ആലപ്പുഴ: 'ആരോഗ്യം ആനന്ദം' ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലയിൽ ആദ്യ പത്ത് ദിവസത്തിനുള്ളിൽ കാൻസർ പരിശോധനാ സ്ക്രീനിംഗിന് വിധേയരായത് 11000ത്തിലധികം സ്ത്രീകൾ. സമൂഹത്തിലെ അസംഘടിത മേഖലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30നും 65 വയസിനും ഇടയിലുള്ള സ്ത്രീകളെയാണ് ആദ്യഘട്ടത്തിൽ ബോധവത്കരണത്തിനും പരിശോധനയ്ക്കും വിധേയരാക്കുന്നത്. സ്ക്രീനിംഗിൽ രോഗസാദ്ധ്യത കണ്ടെത്തുന്നവരെ വിവിധഘട്ടങ്ങളിലെ ഉപരിതല പരിശോധനകൾക്ക് വിധേയരാക്കും. ബി.പി.എൽ വിഭാഗത്തിന് ചികിത്സ സൗജന്യമാണ്. എ.പി.എൽ വിഭാഗത്തിലുള്ളവർക്കും ബോധവത്ക്കരണം നൽകും.
ആലപ്പുഴ ജനറൽ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളാണ് സ്ക്രീനിംഗ് കേന്ദ്രങ്ങൾ.
ആലപ്പുഴ രണ്ടാം സ്ഥാനത്ത്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽപേർ സ്ക്രീനിംഗിന് വിധേയരായ ജില്ലയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ആലപ്പുഴ.കൊല്ലമാണ് ഒന്നാം സ്ഥാനത്ത് (15000പേർ).
വിവിധ തൊഴിലിടങ്ങളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തിയാണ് ബോധവത്ക്കരണം നൽകുന്നത്
സ്ക്രീനിംഗിൽ നിന്ന് രോഗസാദ്ധ്യത സംശയിക്കപ്പെടുന്നവരെ മെഡിക്കൽ ഓഫീസറുടെ സ്ക്രീനിംഗിന് വിധേയമാക്കും
ഓരോ മേഖലയിലും തിരഞ്ഞെടുക്കപ്പെട്ട ഹബ്ബുകളിലാണ് പരിശോധന നടത്തുക
ബയോപ്സി, സ്കാനിംഗ് തുടങ്ങി ഓരോ രോഗിക്കും ആവശ്യമുള്ള തുടർചികിത്സ ഉറപ്പാക്കും
ഫെബ്രുവരി നാലിന് ആരംഭിച്ച സ്ക്രീനിംഗ് ക്യാമ്പയിൻ മാർച്ച് എട്ട് വരെ നീണ്ടുനിൽക്കും.
ജില്ലയിൽ ഇതുവരെ
പരിശോധനയ്ക്ക് വിധേയരായ സ്ത്രീകൾ : 11000
സ്താനാർബുദ സാദ്ധ്യതസംശയിക്കുന്നവർ: 187
സെർവിക്കൽ ക്യാൻസർ സാദ്ധ്യത സംശയിക്കുന്നവർ :130
രോഗസാദ്ധ്യതയുള്ളവർക്ക് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കാനാകും. കാമ്പയിനോട് സ്ത്രീകൾ അനുകൂല മനോഭാവമാണ് പുലർത്തുന്നത്
- ജില്ലാ ആരോഗ്യ വിഭാഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |