SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

ബോട്ട് സർവീസുകൾ നാളെ മുതൽ മാതാ ജെട്ടിയിൽ നിന്ന്

photo

ആലപ്പുഴ : ജില്ലാ കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നിന്നുള്ള യാത്രാബോട്ട് സർവീസുകൾ നാളെ മുതൽ താൽക്കാലിക ജെട്ടിയിൽ (മാതാ ജെട്ടി) നിന്ന് ആരംഭിക്കും. ഇതിന് മുന്നോടിയായി കൺട്രോളിംഗ് ഓഫീസിന്റെ പ്രവർത്തനം മാതാജെട്ടിയിൽ ഇന്ന് ആരംഭിക്കും. ഓഫീസ് ഫർണീച്ചറുകളും ഇന്ന് താൽക്കാലിക ജെട്ടിയിലേക്ക് മാറ്റും.

സർവീസിന് തടസം സൃഷ്ടിക്കാതിരിക്കാൻ മാതാ ജെട്ടിമുതൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം വരെയുള്ള ഭാഗത്ത് ഹൗസ്ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ, മോട്ടോർ ബോട്ടുകളുടെ പാർക്കിംഗ് എന്നിവ ഒഴിവാക്കാൻ ജലഗതാഗത വകുപ്പ് പോർട്ട് ഓഫീസർക്ക് കത്തു നൽകി. നവീകരണത്തിന്റെ ഭാഗമായി ബോട്ട് ജെട്ടിയുടെ പ്രവർത്തനം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് കിഴക്കുള്ള താൽക്കാലിക ജെട്ടിയിലേക്ക് അടിയന്തരമായി മാറ്റാണമെന്ന് പത്ത് ദിവസം മുമ്പാണ് കേരള റോഡ് ഫണ്ട് ബോർഡ് ജലഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടത്. മൂന്നു ദിവസത്തിനുള്ളിൽ മാറ്റാമെന്ന് പറഞ്ഞിരുന്നെങ്കിലും വകുപ്പിന്റെ അനുമതി വൈകിയതാണ് കാലതാമസത്തിന് കാരണമായത്. കുടിവെള്ളം, വൈദ്യുതി, ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ മാതാജെട്ടിയോട് ചേർന്നാകും താൽക്കാലിക ജെട്ടി പ്രവർത്തിക്കുക. ജെട്ടിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ പഴയ പൊലീസ് കൺട്രോൾ റൂമിന് സമീപം കനാലിന് കുറുകേ ബണ്ട് നിർമ്മാണം ആരംഭിക്കും. ബണ്ട് നിർമ്മിച്ച് ഗതാഗതം തിരിച്ചുവിട്ടാൽ മാത്രമേ വാടക്കനാലിന്റെ വടക്കേക്കരയിൽ കോടതി പാലം മുതൽ കിഴക്കോട്ട് പുന്നമട ഭാഗത്തേക്കുള്ള മേൽപ്പാലത്തിന്റെ പൈലിംഗ് ആരംഭിക്കുകയുള്ളൂ.

വ്യാപാരികളുടെ കേസ് 17ന്

കോടതിപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഒഴിപ്പിക്കലിനെതിരെ വ്യാപാരികൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ അന്തിമ തീർപ്പാക്കൽ ഉത്തരവ് വൈകുന്നു. നഷ്ടപരിഹാരം പുനരധിവാസവും ആവശ്യപ്പെട്ട് സർക്കാർ പുറമ്പോക്കിലുള്ള 16കടക്കാരാണ് ഹർജിനൽകിയത് .ഇതിന് പുറമേ പാലത്തിന് പടിഞ്ഞാറുഭാഗത്തുള്ള വ്യാപാരികൾ നൽകിയ രണ്ടാമത്തെ കേസിലും വിചാരണ പൂർത്തീകരിച്ചു. കേസ് 17ന് ഹൈക്കോടതി പരിഗണിക്കും


കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് കിഴക്കുള്ള താൽക്കാലിക ബോട്ട് ജെട്ടി പ്രവർത്തനം ആരംഭിക്കുന്നതോടെ താൽക്കാലിക ബണ്ട് നിർമ്മാണം ആരംഭിക്കും. വ്യാപാരികളുടെ ഹർജിയിൽ ഇന്ന് തീർപ്പ് ഉണ്ടായാലുടൻ ജില്ലാക്കോടതിപ്പാലത്തിന്റെ ഇരുകരകളിലെയും മേൽപ്പാലത്തിന്റെ പൈലിംഗ് വേഗത്തിൽ പൂർത്തീകരിക്കും

- ജയകുമാർ, അസി.എൻജിനിയർ, കെ.ആർ.എഫ്.ബി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL