ആലപ്പുഴ : വേമ്പനാട്ട് കായൽ ഉൾപ്പെടെയുള്ള ജലാശയങ്ങളിലെ മത്സ്യസമ്പത്ത് ഒഴിയാതിരിക്കാൻ ജില്ലയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഫിഷറീസ് വകുപ്പ് നിക്ഷേപിച്ചത് വിവിധ ഇനങ്ങളിലുള്ള മൂന്നുകോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെ. ഒരുകോടിയിലധികം രൂപയാണ് ചെലവഴിച്ചത്. ലഭ്യത കുറയുന്ന മത്സ്യങ്ങളായ കരിമീൻ, കൊഞ്ച്, ചെമ്മീൻ, കാര, കട്ട്‌ള (കാർപ്പ്), കാളാഞ്ചി, കണമ്പ്, കൊഴുവ, അറിഞ്ഞിൽ എന്നിവയാണ് ജലാശയങ്ങളിൽ നിക്ഷേപിച്ചത്.
ഇതിൽ 10 ശതമാനത്തിൽ താഴെ മാത്രമേ നശിക്കാറുള്ളു. 90 ശതമാനവും 'പ്രായപൂർത്തി'യാവുമ്പോൾ ചൂണ്ടയിലോ വലയിലോ കുടുങ്ങി തിരികെ കരയിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മലിനീകരണവും മണലടിഞ്ഞ് കായലിന്റെ ആഴം കുറഞ്ഞതുമാണ് മത്സ്യസമ്പത്തിന്റെ നാശത്തിനിടയാക്കിയത്. കായലിന്റെ വിസ്തൃതി കുറയുകയും ചെയ്തു. അടിത്തട്ടിൽ പ്ലാസ്റ്റിക് അടിയുന്നത് മത്സ്യങ്ങളുടെ നാശത്തിനു കാരണമാകുന്നതായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ് ) ഉൾപ്പെടെയുള്ള ഏജൻസികൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പ്രളയത്തിലും കാലാവസ്ഥ വ്യതിയാനം മൂലമുള്ള വെള്ളപ്പൊക്കത്തിലും ഒഴുകിയെത്തിയ എക്കൽ അടിഞ്ഞ് വേമ്പനാട്ട് കായലിന്റെ ആഴം കുറയുകയായിരുന്നു.
കായലിനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന അരലക്ഷത്തോളം മത്സ്യത്തൊഴികളും അനുബന്ധ തൊഴിലാളികളുമുണ്ട്. ഈ കുടുംബങ്ങൾ നിലവിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്.
കായലിൽ മത്സ്യസമ്പത്ത് കുറഞ്ഞു
ഹൗസ് ബോട്ട് മാലിന്യവും വൻകിട വ്യവസായ സ്ഥുപനങ്ങളിൽ നിന്നൊഴുക്കുന്ന മലിനജലവും ഭീഷണി
ജലവാഹനങ്ങളിൽ നിന്നുള്ള എണ്ണയും കായലിൽ കലരുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുന്നുണ്ട്
പാടശേഖരങ്ങളിൽ നിന്നു രാസവളവും കീടനാശിനിയും കലർന്ന വെള്ളം കായലിലെത്തുന്നതും ഭീഷണിയാണ്
മുമ്പ് വേമ്പനാട്ടു കായലിൽ 250ലേറെ ഇനം നാടൻ മത്സ്യങ്ങളുണ്ടായിരുന്നു
നിലവിൽ വംശനാശഭീഷണിയുള്ള 100ൽ താഴെ ഇനം മത്സ്യങ്ങൾ മാത്രമേയുള്ളൂ
വേമ്പനാട്ടുകായലിന്റെ ആഴം (തണ്ണീർമുക്കം, ആലപ്പുഴ മേഖലകളിൽ)
1930ൽ
8 -9മീറ്റർ
ഇപ്പോൾ
1.6- 4.5മീറ്റർ
മത്സ്യങ്ങളെ നിക്ഷേപിച്ചത്
തുറവൂർ, മുഹമ്മ, തണ്ണീർമുക്കം, ആര്യാട്, മണ്ണഞ്ചേരി, നെടുമുടി, ചമ്പക്കുളം, കാവാലം, നീലംപേരൂർ, ദേവികുളങ്ങര
കായൽ മത്സ്യങ്ങളുടെ ലഭ്യതക്കുറവിനെത്തുടർന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണം.
- സന്തോഷ്, ഉൾനാടൻ മത്സ്യതൊഴിലാളി, പുറക്കാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |