SignIn
Kerala Kaumudi Online
Saturday, 04 July 2026 7.58 PM IST

ഒരു കൺജറിംഗ് അപാരത

bghhg

ന്യൂയോർക്ക് : സിനിമാ പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ഹൊറർ ചിത്രമാണ് 'ദി കൺജറിംഗ് '. കൺജറിംഗ് സീരീസ് കണ്ട് ഭയത്തിന്റെ മുൾമുനയിലെത്തുന്ന പലരുടെയും വിചാരം ഇതൊരു സാങ്കൽപ്പിക കഥയാണെന്നാണ്. എന്നാൽ കൺജറിംഗ് സീരീസിലെ സംഭവങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ച വീട്ടിൽ താമസിക്കേണ്ടി വന്നാൽ എന്തായിരിക്കും അവസ്ഥ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?​

മാഡിസൺ ഹൈൻസൻ എന്ന യുവതി പങ്കുവച്ചിരിക്കുന്നത് അത്തരമൊരു വിചിത്രമായ അനുഭവമാണ്. മാഡിസണും കുടുംബവും ഇപ്പോൾ താമസിക്കുന്നത് കൺജറിംഗിലെ കഥയ്ക്ക് ആധാരമായ സംഭവങ്ങൾ നടന്ന വീട്ടിലാണ്.

പാരാനോർമൽ ആക്ടിവിറ്റികളെ കുറിച്ച് പഠനം നടത്തുന്നവരാണ് മാഡിസണിന്റെ മാതാപിതാക്കളായ കോറിയും ജനിഫറും. അതുകൊണ്ടാണ് 2019ൽ പാരാനോർമൽ ആക്ടിവിറ്റികൾക്ക് പേരുകേട്ട റോഡ് ഐലൻഡിലെ ഹാരിസ്‌വില്ലയിലെ ഓൾഡ് ആർനോൾഡ് എസ്റ്റേറ്റ് ഇവർ സ്വന്തമാക്കിയത്. ഈ എസ്റ്റേറ്റിലെ ഫാംഹൗസിൽ പ്രേതബാധയുണ്ടെന്ന് പതിറ്റാണ്ടുകൾക്ക് മുമ്പേ കണ്ടെത്തിയിരുന്നു. 1970ൽ ഈ വീട്ടിൽ താമസിക്കാനെത്തിയ പെറോൺ കുടുംബത്തിനുണ്ടായ അനുഭവങ്ങളാണ് കൺജറിംഗ് എന്ന ചലച്ചിത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇവിടെ നടന്ന കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും ചരിത്രം മറച്ചുവച്ചാണ് അന്നത്തെ ഉടമസ്ഥർ പെറോൺ കുടുംബത്തിന് വീട് കൈമാറിയത്. രാത്രികാലങ്ങളിൽ വീട്ടിലെ ലൈറ്റുകൾ അണയ്ക്കരുത് എന്ന നിർദ്ദേശവും വീട്ടുടമസ്ഥൻ ഇവർക്ക് നൽകിയിരുന്നു.

പിന്നീടങ്ങോട്ട് ഭയപ്പെടുത്തുന്ന നിരവധി സംഭവങ്ങളിലൂടെയാണ് പെറോൺ കുടുംബം കടന്നുപോയത്. കിടക്കകൾ തനിയെ അനങ്ങുന്നതും അഴുകിയ മാംസത്തിന്റെ ഗന്ധം പരക്കുന്നതും ചൂല് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് തനിയെ നീങ്ങുന്നതും തുടച്ചു വൃത്തിയാക്കിയ തറയിൽ പൊടികൾ കൂനയായി നിറയുന്നതുമെല്ലാം ഇവിടത്തെ നിത്യസംഭവങ്ങളായിരുന്നു. ഈ വീട്ടിൽ താമസിക്കാൻ തുടങ്ങിയതിനു ശേഷം ഇതിന് സമാനമായ പല അനുഭവങ്ങളും തനിക്ക് ഉണ്ടായതായി മാഡിസൺ പറയുന്നു. വാതിലുകൾ തനിയെ തുറന്ന് അടയുന്നതിന്റെയും ആളുകൾ നടന്നുനീങ്ങുന്നതിന്റെയും വാതിലിൽ ഉച്ചത്തിൽ മുട്ടുന്നതിന്റെയും ശബ്ദം കേൾക്കാറുണ്ട്. ഒരിക്കൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ശിരോവസ്ത്രവും വിടർന്ന പാവാടയും ധരിച്ച ഒരു രൂപം മിന്നിമറയുന്നതും മാഡിസൺ നേരിട്ട് കണ്ടിട്ടുണ്ട്.

ഇതേക്കുറിച്ച് അച്ഛനമ്മമാരുമായി സംസാരിച്ചപ്പോൾ വിവാഹവസ്ത്രം ധരിച്ച ഒരു ആത്മാവിന്റെ രൂപം മുമ്പ് പലരും ഇവിടെ കണ്ടിരുന്നതായാണ് അറിയാൻ കഴിഞ്ഞത്. നാലു ബെഡ് റൂമുകളും രണ്ട് ബാത്ത് റൂമുകളുമുള്ള ഫാംഹൗസ് മൂന്നു കോടി രൂപയ്ക്കാണ് കുടുംബം സ്വന്തമാക്കിയത്. എട്ടര ഏക്കർ എസ്റ്റേറ്റിന് നടുവിലാണ് ഫാംഹൗസ് സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി പാരാനോർമൽ ആക്റ്റിവിറ്റികൾ സംഭവിക്കുന്നുണ്ടെങ്കിലും കുടുംബത്തിലുള്ളവർക്ക് ഇന്നോളം ആപത്തുകൾ ഒന്നും സംഭവിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ മാഡിസൺ പങ്കുവയ്ക്കുന്ന കൺജറിംഗ് വീടിന്റെ ദൃശ്യങ്ങൾക്ക് ആരാധകർ ഏറെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY