ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വയോധികയുടെ ഏഴ് പവന്റെ മാല അപഹരിച്ച് കടന്നുകളയാൻ ശ്രമിച്ച സ്ത്രീ മോഷ്ടാക്കളെ കുടുക്കി കണ്ടക്ടർ. ഇന്നലെ രാവിലെ 8ന് ആലപ്പുഴ ഡിപ്പോയിൽ നിന്ന് ചങ്ങനാശ്ശേരി വഴി പത്തനംതിട്ടയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് മോഷണം നടന്നത്.എ.സി റോഡിൽ കൈതവനയ്ക്കും കൈനകരി ജംഗ്ഷനും ഇടയ്ക്കു വച്ച് യാത്രക്കാരിയായ പത്തനംതിട്ട കോക്കാത്തോട് അരുവാപുരം മണ്ണിൽ വീട്ടിൽ തങ്കമണി അമ്മാളിന്റെ (71) ഏഴ് പവന്റെ മാല രണ്ട് സ്ത്രീകൾ അപഹരിച്ചത്. തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ സുബ്ബമ്മ (35), കണ്ണമ്മ (39) എന്നിവർ കൈതവനയിൽ നിന്ന് ബസി കയറി മങ്കൊമ്പിലേക്കാണ് ടിക്കറ്റാണ് എടുത്തത്. എന്നാൽ, ഇരുവരും സ്റ്റോപ്പ് എത്തും മുമ്പ് പള്ളാത്തുരുത്തിയിൽ ഇറങ്ങി. സംശയം തോന്നിയ ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ അമ്പലപ്പുഴ പായൽക്കുളങ്ങര നന്ദനം വീട്ടിൽ കെ.പ്രകാശ് യാത്രക്കാരോട് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് കഴുലുണ്ടായിരുന്ന മാല നഷ്ടപ്പെട്ട വിവരം തങ്കമണി അമ്മാൾ അറിഞ്ഞത്. ഇതിനകം ബസിറങ്ങി ഓട്ടോറിക്ഷയിൽ കയറിയ പ്രതികളെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് തടഞ്ഞുവച്ച് നെടുമുടി പൊലീസിന് കൈമാറുകയായിരുന്നു. സ്വർണ്ണമാലയും കണ്ടെത്തി. ഇരുവരും കൂടുതൽ കേസുകളിൽ പ്രതികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |