ആലപ്പുഴ: വാടയ്ക്കൽ കല്ലുപുരയ്‌ക്കൽ വീട്ടിൽ ദിനേശന്റെ മരണം
കൊലപാതകമെന്ന നിഗമനത്തിലെത്താൻ പൊലീസിനെ സഹായിച്ചത്
കെ.എസ്.ഇ.ബിയുടെ വേഗത്തിലുള്ള ഇടപെടൽ. ദിനേശന്റെ മരണം ഷോക്കേറ്റാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതോടെ
പൊലീസ് വിവരം പുന്നപ്ര കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽ നിന്ന് മൂന്നും പുന്നപ്ര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയറും ഉൾപ്പെട്ട ഏഴ് അംഗ സംഘം സ്ഥത്തെത്തി. പ്രതി കിരണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ
അടക്കളയുടെ പിൻഭാഗത്തെ പറമ്പിൽ ഒരടിയോളം നീളമുള്ള ഇരുമ്പിന്റെ പട്ടക്കഷണം സംഘം കണ്ടെത്തി. 'എൽ' ആകൃതിയിൽ വെൽഡ് ചെയ്ത് കൂട്ടി യോജിപ്പിച്ച പട്ടയിൽ ഇലക്ട്രിക് വയർ ഘടിപ്പിച്ചിരുന്നു.
അടുക്കളയിലെ സോക്കറ്റിൽ നിന്നാണ് ഇതിലേയ്ക്ക് വൈദ്യുതി പ്രവഹിപ്പിച്ചത്. രാത്രി വീടിന്റെ പിന്നിലെത്തിയ ദിനേശനെ ഇത് ഉപയോഗിച്ചാണ് ഷോക്കടിപ്പിച്ചതെന്ന് കിരൺ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.
കൃത്യം നടക്കുന്ന സമയത്ത് വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടാതിരിക്കാൻ മൂന്ന് ചെമ്പ് കമ്പികൾ കൂട്ടിച്ചേർത്ത് ഫ്യൂസ് കെട്ടിയിരുന്നതായും പരിശോധയിൽ വ്യക്തമായി. ഷോക്കേറ്റ് വീണ
ദിനേശന്റെ മരണം ഉറപ്പാക്കാൻ കോയിൽ പോലുള്ള ഉപകരണം ദേഹത്ത് ഘടിപ്പിച്ച് വീണ്ടും വൈദ്യുതി പ്രവഹിപ്പിച്ചതായും കിരൺ പൊലീസിനോട് പറഞ്ഞു.
വീട്ടിലെ കട്ടിലിനു താഴെ ഏതു നിമിഷവും വൈദ്യുതി പ്രവഹിപ്പിക്കാൻ കഴിയുംവിധത്തിൽ വയർ സജ്ജീകരിച്ചിരുന്നതായും സംഘം കണ്ടെത്തി. കൂടാതെ ഫ്രിഡ്ജ്, മോട്ടോർ എന്നിവയ്ക്ക് അനധികൃതമായി നേരിട്ട് വൈദ്യുതി എടുത്തിരുന്നതായും കണ്ടെത്തി. ഇതോടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |