
മാന്നാർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആലപ്പുഴ ജില്ലയുടെ പെരുമ ഉയർത്തി മാന്നാർ നായർ സമാജം സ്കൂൾ വിജയക്കൊടി പാറിച്ചു. പാലക്കാടിനെയും തിരുവനന്തപുരത്തെയും പിന്നിലാക്കി ഹയർ സെക്കൻഡറി വിഭാഗത്തിൽ 95 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ നാടിന്റെ അഭിമാനമായി. സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പിൽ 4-ാം സ്ഥാനവും കരസ്ഥമാക്കി. പത്തൊമ്പത് വിഭാഗങ്ങളിലായി നൂറിലേറെ കുട്ടികളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയ കലാരൂപങ്ങൾ കഴിഞ്ഞ 23 വർഷം തുടർച്ചയായി സംസ്ഥാന തലത്തിൽ എത്തിച്ച് മികച്ച വിജയം നേടിവന്ന ഈ വിദ്യാലയം, ഈ വർഷം നടപ്പാക്കിയ പണിയ നൃത്തം, മംഗലംകളി, ഇരുള നൃത്തം ഉൾപ്പെടെയുള്ള ഗോത്രകലാരൂപങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയത്. കലാ വേദികളിൽ മാത്രമല്ല ശാസ്ത്ര- കായിക - പഠന മികവിലും സംസ്ഥാനത്ത് തന്നെ പ്രഥമ സ്ഥാനത്താണ് നായർ സമാജം സ്കൂൾ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് വാങ്ങുന്ന നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയും അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ വി.മനോജിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി.എ, മാനേജ്മെന്റ് എന്നിവർ ചേർന്ന് കൃത്യമായ ആസൂത്രണ മികവോടെ ഓരോ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിക്കുന്ന തയ്യാറെടുപ്പിന്റെ ഫലമാണ് പഠന, പാഠ്യതര രംഗത്ത് തിളക്കമാർന്ന നേട്ടത്തോടെ തലയുയർത്തി നിൽക്കാൻ കഴിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |