SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമായിട്ടും തുറന്നുകൊടുക്കാതെ ട്രാൻസിറ്റ് ഹോം

ആലപ്പുഴ: വിവിധ കേസുകളിൽപ്പെടുന്നവരടക്കമുള്ള വിദേശ വനിതകളെയും കുട്ടികളെയും പാർപ്പിക്കാനുള്ള സംസ്ഥാനത്തെ ആദ്യ വനിതാ ട്രാൻസിറ്റ് ഹോമിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാനായില്ല. ആലപ്പുഴ വലിയകുളത്തെ കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട സ്ഥാപനത്തിലേക്ക് ആവശ്യമായ പൊലീസ് ഗാർഡുകളെ നിയോഗിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വൈകുന്നതാണ് കാരണം. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതും, പാസ്‌പോർട്ട്, വിസ കാലാവധിക്ക് ശേഷവും രാജ്യത്ത് നിയമാനുസൃതമല്ലാതെ തുടരുന്നതും, മറ്റുവിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നവരുമായ വിദേശ വനിതകളെ നിലവിൽ ഗാന്ധിഭവൻ പോലുള്ള സംരക്ഷണ കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. വിവിധ കേസുകളിൽപ്പെട്ട് ജാമ്യം ലഭിച്ച ശേഷവും, ഇത്തരക്കാർക്ക് ജയിലിൽ കഴിയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രാൻസിറ്റ് ഹോം അഥവ തടങ്കൽ കേന്ദ്രം തുടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. വിദേശ പുരുഷന്മാർക്കായി 2022 മുതൽ കൊല്ലം കൊട്ടിയത്ത് ട്രാൻസിറ്റ് ഹോം പ്രവർത്തിക്കുന്നുണ്ട്.

സുരക്ഷ ഉറപ്പാക്കണം

1.വലിയകുളത്തെ ശിശുവികലാംഗ സംരക്ഷണ സദനമാണ് ട്രാൻസിറ്റ് ഹോമായി മാറ്റിയത്. 10 ലക്ഷം രൂപ സാമൂഹ്യനീതി ഡയറക്ടർ അനുവദിക്കുകയും നിർമ്മിതി കേന്ദ്രം മുഖേന നവീകരണം പൂർത്തിയാക്കുകയുമായിരുന്നു

2.കെയർ ഹോമിലുണ്ടായിരുന്ന ആയ, പാചകക്കാരി, താൽക്കാലിക സ്വീപ്പർ തസ്തികകൾ നിലനിർത്തിയിട്ടുണ്ട്. ജീവനക്കാർ എല്ലാ ദിവസവും വന്നു പോകുന്നുമുണ്ട്. ജില്ലാ പ്രൊബേഷൻ ഓഫീസർക്കാണ് മാനേജരുടെ ചുമതല

3.താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വനിതാ പൊലീസ് അടക്കമുള്ളവരെ സ്ഥിരമായി നിയോഗിച്ച ശേഷമേ ട്രാൻസിറ്റ് ഹോമിന്റെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കൂ

4. ജില്ലാ മജിസ്‌ട്രേറ്റ് അദ്ധ്യക്ഷനായ എട്ട് അംഗങ്ങളുള്ള ജില്ലാ മൂല്യനിർണ്ണയ കമ്മിറ്റിയാണ് ട്രാൻസിറ്റ് ഹോമിന്റെ പ്രവർത്തനവും നടത്തിപ്പും വിലയിരുത്തുക. പത്ത് ബെഡ് അടക്കമുള്ള സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്.

മാനുവൽ

നിർദ്ദേശങ്ങൾ

 കിടക്കകളോട് കൂടിയ താമസസൗകര്യം

 മതിയായ ടോയ്ലറ്റുകൾ

 കുടിവെള്ളം

 ജനറേറ്റർ സഹിതമുള്ള വൈദ്യുതി

 ശുചിത്വം

 മെഡിക്കൽ സൗകര്യങ്ങൾ

 ആശയവിനിമയം

 അടുക്കള

 വിനോദ സൗകര്യങ്ങൾ

പൊലീസ് ഗാർഡുകളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടനിറങ്ങും. ഇതോടെ ട്രാൻസിറ്റ് ഹോമിന്റെ പ്രവർത്തനം ആരംഭിക്കാനാകും

-മാനേജർ, ട്രാൻസിറ്റ് ഹോം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL