
ആലപ്പുഴ : ആലപ്പുഴ ബീച്ച്, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ
അമ്മത്തൊട്ടിലുകൾ സ്ഥാപിക്കാൻ ശിശുക്ഷേമസമിതി സ്വകാര്യ ഏജൻസികളുടെ സഹായം തേടും. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബാങ്കുകളുടെയോ, മറ്റ് ഏജൻസികളുടെയോ സാമൂഹ്യസുരക്ഷ ഫണ്ട് വിനിയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് ശ്രമം. ഒരു കേന്ദ്രത്തിന് 20 ലക്ഷത്തോളം രൂപ ചെലവാകും.
സ്വകാര്യതയില്ലെന്ന ആക്ഷേപത്തെ തുടർന്നാണ് കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിൽ ഓവർഹെഡ് വാട്ടർടാങ്കിന്റെ തെക്കുള്ള ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കുന്നത്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്താണ് രണ്ടാമത്തെ അമ്മത്തൊട്ടിൽ സ്ഥാപിക്കുക. ഗൈനക്കോളജി വാർഡിനോട് ചേർന്നാകും ഇത്. എന്നാൽ, ഇതിനായി സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷം മുമ്പ് ജില്ലാശിശുക്ഷേമ സമിതി, ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും തീരുമാനമുണ്ടായില്ല. അതിനാൽ വീണ്ടും സമീപിക്കാനാണ് തീരുമാനം.
തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അത്യാധുനിക അമ്മത്തൊട്ടിലിന്റെ മാതൃകയിലാവും ജില്ലയിലെയും നിർമ്മാണം. ആര്യോഗ്യമന്ത്രി, ശിശുക്ഷേമസമിതി സെക്രട്ടറി, കളക്ടർ എന്നിവരുടെ ഫോണിൽ സന്ദേശമെത്തുന്ന തരത്തിൽ സെൻസറിംഗ് സംവിധാനത്തോടെയാകും അവ സ്ഥാപിക്കുക.
ചുവപ്പുനാടയിൽ കുരുങ്ങി
കൃഷ്ണതേജ കളക്ടർ ആയിരുന്നപ്പോഴാണ് പുതിയ അമ്മ തൊട്ടിലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്
ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ കൃഷ്ണതേജ ആലപ്പുഴയിൽ നിന്ന് സ്ഥലം മാറിപ്പോയി
കളക്ടർ സ്ഥലം മാറിപ്പോയതോടെ പദ്ധതി അപ്പാടെ ചുവപ്പുനാടയിൽ കുരുങ്ങുകയായിരുന്നു
അമ്മത്തൊട്ടിൽ
ചെലവ്: 20ലക്ഷം
ജില്ലയിൽ) രണ്ടു വർഷത്തിനിടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾ : 17
ശിശുക്ഷേമസമിതി ദത്തുനൽകിയ കുഞ്ഞുങ്ങൾ : 10
കടപ്പുറത്തെ അമ്മത്തൊട്ടിൽ സ്വകാര്യത ഉറപ്പാക്കി ബീച്ചിന്റെ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കണം. അനുമതി ഉറപ്പാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ അമ്മത്തൊട്ടിൽ സ്ഥാപിക്കണം.
- ബേബിപാറക്കാടൻ, ചെയർമാൻ, ഗാന്ധിയൻ ദർശനവേദി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |