SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.31 PM IST

ട്രെയിൻ യാത്രക്കാർക്ക് ഇരട്ടി മധുരം; വേണാടിന് മുമ്പേ പുതിയ ട്രെയിൻ അനുവദിച്ചതിനൊപ്പം മറ്റൊരു അപ്രതീക്ഷിത സമ്മാനവും

train
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വേണാട് എക്സ്‌പ്രസിലെ വൈകുന്നേരത്തെ തിരക്കേറിയ യാത്രയ്ക്ക് പരിഹാരമായി എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിന് അംഗീകാരം നൽകിയതിനൊപ്പം ജനശതാബ്ദി ട്രെയിനുകളിൽ ബക്കറ്റ് ടൈപ്പ് സീറ്റുള്ള കോച്ചുകൾ ഏർപ്പെടുത്താനുള്ള നടപടികളുമായി റെയിൽവേ.

പുതുതായി അനുവദിച്ച കോച്ചുകളിലെ സീറ്റുകൾ ദീർഘ ദൂരയാത്രയക്ക് യോജിച്ചതല്ലെന്ന് വ്യാപക പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള 16 കോച്ചുകൾ തിരുവനന്തപുരം ഡിവിഷന് കൈമാറിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം-കോഴിക്കാേട് ജനശതാബ്ദിയിലെ കോച്ചുകളാവും ആദ്യം മാറ്റുക. അടുത്ത ഘട്ടത്തിലാവും തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയിലെ സെക്കൻഡ് സിറ്റിംഗ് കോച്ചുകൾ മാറ്റുക.

സാധാരണ ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ നൽകുന്ന തീരെ ചരിവില്ലാത്ത കുത്തനെയുള്ള സീറ്റുകളായിരുന്നു ജനശതാബ്ദിയിലും നൽകിയിരുന്നത്. ഇത് യാത്രക്കാർക്ക് ഒട്ടും സൗകര്യമായിരുന്നില്ല. ഇതിനെതിരെ പല കോണുകളിൽ നിന്നും വ്യാപക പരാതികളും ഉയർന്നിരുന്നു. പുതിയ കോച്ചുകൾ എത്തുന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ചുഫാക്ടറി ജനശതാബ്ദിക്ക് അനുയോജ്യമായ സിറ്റിംഗ് കോച്ചുകൾ നിർമ്മിക്കുന്നത് നിർത്തിയതിനാലാണ് കുത്തനെയുളള സീറ്റുകൾ ആ ട്രെയിനിൽ ഇടംപിടിച്ചത്. ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്നാണ് പുതിയ കോച്ചുകൾ എത്തുന്നത്.

വേണാട് എക്സ്‌പ്രസിലെ വൈകുന്നേരത്തെ തിരക്കേറിയ യാത്രയ്ക്ക് പരിഹാരമായി എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് 10 ദിവസത്തിനകം ആരംഭിക്കാനാണ് നീക്കമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് അറിയിച്ചത്. വൈകിട്ട് ഏകദേശം നാലിന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് വേണാടിന് മുമ്പായി കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലത്തെത്തുന്ന രീതിയിലാണ് സർവീസ് തീരുമാനിച്ചിരിക്കുന്നത്.

വേണാടിന് മുമ്പുള്ള ദീർഘമായ ഇടവേളയാണ് വൈകുന്നേരത്തെ തിരക്കിന് പ്രധാനകാരണം. പുതിയ സർവീസ് വന്നാൽ എറണാകുളം മുതൽ കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം മേഖലകളിലേക്കുള്ള സ്ഥിരംയാത്രക്കാർക്ക് ആശ്വാസമാകും. എറണാകുളം ജംഗ്ഷനിൽ നിന്ന് വേണാട് പുറപ്പെടുന്നത് വൈകിട്ട് 5.20നാണ്.

റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് യാത്രക്കാരുടെ ദുരിതത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ വിശദീകരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഓഫീസിൽനിന്ന് റെയിൽവേ ബോർഡിലേക്ക് നിർദേശം കൈമാറിയതെന്ന് എം.പി അറിയിച്ചു. സർവീസ് ഉടൻ ആരംഭിക്കാൻ ബോർഡ് സതേൺ റെയിൽവേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് നിർദേശം നൽകിയിട്ടുണ്ട്.

English Summary

Railways has approved a new train service on the Ernakulam–Kottayam–Chengannur–Kollam route to ease the evening rush on the Venad Express. It is also taking steps to introduce coaches with bucket-type seats on Jan Shatabdi trains.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VENAD EXPRESS, NEW TRAIN KERALA, KERALA RAILWAY, TRAIN PASSENGERS KERALA, പുതിയ ട്രെയിൻ അനുവദിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE