SignIn
Kerala Kaumudi Online
Saturday, 24 October 2026 5.57 AM IST

മനുവിന്റെ വിരൽതുമ്പിൽ വിരിയും കൗതുകമുണർത്തും കഥാപാത്രങ്ങൾ

manu

ആലപ്പുഴ: നഴ്സറി ക്ളാസിൽ 'അ'എന്നെഴുതാൻ പറഞ്ഞപ്പോൾ വരച്ചത് ആനയെ. തുമ്പിക്കൈയുയർത്തി നിന്ന ആനയെ കണ്ട കുട്ടികൾക്കും ടീച്ചർക്കുമുണ്ടായ ആശ്ചര്യത്തിൽ നിന്നാണ് മനു തിരുവല്ലയെന്ന ആർട്ടിസ്റ്റിന്റെ പിറവി. തുമ്പിക്കൈയും തൂവെള്ളക്കൊമ്പും മുറംപോലെ ചെവിയും ചൂലുപോലെ വാലും ഉരലുപോലെകാലുമുള്ള ആന കുരുന്നുകണ്ണുകളിലുണ്ടാക്കിയ കൗതുകമാണ് മുപ്പതിൽപ്പരം വർഷങ്ങൾക്കിപ്പുറം മനുവിനെ കുട്ടികളുടെ പ്രിയപ്പെട്ട ചിത്രകാരനാക്കിയത്. ടോം ആന്റ് ജെറിയും മിക്കി മൗസും സ്കൂബിഡൂവും ഡോറയുമുൾപ്പെടെ ഡസൻകണക്കിന് കുട്ടിക്കഥാപാത്രങ്ങളാണിപ്പോൾ മനുവിന്റെ കൂട്ടുകാർ. വീടുകളിൽ കുട്ടികളുടെ മുറികളിലും സ്കൂളുകളുടെയും ക്ളാസ് റൂമുകളുടെയും ചുവരുകളിലും കുഞ്ഞുകൂട്ടുകാരായി ഇവർ കുട്ടികളോട് സല്ലപിക്കും. നഴ്സറി ക്ളാസിൽ വരയ്ക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞ ടീച്ചറാണ് മനുവിനെ വരയുടെയും വർണങ്ങളുടെയും ലോകത്തേക്ക് കൈപിടിച്ചത്. മാതാപിതാക്കളായ തിരുവല്ല കാനാവിൽ വീട്ടിൽ പരേതരായ യോഹന്നാനും അന്നമ്മയും മകന്റെ അഭിരുചിയ്ക്കനുസരിച്ച് ചിത്രകലാപഠനത്തിനയച്ചു. കളർ പെൻസിലുകളും, ജലചായങ്ങളും ബ്രഷും ഡ്രോയിംഗ് ബുക്കുമെല്ലാം വാങ്ങി നൽകിയതോടെ വരയുടെയും വർണങ്ങളുടെയുമായി ലോകം കുറച്ചുകൂടി വികസിച്ചു. സ്കൂൾ തല മത്സരങ്ങളിൽ സമ്മാനങ്ങൾ വാരികൂട്ടി. മാവേലിക്കര ഫൈനാർട്സിൽ നിന്നുൾപ്പെടെ കലാപഠനം കഴിഞ്ഞതോടെ വിരലുകൾ വിസ്മയം തീർത്ത മനു പതിനായിരത്തിലധികം ചിത്രങ്ങളാണ് വരച്ചുകൂട്ടിയത്.

ആയിരത്തോളം ചുവരുകൾ

ലോക്ക് ഡൗൺ കാലത്ത് കുട്ടികൾ ഓൺലൈനിൽ മുഴുകിയതാണ് കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിച്ചത്. മനസിലെ കഥാപാത്രങ്ങൾ ബാഗുകളിലും നോട്ട് ബുക്കിലും വാട്ടർ ബോട്ടിലുകളിലും ഇടംപിടിച്ചപ്പോൾ വീട്ടകങ്ങൾക്കും സ്കൂൾ ചുമരുകളും ഇവർ സ്വീകാര്യരായത്. ഇതോടെ മനുവും കുട്ടിക്കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്ന മികവുറ്റ കലാകാരനായി. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ആയിരത്തോളം ചുവരുകളിൽ മനുവിന്റെ കാർട്ടൂൺ കഥാപാത്രങ്ങളും കാരിക്കേച്ചറുകളും അനിമേഷനുകളും ഇടം പിടിച്ചു.

വാൾ ആർട്ട് ഡിസൈനുകൾ വേറെ. ചിത്രകാരനെന്നതിലുപരി വിഷ്വൽ ഡയറക്ടർ, സംഗീത സംവിധായകൻ, അവതാരകൻ,അഭിനേതാവ് , മിമിക്രി,ഫോട്ടോഗ്രാഫി രംഗങ്ങളിലും മനുസജീവമാണ്. കായംകുളം കേന്ദ്രീകരിച്ച് കുട്ടികൾക്കായി മിന്നാമിന്നിക്കൂട്ടം, ചിത്രശലഭങ്ങൾ, സർഗവസന്തമെന്ന ഡോക്യുമെന്ററി എന്നിവയും മനുവിന്റെ കൈയ്യൊപ്പ് പതിഞ്ഞവയാണ്. ലഹരിക്കും ഇന്റർനെറ്രിനും അടിമപ്പെടാതെ കുട്ടികൾക്ക് ബുദ്ധിവികാസത്തിനും വിനോദത്തിനും ഉതകുന്ന പുതിയ വിനോദപരിപാടിയുടെ ആസൂത്രണത്തിലാണ് ഇപ്പോൾ മനു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL