SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

റിസോർട്ടിന്റെ മതിൽ പൊളിച്ച സംഭവം, എച്ച്.സലാം എം.എൽ.എയ്ക്ക് എതിരേ ജാമ്യമില്ലാക്കേസ്

ആലപ്പുഴ: റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സ്വകാര്യ റിസോർട്ടിന്റെ മതിൽപൊളിച്ച സംഭവത്തിൽ അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം ഉൾപ്പെടെ നാലു പേർക്കെതിരെ സൗത്ത് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തത്. പള്ളാത്തുരുത്തി സന്ധാരി റിവേഴ്സ് ക്യാപ്സ് എന്ന റിസോർട്ടിന്റെ ഓപ്പറേഷൻസ് മാനേജർ വിനോബ് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പൊതുമരാമത്ത് വകുപ്പ് അസി.എൻജിനിയർ ബിനു, കരാറുകാരൻ ജോളി, തിരിച്ചറിയാൻ കഴിയുന്ന ഒരാൾ എന്നിവരാണ് മറ്റു പ്രതികൾ. ഭാരതീയ ന്യായ സംഹിതയിലെ 329(3), 324(5), 3(5) വകുപ്പുകൾ പ്രകാരമാണ് കേസ്. ഇക്കഴിഞ്ഞ ഡിസംബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആലപ്പുഴ നഗരസഭയിലെ കളർകോട് ഡിവിഷനിൽപ്പെട്ട പള്ളാത്തുരുത്തിയിൽ നിന്ന് വലിയപറമ്പ് ഭാഗത്തേക്കുള്ള 550 മീറ്റർ റോഡ് നാലുമീറ്റർ വീതിയിൽ നവീകരിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 1.87 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, സ്വകാര്യ റിസോർട്ടിന്റെ മതിൽ പൊളിച്ചുമാറ്റിയാലേ റോഡ് വീതി കൂട്ടാൻ കഴിയുമായിരുന്നുള്ളു. റിസോർട്ടുകാരുമായി എം.എൽ.എ പലതവണ ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. അതിനിടെ ദേവസ്വംകരി പാടശേഖരത്തിലെ മോട്ടോർ പുരയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാനായി മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നു. അതിനു തടസമായി നിന്ന മതിൽ എം.എൽ.എയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. റിസോർട്ട് വക ഭൂമിയിൽ അതിക്രമിച്ച് കയറി മതിൽ പൊളിച്ചുനീക്കുകയും പൈപ്പ് ലൈൻ ഉൾപ്പെടെ ഉപകരണങ്ങൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിസോർട്ട് ഉടമ ഹൈക്കോടതിയെ സമീപിച്ചത്. പൊതുവഴി കൈയേറി സ്ഥാപിച്ച മതിൽ റോഡ് നിർമ്മാണത്തിനായി പൊളിച്ചുനീക്കിയ എം.എൽ.എയ്ക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL