ആലപ്പുഴ : ശാസ്ത്രസാങ്കേതിക വിദ്യകളുടെ വളർച്ചയെ അടയാളപ്പെടുത്തിയ സംസ്ഥാന ശാസ്ത്രോത്സവത്തിന് ആലപ്പുഴയിൽ കൊടിയിറങ്ങി. അയ്യായിരത്തോളം വിദ്യാർത്ഥിപ്രതിഭകളാണ് കഴിഞ്ഞ നാലുദിവസങ്ങളിലായി നടന്ന മേളയിൽ സംഗമിച്ചത്. മത്സരത്തിനപ്പുറം ഭാവിയുടെ സാദ്ധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന വിവിധ കണ്ടുപിടുത്തങ്ങൾക്കും ശാസ്ത്രോത്സവം വേദിയായി.
ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം മികച്ച സംഘാടനം മേളയുടെ പ്രത്യേകതയായി. പ്രശസ്ത ശാസ്ത്രജ്‌ഞരുമായി സംവദിക്കാൻ ലഭിച്ച അവസരം വിദ്യാർത്ഥികൾക്ക് വ്യത്യസ്ത അനുഭവമായിരുന്നു. മലപ്പുറത്തിന്റെ തേരോട്ടം മത്സരത്തിലാകെ ദൃശ്യമായിരുന്നു. 1450 പോയിന്റോടെയാണ് മലപ്പുറം ഓവറാൾ ചമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. സ്‌കൂളുകളിൽ 140 പോയിന്റോടെ കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്‌എസ്‌എസ് ഒന്നാമതായി.
ശാസ്‌ത്രമേളയിൽ ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. 121 പോയിന്റോടെ കണ്ണൂർ ഒന്നാമതായി. ഒരു പോയിന്റുമാത്രം പിന്നിൽ പാലക്കാട് (120) ഫിനിഷ് ചെയ്തു. 119 പോയിന്റുമായി കോഴിക്കോട് മൂന്നാമതും തൃശൂർ നാലമതുമായി. 117 പോയിന്റോടെ കോട്ടയമാണ് അഞ്ചാമത്.
സാമൂഹ്യശാസ്‌ത്രമേളയിൽ മലപ്പുറം (144) ഒന്നാമതായി. കോഴിക്കോട് (130), വയനാട് (124), കോട്ടയം (124), എറണാകുളം (122) എന്നിങ്ങനെയാണ് മറ്റ് സ്ഥാനക്കാർ. ഗണിതശാസ്‌ത്രമേളയിൽ മലപ്പുറം (278), കണ്ണൂർ (266), കൊല്ലം (248), പാലക്കാട് (245), കോഴിക്കോട് (245) എന്നിവർ ആദ്യ സ്ഥാനങ്ങളിലെത്തി. ഐ.ടി മേള തൃശൂർ പിടിച്ചെടുത്തു. 140 പോയിന്റോടെയാണ് നേട്ടം. 126പോയിന്റുമായി മലപ്പുറം രണ്ടാമതായി. കണ്ണൂർ (123) മൂന്നാമതും കോഴിക്കോട് (120) നാലാമതും തിരുവനന്തപുരം (103) അഞ്ചാമതുമായി.
പ്രവൃത്തി പരിചയമേളയിൽ മലപ്പുറം 793 പോയിന്റുമായി തിളങ്ങി. കണ്ണൂർ 778 പോയിന്റുമായി രണ്ടാമതും 751 പോയിന്റുമായി പാലക്കാട് മൂന്നാമതും ഫിനീഷ് ചെയ്‌തു. കോഴിക്കോട് (739), തൃശൂർ (731) ജില്ലകൾ നാലുംഅഞ്ചും സ്ഥാനങ്ങളിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |