
നാടുമുഴുവൻ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം അലതല്ലുകയാണ്. ഇങ്ങ് കേരളത്തിലും അതിന്റെ മാറ്റൊലികൾ മുഴങ്ങിക്കേൾക്കാം. ഇഷ്‌ടപ്പെട്ട ടീമിനുവേണ്ടി ആകാശംമുട്ടെ ഫ്ലക്‌സുയർത്താനുള്ള മത്സരത്തിലാണ് ഫുട്ബോൾ ആരാധകർ. ഇതിനിടയിലാണ് വേറിട്ടരീതിയിൽ ഒരുക്കിയിരിക്കുന്ന ഒരു ഫ്ലക്‌സ് ശ്രദ്ധിക്കപ്പെടുന്നത്. കണ്ണൂർ ജില്ലയിലെ വയലായിൽ ചെറുപുഴയിലേക്ക് പോകുന്ന വഴിയരികിലാണ് ഈ കിടിലൻ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
വലിയ ചെലവില്ലാതെ ആഡംബരങ്ങളോ നിറച്ചാർത്തുകളോ ഇല്ലാതെയാണ് ഫ്ലക്‌സ് ഒരുക്കിയിരിക്കുന്നത്. എന്നിട്ടും ഈ ഫ്ലക്‌സ് എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടുന്നു എന്നതിനുള്ള ഉത്തരമാണ് അതിന് പിന്നിൽ പ്രവർത്തിച്ച കുട്ടികൾ.
14 വയസിൽ താഴെ മാത്രം വരുന്ന കുറച്ച് കുട്ടികൾ ചേർന്നാണ് ഫ്ലക്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഇലക്ഷൻ പ്രചരണത്തിനായി കെട്ടിയ ഫ്ലക്‌സിന്റെ പിറകുവശത്തുള്ള തെളിഞ്ഞ ഭാഗമാണ് അവർ ഉപയോഗിച്ചത്. അവിടെ 'പറങ്കിപ്പട റൊണാൾഡോ, കപ്പ് തൂക്കി' എന്ന് കൈകൊണ്ട് വളരെ മനോഹരമായി എഴുതി റോഡരികിൽ എല്ലാവർക്കും കാണാനാകുന്ന വിധത്തിൽ കെട്ടിയിരിക്കുന്നത് കാണുമ്പോൾ ഏതൊരു ഫുട്ബാൾ ആരാധകന്റെയും മനസ് നിറയ്‌ക്കും.
'തെങ്ങിനെക്കാൾ പൊക്കത്തിൽ ആകാശംമുട്ടെ ഫ്ലക്‌സ് വയ്‌ക്കാൻ ആർക്കും പറ്റും. എന്നാൽ, വച്ച ഫ്ലക്‌സിന് കാവലിരിക്കാൻ ആളുകളുള്ള സ്ഥലം വളരെ കുറവാണ്. അങ്ങനെ കാവലിരിക്കണമെങ്കിൽ അവന്റെ അദ്ധ്വാനം അതിന് പിന്നിലുണ്ടായിരിക്കണം' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഈ കഴിഞ്ഞ കാറ്റത്തും മഴയത്തുമൊന്നും താഴെ പോകാതെ ഫ്ലക്‌സ് നിലനിൽക്കുന്നതിന് പിന്നിലുള്ള കുട്ടികളുടെ അദ്ധ്വാനം ചെറുതല്ലെന്നാണ് വീഡിയോ പങ്കുവച്ച വ്യക്തി പറയുന്നത്. ഫ്ലക്‌സ് കെട്ടിയിരിക്കുന്നതിന് അരികിലായിതന്നെ കുട്ടികൾക്ക് ഒത്തുകൂടാനായി ഷീറ്റ് ഉപയോഗിച്ച് ഒരു ഷെഡും ഒരുക്കിയിട്ടുണ്ട്.
'മക്കൾക്ക് ഒന്നിച്ചുചേരാനായി അവസരം കൊടുത്ത മാതാപിതാക്കളും ആ സ്ഥലത്തിന്റെ ഉടമയും നാടിന്റെ നന്മ വിളിച്ചോതുന്ന ഇത്തരം സൗഹൃദം നമുക്ക് കാണിച്ചുതരുന്ന മക്കളും, ഇവരൊക്കെയാണ് വൈറലാകേണ്ടത്. ബോർഡിന് വലിപ്പം കൂട്ടി രാജ്യസ്‌നേഹം തെളിയിക്കാൻ വേണ്ടി നമ്മൾ കഷ്‌ടപ്പെടുന്ന സമയത്താണ് അഞ്ച് രൂപ മുടക്കില്ലാതെ സൗഹൃദവും ക്രിയേറ്റിവിറ്റിയും കൊണ്ട് കുറച്ചാളുകളങ്ങ് വ്യത്യസ്‌തരായി മാറുന്നത്'- വീഡിയോയിൽ പറയുന്നു.
നിരവധിപേരാണ് കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. 'വേൾഡ് കപ്പിനായി ഹൃദയംകൊണ്ടെഴുതിയ കവിത ആണ് ഈ ബാനർ', 'ഇതിനു മേലെ ഒരു ഫ്ലെക്സ് ലോകത്ത് ഒരാൾക്കും വെക്കാൻ ആവില്ല.. മനസ് കൊണ്ട് വെച്ച ഫ്ലെക്സ്.. പറ്റുമെങ്കിൽ വെക്കെടാ ഇതിനു മുകളിൽ ഒരു ഫ്ലെക്സ്', 'ഈ വീഡിയോ റൊണാൾഡോ കാണണം എങ്കിലേ അത് പൂർത്തിയാവൂ' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |