SignIn
Kerala Kaumudi Online
Monday, 05 October 2026 1.28 PM IST

ചന്ദ്രനിലും കടുത്ത പോരാട്ടം: ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ യുഎസും ചൈനയും റഷ്യയും

nuclear-reactors
പ്രതീകാത്മക ചിത്രം

ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കായി ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ മത്സരവുമായി അമേരിക്കയും ചൈനയും റഷ്യയും. ചാന്ദ്ര താവളങ്ങൾ നിർമിക്കുന്നതിനും, വിഭവങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും, ബഹിരാകാശ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനും ആണവോർജ്ജം നിർണായകമാകുമെന്നാണ് മൂന്നുരാജ്യങ്ങളുടെയും പ്രതീക്ഷ.

2030 ഓടെ ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാനാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം പ്രവർത്തിക്കാൻ കഴിയുന്ന റിയാക്ടർ വികസിപ്പിക്കാൻ നാസ കരാറുകാരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.നാസ നിർദേശിച്ചിരിക്കുന്ന ലൂണാർ റിയാക്ടർ 1 ന് ഏകേദശം 20 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും മനുഷ്യരുടെ സഹായമില്ലാതെ അ‌ഞ്ച് വർഷത്തോളം പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ചൈനയുമായി സഹകരിച്ച് 'സെലീന' എന്ന ചാന്ദ്ര റിയാക്ടർ വികസിപ്പിക്കാനുള്ള പദ്ധതിയിലാണ് ചൈന. 2036ഓടെ പ്രവർത്തനക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ഈ റിയാക്ടറിന് ഏകദേശം 10 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും പത്ത് വർഷത്തോളം സ്വയം പ്രവർത്തിക്കാനും ശേഷിയുള്ളതായിരിക്കുമെന്നാണ് റിപ്പോർട്ട്. ചൈനയുടെ നേതൃത്വത്തിലുള്ള ഭാവി ചാന്ദ്ര ഗവേഷണ കേന്ദ്രങ്ങൾക്ക് വൈദ്യുതി ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

എന്തിനാണ് ചന്ദ്രനിൽ ആണവ റിയാക്ടർ?

ചന്ദ്രനിൽ സ്ഥിരമായ താവളം സ്ഥാപിക്കുന്നതിന് ഒരു വൈദ്യുത സ്രോതസ് ആവശ്യമാണ്. പകൽ സമയങ്ങളിൽ സോളാർ പാനലുകൾക്ക് വൈദ്യുതി നൽകാൻ കഴിയും. എന്നാൽ ചന്ദ്രനിൽ രാത്രി രണ്ടാഴ്ചയിലേറെ നീളുന്നതിനാൽ സോളാർ പാനലുകൾ മാത്രം ഉപയോഗിച്ച് സ്ഥിരമായി വൈദ്യുതി ലഭ്യമാക്കുന്നത് വലിയ വെല്ലുവിളിയാണ്. സൂര്യപ്രകാശമില്ലാത്ത സമയത്തും പ്രവർത്തിക്കാൻ കഴിയുന്ന ആണവ റിയാക്ടറുകൾ ഭാവിയിലെ ചാന്ദ്ര കേന്ദ്രങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

പ്രാരംഭ ഘട്ടത്തിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും ലൂണാർ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനും സൗരോർജവും റേഡിയോ ഐസോടോപ്പ് സംവിധാനങ്ങളുമാണ് അമേരിക്കയും ചൈനയും ലക്ഷ്യമിടുന്നത്. എന്നാൽ ഭാവിയിൽ കൂടുതൽ വലിയ താവളങ്ങൾ നിർമിക്കുമ്പോൾ അതിന് വലിയ തോതിൽ വൈദ്യുതി ആവശ്യമായി വരും.

പ്രധാന ആശങ്ക

ചന്ദ്രനിൽ റിയാക്ടർ സ്ഥാപിക്കുന്നതിൽ ചില സുരക്ഷാവെല്ലുവിളികളുമുണ്ട്. ആണവ റിയാക്ടർ കൊണ്ടുപോകുന്ന റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടാൽ ആണവ റിയാക്ടറുകളിൽ അപകടമുണ്ടാകുകയും റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ പുറത്തേയ്ക്ക് വ്യാപിക്കുകയും ചെയ്തേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary

The US, China, and Russia are competing to establish nuclear reactors on the Moon to support future space missions. They see nuclear power as crucial for building lunar bases, exploring resources, and supporting long-term space operations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOON NUCLEAR POWER, MOON TRANSIT ASTROLOGY, NUCLEAR REACTOR, CHINA US AND RUSSIA, US CHIAN RUSSIA SPACE RACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE