ആലപ്പുഴ: ക്യാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' ജനകീയ കാമ്പയിന് ജില്ലയിൽ തുടക്കമായി. ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ പദ്ധതിയുടെയും മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനവും ബോധവത്കരണ പോസ്റ്റർ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി നിർവഹിച്ചു.
കളക്ടറേറ്റിൽ നിന്നാരംഭിച്ച പിങ്ക് വാക്കത്തോൺ കളക്ടർ അലക്സ് വർഗീസ് ഫ്ളാഗ് ഒഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭ അദ്ധ്യക്ഷ കെ.കെ.ജയമ്മ, ഡി.എം.ഒ ജമുനാ വർഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനുവർഗീസ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ കോശി സി.പണിക്കർ തുടങ്ങിയവർ അണിചേർന്നു.
ജെൻഡർ പാർക്കിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് അദ്ധ്യക്ഷയായി. ജില്ലാ കളക്ടർ അലക്സ് വർഗീസ് മുഖ്യാതിഥിയായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ജീവിതശൈലിരോഗ നിയന്ത്രണം) ഡോ. അനു വർഗീസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ എസ്.ആർ.ദിലീപ് കുമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ആനന്ദ് മോഹൻ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ജി.രജനി തുടങ്ങിയവർ സംസാരിച്ചു.
സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയുടെ ബോധവത്‌കരണവും പരിശോധനയും ശക്തിപ്പെടുത്തുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 30 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകളെയും സ്‌ക്രീനിംഗ് നടത്തി ആരോഗ്യ സുരക്ഷ ഉറപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |