SignIn
Kerala Kaumudi Online
Sunday, 08 November 2026 1.16 PM IST

ഗൂഗിൾ പേ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിച്ചോളൂ, അക്കൗണ്ടിലെ പണം നിമിഷനേരംകൊണ്ട് കാലിയാക്കുന്ന പുതിയ തട്ടിപ്പ് എത്തിയിട്ടുണ്ട്

google-pay
പ്രതീകാത്മക ചിത്രം

ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് കാലിയാക്കുന്ന തരത്തിലുള്ള പുതിയ തട്ടിപ്പുകൾ വ്യാപകമാകുന്നു. കരുതിയിരുന്നില്ലെങ്കിൽ ഒരുപാട് ദുഃഖിക്കേണ്ടിവരും. ഉപഭോക്താക്കൾക്ക് ഒരു സംശയവും തോന്നാത്ത രീതിയിലായിരിക്കും തട്ടിപ്പ് നടത്തുന്നത്. പ്ലേസ്റ്റോർ വഴിയല്ലാത്ത തേർഡ് പാർട്ടി ആപ്പുകൾ, അപരിചിത ലിങ്കുകൾ എന്നിവ വഴി ഫോണിന്റെ വിദൂര നിയന്ത്രണം കരസ്ഥമാക്കുന്ന ഹാക്കർമാരാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതും നിയന്ത്രിക്കുന്നതും. ബാങ്ക് ജീവനക്കാരെന്ന വ്യാജേന ഫോൺവിളിച്ച് ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും അങ്ങനെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന രീതിയുമുണ്ട്.

സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ഫോണിൽ സന്ദേശം എത്തി തട്ടിപ്പ് നടത്തുന്നതാണ് ഒരു രീതി. ഫോൺ സാധാരണ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കാതെയായിരിക്കും സിസ്​റ്റം അപ്‌ഡേ​റ്റ് എന്ന് സ്ക്രീനിൽ കാണിച്ചുകൊണ്ടിരിക്കുന്നത്. ഇതുകണ്ട് ഉപഭോക്താവ് ആശയക്കുഴപ്പത്തിലാകുന്ന സമയത്ത് തട്ടിപ്പുകാർ ഫോണിലെ വിവരങ്ങളുടെയും ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ ആപ്പുകളുടെയും പൂർണ നിയന്ത്രണം ഏറ്റെടുക്കും. പിന്നെ അക്കൗണ്ടിലെ പണം പോകുന്ന വഴി മഷിയിട്ടുനോക്കിയാലും അറിയില്ല.

അക്കൗണ്ടിൽ നയാ പൈസ ഇല്ലാത്തവർപോലും തട്ടിക്കപ്പെടും എന്നാണ് അധികൃതർ മുന്നറിയിപ്പുനൽകുന്നത്. ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന തട്ടിപ്പുകാർ ഫോൺ ഉടമയുടെ പേരിൽ വായ്പയോ ക്രെഡിറ്റോ എടുക്കുകയും ആ പണം കൊണ്ടുപോവുകയും ചെയ്യും. ഫോൺ ഉടമയുടെ അക്കൗണ്ടുപേയോഗിച്ച് അരുതാത്ത ഇടപാടുകൾക്ക് പണം കൈമാറുകയും ചെയ്യും.

ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവുന്നതായി സംശയം തോന്നിയാൽ ഉടൻ ഗൂഗിൾ പേ കസ്​റ്റമർ കെയറിലോ ബന്ധപ്പെട്ട യുപിഐ ആപ്പ് ആപ്ലിക്കേഷന്റെ സപ്പോർട്ട് വിഭാഗത്തിലോ ബന്ധപ്പെട്ട് അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്യുകയോ ഇടപാടുകൾ മരവിപ്പിക്കുകയോ ചെയ്യാൻ ആവശ്യപ്പെടുക.ഒട്ടും വൈകാതെവേണം ഇതുചെയ്യാൻ. ഇതിനൊപ്പം അക്കൗണ്ട് വിവരങ്ങൾ സുരക്ഷിതമാക്കാനും സംശയാസ്പദമായ ഇടപാടുകൾ തടയാനും ബാങ്കുകളാേട് ആവശ്യപ്പെടുകയും ചെയ്യണം.

ദേശീയ സൈബർ ഹെൽപ്പ്‌ലൈൻ നമ്പറായ 1930ൽ ഉടൻ വിളിക്കുകയോ അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈ​റ്റ് വഴി പരാതി രജിസ്​റ്റർ ചെയ്യുകയോ ചെയ്യുക. ഒപ്പം പൊലീസിലും പരാതി നൽകണം. അധികം വൈകാതെ ഇക്കാര്യങ്ങൾ ചെയ്താൽ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.


ഫോൺ തനിയെ ഓഫ് ആകുക, ആപ്പുകൾ തുറക്കപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ കണ്ടാൽ ഉടൻ ഇന്റർനെ​റ്റ് കണക്ഷൻ ഓഫ് ചെയ്യുകയോ സിം കാർഡ് ഊരിമാ​റ്റുകയോ ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാം.

English Summary

New scams targeting users of UPI apps, including Google Pay, are becoming increasingly widespread, putting bank accounts at risk. Cybercriminals gain remote access to victims’ phones through third-party apps downloaded outside the Play Store and suspicious links. These scams are carried out in ways that make users unaware of any suspicious activity, allowing hackers to take control of their devices and drain their bank accounts.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOOGLE PAY, GOOGLE PAY ALERT, GPAY USERS, GOOGLE PAY SAFETY, GOOGLE PAY FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE