അറ്റ്‌ലാന്റ: ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കലാശപ്പോരിന് യോഗ്യത നേടിയ ആവേശത്തിലാണ് അര്‍ജന്റീന ക്യാമ്പ്. എന്നാല്‍ മത്സരത്തിന് ശേഷം രാഷ്രീയ ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ ടീമിനെതിരെ അന്വേഷണം നടത്തണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ബാനര്‍ വിഷയത്തില്‍ ഫിഫ നടപടിയെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെടുന്നത്. ഫാക്ക്‌ലാന്‍ഡ് ദ്വീപുകളുമായി ബന്ധപ്പെട്ട ബാനറാണ് മത്സരത്തിന് ശേഷം അര്‍ജന്റൈന്‍ താരങ്ങള്‍ ഉയര്‍ത്തിയത്.
ബാനറിനൊപ്പം ചിത്രമെടുത്തത് അന്വേഷിക്കണമെന്നും ഇത് ഫുട്‌ബോള്‍ നിയമങ്ങള്‍ക്ക് എതിരാണെന്നുമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്' എന്നായിരുന്നു ബാനറിലെ വരികള്‍. 'മാല്‍വിനസ് അര്‍ജന്റീനക്കാരുടേതാണ്' എന്നായിരുന്നു വരികളുടെ അര്‍ത്ഥം. ഫാക്ക്ലാന്‍ഡ് ദ്വീപുകള്‍ക്ക് മേലുള്ള അര്‍ജന്റീനയുടെ അവകാശവാദമാണ് വരികളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇത് വിവാദമായതോടെയാണ് ഫിഫ നടപടിക്കൊരുങ്ങുന്നത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
അര്‍ജന്റീന ഫാക്ക്‌ലാന്‍ഡ് ദ്വീപുകളെ 'ഇസ്ലാസ് മാല്‍വിനാസ്' എന്നാണ് വിളിക്കുന്നത്. 1982-ല്‍ അര്‍ജന്റീനയിലെ അന്നത്തെ സൈനിക ഭരണകൂടത്തിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഈ ദ്വീപുകള്‍ ആക്രമിക്കപ്പെടുകയും, അത് പത്ത് ആഴ്ച നീണ്ടുനിന്ന യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഈ യുദ്ധത്തില്‍ ബ്രിട്ടന്‍ വിജയിച്ചു. സമാനമായ ബാനര്‍ ഉയര്‍ത്തിയതിന് 2014-ല്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഫിഫ 20,000 പൗണ്ട് പിഴ ചുമത്തിയിരുന്നു.
സംഭവം വിവാദമായതോടെ അര്‍ജന്റീനയുടെ വൈസ് പ്രസിഡന്റ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഫുട്ബോളും രാഷ്ട്രീയവും തമ്മില്‍ കലര്‍ത്തരുത് എന്ന അഭിപ്രായമാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പങ്കുവെച്ചത്. ദക്ഷിണ അറ്റ്ലാന്റികിലെ ദ്വീപ് സമൂഹമാണ് ഫാക്ക്‌ലാന്‍ഡ്. 3500 ഓളം ജനസംഖ്യയുള്ള ഈ ദ്വീപ് സമൂഹം ഇപ്പോള്‍ ബ്രിട്ടീഷ് അധീനതയിലാണ്.
british government demands investigation against argentina football team
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |