
യുപിഐ പണമിടപാടുകൾ കൂടുതൽ വേഗത്തിലാക്കാൻ പുത്തൻ സാങ്കേതികവിദ്യയുമായി നാഷണൽ പേയ്‌മെന്റ്സ് കോർപറേഷൻ (എൻപിസിഐ). ഇനി മുതൽ ഗൂഗിൾ പേ, ഫോൺപേ, ഭീം, ക്രെഡ് തുടങ്ങിയ യുപിഐ ആപ്പുകൾ വഴി പണമയയ്ക്കാൻ യുപിഐ പിൻ ടൈപ്പ് ചെയ്യേണ്ടതില്ല. പകരം വിരലടയാളം നൽകിയാൽ മതിയാകും. 5,000 രൂപ വരെയുള്ള ഇടപാടുകൾക്കാണ് നിലവിൽ പുതിയ സൗകര്യം ലഭ്യമാകുക.
എൻപിസിഐ കഴിഞ്ഞ വർഷം ഈ സംവിധാനം പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്തിടെയാണ് പേയ്‌മെന്റ് ആപ്പുകളിൽ ഇത് സജീവമായി തുടങ്ങിയത്. ഭീം ആപ്പിലാണ് ഈ സേവനം ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്നത്. നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന 70 ശതമാനത്തിലധികം സ്മാർട്ട്‌ഫോണുകളിലും ബയോമെട്രിക് സ്‌കാനിംഗ് സൗകര്യമുള്ളതിനാൽ ഭൂരിഭാഗം ഉപയോക്താക്കൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എന്നാൽ ചില ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാകാൻ അല്പം കൂടി സമയമെടുത്തേക്കാം. യുപിഐ ലൈറ്റ് ഒഴികെയുള്ള സാധാരണ ഇടപാടുകൾക്ക് നിലവിൽ പിൻ നമ്പർ നിർബന്ധമാണ്.
ഫോൺ അൺലോക്ക് ചെയ്യാൻ നിലവിൽ ഫിംഗർപ്രിന്റ് ഉപയോഗിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ ഗൂഗിൾ പേയിൽ ഈ സൗകര്യം സെറ്റ് ചെയ്യാൻ സാധിക്കും. ഇതിനായി ആദ്യം ഗൂഗിൾ പേ ആപ്പ് ഓപ്പൺ ചെയ്ത് വലതുവശത്ത് മുകളിലായി കാണുന്ന നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വശത്തുള്ള പേയ്‌മെന്റ് മെത്തേഡ്‌സ് എന്ന സെക്ഷനിൽ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യേണ്ടതുണ്ട്. അതിനുശേഷം താഴെ കാണുന്ന മാനേജ് ബയോമെട്രിക്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് യൂസ് ഫിംഗർ പ്രിന്റ് ഓർ ഫേസ് ഐഡി എന്നത് ഇനേബിൾ ചെയ്യണം. അവസാനമായി നിങ്ങളുടെ നിലവിലുള്ള യുപിഐ പിൻ ടൈപ്പ് ചെയ്ത ശേഷം വിരലടയാളം നൽകി ഈ പുതിയ ഫീച്ചർ കൺഫേം ചെയ്ത് സജീവമാക്കാവുന്നതാണ്.
ഫോൺ സെറ്റിംഗ്‌സിൽ ഫിംഗർപ്രിന്റ് ലോക്ക് സെറ്റ് ചെയ്യാത്തവരാണെങ്കിൽ, ആദ്യം ഫോൺ സെറ്റിംഗ്‌സിൽ പോയി വിരലടയാളം രജിസ്റ്റർ ചെയ്ത ശേഷമേ ഗൂഗിൾ പേയിൽ ഈ ഫീച്ചർ ഓൺ ചെയ്യാൻ സാധിക്കൂ. ഇനി മുതൽ പണമയയ്ക്കുമ്പോൾ പിൻ നമ്പറിന് പകരം ഫോണിലെ ഫിംഗർപ്രിന്റ് സെൻസറിൽ വിരൽ പതിപ്പിച്ചാൽ സെക്കൻഡുകൾക്കുള്ളിൽ നിങ്ങളുടെ പണമിടപാട് പൂർത്തിയാകും. വിരലടയാളം ഉപയോഗിച്ചുള്ള ഇടപാടായതുകൊണ്ട് ഉപയോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും നിർദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |