
അരൂർ: ഉത്സവത്തിന് ആനയ്ക്ക് പകരം തേര് എഴുന്നള്ളിപ്പ് നടപ്പിലാക്കാൻ അരൂർ ശ്രീകുമാര വിലാസം ക്ഷേത്ര ദേവസ്വം ഭാരവാഹികൾ രംഗത്ത്. വരുന്ന മാസം 4 മുതൽ ഉത്സവത്തിന് ആന എഴുന്നള്ളിപ്പിന് പകരം തേരെഴുന്നള്ളിപ്പ് ആയിരിക്കും നടക്കുന്നത്. ഇതിനായുള്ള തേര് നിർമ്മാണം ക്ഷേത്രാങ്കണത്തിൽ അന്തിമ ഘട്ടത്തിലാണ്.
കഴിഞ്ഞ സപ്താഹ യജ്ഞവേദിയിലെ യജ്ഞാചാര്യന്റെ ഉപദേശപ്രകാരമാണ് ആനയ്ക്ക് പകരക്കാരനായി തേര് എഴുന്നള്ളിപ്പ് എന്ന ആശയത്തിലേയ്ക്ക് ദേവസ്വം ഭാരവാഹികൾ കടന്നത്. ഹൈക്കോടതിയുടെ വിധിയിലെ നൈതികതയും ആനകൾ അനുഭവിക്കുന്ന ദുരവസ്ഥയും അപകടസാദ്ധ്യതയും കണക്കിലെടുത്താണ് ആന എഴുന്നള്ളിപ്പ് പൂർണമായും ഒഴിവാക്കി തേര് നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം പ്രസിഡന്റ് കെ.കെ. വാസവൻ അറിയിച്ചു. കലാകാരനായ ഷൈജു കോട്ടപ്പുറത്തിന്റെ രൂപകല്പന അനുസരിച്ച് 100 ക്യുബിക് ആഞ്ഞിലി തടിയിൽ 15 ലക്ഷം രൂപയോളം ചെലവഴിച്ചാണ് രഥ നിർമ്മാണം പുരോഗമിക്കുന്നത്. അരൂർ ആശാരിപറമ്പിൽ മഹേശൻ ആചാരിയുടെ നേതൃത്വത്തിൽ അഞ്ച് തൊഴിലാളികളാണ് തേര് നിർമ്മാണത്തിന് രംഗത്തുള്ളത്.വൈക്കം സ്വദേശി സദാശിവന്റെ നേതൃത്വത്തിൽ അലങ്കാരപ്പണികൾ ചെയ്ത പിത്തള കൊണ്ട് തേര് പൊതിയുമ്പോൾ തനി തങ്കത്തേരിന് സമാനമായ തിളക്കം ലഭിക്കുമെന്നാണ് പ്രതീക്ഷ. പളനിയിലെ ആചാരങ്ങൾക്കു സമാനമായ രൂപത്തിൽ വിശേഷ ദിവസങ്ങളിൽ തേര് ഉപയോഗിക്കാനാവും. പരമ്പരാഗത വാസ്തു ശില്പകലയിൽ വിദഗ്ദരായ ആചാരി കുടുംബത്തിലെ രാമൻകുട്ടി,ശിവൻ,ശ്രീകുമാർ ,മന്മഥൻ,കണ്ണദാസൻ എന്നിവരാണ് തേര് നിർമ്മാണത്തിൽ മഹേശൻ ആചാരിക്ക് ഒപ്പമുള്ളത്. ഫെബ്രുവരി നാലിന് ഉത്സവ ദിനത്തിൽ പുതിയ തങ്കത്തേര് ഭഗവാന് സമർപ്പിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |