SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

ആവശ്യത്തിന് മരുന്നില്ല, താളംതെറ്റി വയോമിത്രം

ആലപ്പുഴ: വൃദ്ധർക്കും കിടപ്പുരോഗികൾക്കും വേണ്ടിയുള്ള വയോമിത്രംപദ്ധതി താളം തെറ്റുന്നു. സാമൂഹികനീതി വകുപ്പിന്റെ കീഴിൽ കേരള സാമൂഹ്യ സുരക്ഷാമിഷൻ വഴി 14 വർഷമായി നടപ്പാക്കുന്ന പദ്ധതിയാണ് ആവശ്യത്തിന് മരുന്നും ജീവനക്കാർക്ക് ശമ്പളവുമില്ലാതെ പ്രതിസന്ധിയിലാകുന്നത്.

അറുപത്തിയഞ്ച് വയസ് പിന്നിട്ടവരുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് വയോമിത്രം വഴി നടപ്പാക്കുന്നത്. സൗജന്യ വൈദ്യ സഹായം, മരുന്നുകൾ, സാന്ത്വന പരിചരണം, കൗൺസലിംഗ് എന്നിവ ഇതിന്റെ ഭാഗമാണ്. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി പരിചരണവും നൽകിവരുന്നു. ഒരു ഡോക്ടർ, നഴ്‌സ്, ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്സ് എന്നിവരാണ് ഒരു യൂണിറ്റിലുള്ളത്. രോഗികൾക്ക് സാമ്പത്തികമായും വലിയ ആശ്വാസമാണ് പദ്ധതി വഴി ലഭിച്ചിരുന്നത്.

മരുന്നിന് കടുംവെട്ട്

പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ ഉൾപ്പടെയുള്ള മരുന്നുകൾ പദ്ധതിയിൽ വെട്ടിക്കുറച്ചിട്ടുണ്ട്. മുമ്പ് പ്രതിമാസം ഏഴ് കുപ്പി ഇൻസുലിൻ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്നത് പരമാവധി രണ്ട് കുപ്പിയാണ്. ആസ്മ, ശ്വാസതടസം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഇൻഹേലർ, റോട്ടാക്യാപ്പ് എന്നീ മരുന്നുകളുടെ ലഭ്യതക്കുറവ് രോഗികളെ സാമ്പത്തിക ബാദ്ധ്യതയിലേക്ക് നയിക്കുന്നു. വാർഡുകൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പുകളിൽ സൗജന്യമായി ലഭിച്ചിരുന്ന മരുന്നിന് വേണ്ടി വൃദ്ധരായ രോഗികൾ ആശുപത്രികളിലെത്തേണ്ട സാഹചര്യമാണ്.

മൂന്നുമാസമായി ശമ്പളമില്ല

1.കഴിഞ്ഞ മൂന്നുമാസമായി പദ്ധതിയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് ശമ്പളമില്ല. കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരാണ് ജീവനക്കാർ. പകുതിയോളംപേർ ദിവസവേതനത്തിലുമാണ്

2.നാല് മാസത്തെ കുടിശ്ശിക നിലനിൽക്കേ ആഗസ്റ്റിൽ രണ്ട് മാസത്തെ ശമ്പളം സർക്കാർ നൽകി. തുടർന്നുള്ള മാസങ്ങളിൽ കുടിശികയടക്കം കിട്ടാക്കനിയായി മാറിയ വേതനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജീവനക്കാർ

3.പദ്ധതി വിഹിതം ചുരുക്കിയും ജീവനക്കാരെ കുറച്ചും പ്രശ്നം പരിഹരിക്കാനുള്ള നീക്കം നടക്കുന്നതായി സൂചനയുണ്ട്. ഇതോടെ,​ ജീവനക്കാർ പലരും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. മറ്റൊരു ജോലിക്ക് പോകാനുള്ള സാദ്ധ്യത പോലും നഷ്ടപ്പെട്ടവരാണ് ഇവരിൽ അധികവും

4.കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനങ്ങൾക്ക് തുക നൽകാത്തതിനാൽ പല വാഹനങ്ങളും സേവനം നിർത്തിത്തുടങ്ങി. സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം വയോമിത്രത്തിന് ലഭിച്ചിട്ടില്ല

ശമ്പളം മുടങ്ങുന്നതിലും ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് ഡിസംബർ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനുള്ള ആലോചനയിലാണ്

- വയോമിത്രം ജീവനക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL