ആലപ്പുഴ: സംസ്ഥാന ശാസ്ത്രമേളയ്ക്കെത്തുന്ന പ്രതിഭകളെയും അദ്ധ്യാപകരെയും വരവേൽക്കാനൊരുങ്ങി ആലപ്പുഴ. സംഘാടക സമിതി മേളയുടെ നടത്തിപ്പിനായി രൂപീകരിച്ച 19 സബ് കമ്മിറ്രികളുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരത്തോടെ ഒരുക്കങ്ങൾ പൂർത്തിയാക്കും. ഉദ്ഘാടകനായി മുഖ്യമന്ത്രി എത്തിച്ചേരുന്നതിന്റെ ഭാഗമായി പ്രധാനവേദിയിലെ സുരക്ഷാ നടപടികളും ക്രമീകരണങ്ങളും ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും വിലയിരുത്തിവരികയാണ്. എല്ലാവേദികളിലും പന്തലുകൾ ഉൾപ്പെടെ ഒരുക്കങ്ങളെല്ലാം അന്തിമ ഘട്ടത്തിലാണ്. ലൈറ്ര് ആൻഡ് സൗണ്ട്, പബ്ളിസിറ്രി , താമസം, ഭക്ഷണം, റിസപ്ഷൻ തുടങ്ങിയ കമ്മിറ്റികളെല്ലാം ചുമതലകൾ പൂർത്തിയാക്കാനുളള തിരക്കിലാണ്. സംസ്ഥാനത്തെ സ്കൂളുകളിൽ നിന്നായി 5,000 ത്തോളം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്.
മേളയുടെ പ്രചരണാർത്ഥം നാളെ രാവിലെ 9ന് പ്രഗത്ഭ നാട്ടുവൈദ്യൻ ഇട്ടി അച്യുതൻ വൈദ്യരുടെ കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തിൽ നിന്നും പതാകജാഥയും ഹരിത വിപ്ലവ നായകനായിരുന്ന ഡോ.എം.എസ്.സ്വാമിനാഥന്റെ തറവാട്ടിൽ നിന്നും ദീപശിഖറാലിയും ആരംഭിക്കും. ശാസ്‌ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതി ഏർപ്പെടുത്തിയ എഡ്യുക്കേഷൻ മിനിസ്‌റ്റേഴ്‌സ് ട്രോഫിയും ചെങ്ങന്നൂരിൽ നിന്ന് ഇതേസമയം പര്യടനം തുടങ്ങും. സ്വീകരണങ്ങൾക്ക് ശേഷം ദീപശിഖയും പതാകയും ട്രോഫിയും വൈകുന്നേരം മൂന്നരയോടെ നഗരസഭാ ശതാബ്ദി മന്ദിരത്തിലെത്തും. തുടർന്ന് വൈകിട്ട് 4ന് സംഘാടക സമിതി ചെയർമാനും മന്ത്രിയുമായ സജി ചെറിയാൻ ശാസ്‌ത്രോത്സവത്തിന്റെ വിളംബര ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ഘോഷയാത്ര പ്രധാന വേദിയായ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ സമാപിക്കുന്നതിന് പിന്നാലെ മന്ത്രി വി.ശിവൻകുട്ടി മേളയ്ക്ക് തിരി തെളിക്കും.
വേദികളും വിഷയങ്ങളും
സെന്റ് ജോസഫ് സ്കൂൾ: സാമൂഹ്യശാസ്ത്രം, ഐ.ടി
ലിയോ തേർട്ടീന്ത് സ്കൂൾ: ശാസ്ത്രമേള, വൊക്കേഷണൽ എക്സ്പോ, കരിയർ സെമിനാർ, എക്സിബിഷൻ, കരിയർ എന്റർടെയിന്റ്മെന്റ്
ലജ്നത്തുൽ മുഹമ്മദീയ: ഗണിത ശാസ്ത്രമേള
എസ്.ഡി.വി ബോയ്സ് ആൻഡ് ഗേൾസ്: പ്രവർത്തിപരിചയം
20 ബസുകൾ റെഡി
കുട്ടികൾക്ക് താമസമൊരുക്കിയിട്ടുള്ള സ്കൂളുകൾ ഉൾപ്പെടെയുളള കേന്ദ്രങ്ങളിൽ മെത്തയും തലയണയും കയർഫെഡാണ് സംഭാവന ചെയ്തിരിക്കുന്നത്. പത്ത് ജില്ലകളിൽ നിന്നുളള 900 പെൺകുട്ടികൾക്ക് കണിച്ചുകുളങ്ങര ക്ഷേത്രത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ താമസ സ്ഥലത്ത് നിന്ന് മത്സര കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനായി 20 ഓളം സ്കൂൾ ബസുകളും ക്രമീകരിച്ചിട്ടുണ്ട്. കുടിവെള്ളവും സജ്ജമാണ് .
......................
സംഘാടക സമിതി സമിതി ചെയർമാനായ മന്ത്രി സജി ചെറിയാന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഇന്ന് വൈകുന്നേരത്തോടെ മേളയ്ക്ക് ജില്ല സജ്ജമാകും
- ജനറൽ കൺവീനർ, സംഘാടക സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |