
തിരുവനന്തപുരം: കാപ്പി രാഗത്തിൽ മീവല്ല ഗുണദായ...എന്ന ത്യാഗരാജ കൃതികൾ വയലിനിൽ സംസ്ഥാന കലോത്സവത്തിൽ വായിക്കുമ്പോൾ അപർണ്ണയുടെ കണ്ണുകൾ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ നിറഞ്ഞിരുന്നു. എ ഗ്രേഡ് ഫലം വന്നപ്പോൾ ചുണ്ടുകളിൽ അത് ചെറുപുഞ്ചിരിയായി. ആലപ്പുഴ ഇ.സി.കെ ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും പ്രദീപിന്റെയും അഞ്ജലിയുടെയും മകൾ അപർണ്ണ പ്രദീപ് എട്ടാം ക്ളാസുവരെ സി.ബി.എസ്.ഇ സിലബസായിരുന്നു പഠിച്ചിരുന്നത്.
മൂന്ന് വയസു മുതൽ വയലിൻ അഭ്യസിക്കുന്ന അപർണ്ണയെ മ്യൂസിക് പ്രോഗ്രാം അവതരപ്പിക്കുന്നതിൽ നിന്ന് അധികൃതർ വിലക്കിയതോടെ തന്റെ ജീവനായ വയലിനുമായി അപർണ്ണ സ്കൂളിന്റെ പടിയിറങ്ങി സ്റ്റേറ്റ് സിലബസിൽ എത്തുകയായിരുന്നു. ആദ്യ വർഷം തന്നെ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാനുമായി.
വെസ്റ്റേണും ക്ലാസ്സിക്കുമൊക്കെ അറിയാമെങ്കിലും കർണ്ണാട്ടിക്കാണ് അപർണ്ണയ്ക്ക് ഏറെ പ്രിയം. ആദ്യ വർഷം തന്നെ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയത് ഒരു മധുര പ്രതികാരമായി അപർണ്ണ കാണുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |