SignIn
Kerala Kaumudi Online
Saturday, 24 October 2026 2.48 AM IST

വെള്ളത്തിലെ വരപോലെ 'സുജലം'പദ്ധതി

ആലപ്പുഴ: റേഷൻകടകൾ വഴി കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം വിൽപ്പനയ്‌ക്കെത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ 'സുജലം' പദ്ധതി അമ്പേ പാളി. പദ്ധതി ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ, ആലപ്പുഴ ജില്ലയിലെ പല താലൂക്കുകളിലും ഇതുവരെ പദ്ധതി ആരംഭിക്കാൻ പോലും സാധിച്ചിട്ടില്ല. ആരംഭിച്ച താലൂക്കുകളിലാകട്ടെ,​ പല റേഷൻ കടകളിലും കെ- സ്റ്റോറുകളിലും ഒരേ ഒരു തവണമാത്രമാണ് കുപ്പിവെള്ളമെത്തിയത്.

കുടിവെള്ളക്ഷാമം രൂക്ഷമായ ആലപ്പുഴ ജില്ലയിൽ റേഷൻ കടകൾ വഴി മിതമായ നിരക്കിൽ കുപ്പിവെള്ളമെത്തിച്ചാൽ വിജയിക്കുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ. സ്റ്റോക്കുകൾ വേഗത്തിൽ വിറ്റഴിക്കപ്പെടുകയും ചെയ്തിരുന്നു. ഇറിഗേഷൻ വകുപ്പ് മുഖേന വിവിധ ഏജൻസികളെ നിയോഗിച്ചാണ് കുപ്പിവെള്ള വിതരണം നടത്തിയിരുന്നത്. ഏജൻസികൾ പിൻവാങ്ങിയതാണ് പദ്ധതി മുടങ്ങാൻ കാരണമെന്നാണ് റേഷൻ വ്യാപാരികളുടെ വിലയിരുത്തൽ.

ഏജൻസികൾ പിൻവാങ്ങിയത് തിരിച്ചടി

1.കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജില്ലയിൽ പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽ മാത്രമാണ് വിതരണത്തിന് ഏജൻസിക്കാരെ ലഭിച്ചിരുന്നത്.

2.തുടർന്ന് പല താലൂക്കുകളിലും പേരിന് മാത്രം പദ്ധതി ആരംഭിച്ചു. ഒരു ലിറ്ററിന്റെ കുപ്പിയിലും, അഞ്ച് ലിറ്ററിന്റെ ക്യാനുകളിലുമായി ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പാക്കാനുള്ള ശ്രമമാണ് ഇതോടെ പാളിപ്പോയത്

3.പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ കീഴിൽ ഉത്പാദിപ്പിക്കുന്ന 'ഹില്ലി അക്വാ' വെള്ളമാണ് വിൽപ്പനയ്ക്കെത്തിച്ചിരുന്നത്

4. പൊതുവിപണിയിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപയായിരിക്കെ പകുതിവിലയ്ക്ക് റേഷൻ കടയിൽ നിന്ന് ലഭ്യമാക്കുന്നതായിരുന്നു പദ്ധതി

കുടിവെള്ളം

കെ- സ്റ്റോറിൽ

ഒരുകുപ്പിക്ക് : 10രൂപ

തണുപ്പിച്ചാൽ : 12

വ്യാപാരികൾക്ക് നൽകുന്നത് :8

താലൂക്കിലെ റേഷൻ കടകളുടെ ലിസ്റ്റ് ഏജൻസികൾ ശേഖരിച്ചെങ്കിലും, പിന്നീട് കുപ്പിവെള്ള വിതരണത്തിന് സജ്ജരായി എത്തിയില്ല

- അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL