘം ബലപ്രയോഗത്തിലൂടെ ഏതോ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ട് പോയതായി എറണാകുളത്ത് പ്ലേ സ്കൂൾ അദ്ധ്യാപികയായ യുവതിയാണ് കടവന്ത്ര പൊലീസിന് പരാതി നൽകിയത്. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ താമസ സ്ഥലത്തേക്ക് പോയപ്പോഴാണ് സംഭവം കാണാനിടയായത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് കേസെടുത്തിരുന്നു.
പൊലീസ് സ്റ്റേഷനിലെ ക്രൈം സ്ക്വാഡ് ഞായറാഴ്ച നടത്തിയ പരിശോധനയിൽ കിട്ടിയ സിസി ടി.വി ദൃശ്യമാണ് നിർണായകമായത്. ദൃശ്യത്തിലെ കാർ യുവതി തിരിച്ചറിഞ്ഞു. മാവേലി റോഡിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനിക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവും സഹോദരനും സുഹൃത്തും കാറിലെത്തി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനി രോഗം ഭേദമാകുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |