ആലപ്പുഴ : നാല്പതോളം മാലപൊട്ടിക്കൽ കേസുകളിലെ പ്രതിയെ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
എറണാകുളം കാക്കനാട് അമ്പാടി ഗോകുലം വീട്ടിൽ ഇമ്രാൻ ഖാനാണ് (39) അറസ്റ്റിലായത്. ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലെ മാലപൊട്ടിക്കൽ കേസുകളിൽ രണ്ടു വർഷമായി ഒളിവിലായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.45ന് കളപ്പുര ക്ഷേത്രത്തിന് സമീപവും 10മണിക്ക് സിഖ് ജംക്ഷനു സമീപവും മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബർണാർഡ് ജംക്ഷനു സമീപവും രാത്രി നടന്ന മൂന്ന് മാലപൊട്ടിക്കൽ കേസുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി വലയിലായത്. ലഭിച്ച സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു മോഷണക്കേസുകളിലും ഒരാൾ തന്നെയാണെന്ന് വ്യക്തമായിരുന്നു. സഹോദരന്റെ പേരിലുള്ള ആഡംബര സ്‌പോട്സ് ബൈക്കിൽ നമ്പർ പ്ലേറ്റ് മറച്ച് രാത്രി സമയങ്ങളിൽ സഞ്ചരിക്കുകയും ബൈക്കിൽ യാത്ര ചെയ്ത് പോകുന്ന സ്ത്രീകളുടെ സ്വർണമാല അതിവിദഗ്ദമായി പിടിച്ചു പറിക്കുന്നതാണ് ഇമ്രാൻ ഖാന്റെ രീതി. മാരാരിക്കുളം, കുത്തിയതോട് എന്നീ സ്റ്റേഷൻ പരിധികളിൽ സമാന രീതിയുള്ള മാലപൊട്ടിക്കൽ കേസുകളിലും മറ്റ് ജില്ലകളിലെ സമാനമായ മാലപൊട്ടിക്കൽ കേസുകളിലും ഇയാൾക്ക് ചങ്കുള്ളതായി സംശയിക്കുന്നുണ്ട്.
ഡിവൈ.എസ്.പി എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിൽ നോർത്ത് സി.ഐ എം.കെ.രാജേഷ്, എസ്.ഐ കെ.ജെ.ജേക്കബ്, പ്രൊബേഷനറി എസ്.ഐ പി.ജി.കൃഷ്ണലാൽ, എസ്.ഐമാരായ ടി.ഡി. നെവിൻ, മോഹൻകുമാർ, എ. സുധീർ, സീനിയർ സി.പി.ഒമാരായ എൻ.എസ്. വിഷ്ണു, എസ്.ഗിരീഷ്, സി.പി.ഒമാരായ ആർ ശ്യാം, ബിനോയി ജോർജ്, അഗസ്റ്റിൻ ലോറൻസ്, പി.കെ.സുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |